ഇവാന ട്രംപിന്റെ സംസ്‌കാരം ന്യൂയോര്‍ക്കിലെ കത്തോലിക്കാ ദേവാലയത്തില്‍

ഇവാന ട്രംപിന്റെ സംസ്‌കാരം ന്യൂയോര്‍ക്കിലെ കത്തോലിക്കാ ദേവാലയത്തില്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ഭാര്യ ഇവാന ട്രംപിന്റെ സംസ്‌കാരം ന്യൂയോര്‍ക്കില്‍ കത്തോലിക്കാ ദേവാലയത്തില്‍ ബുധനാഴ്ച്ച നടക്കും.

കഴിഞ്ഞ 14-ന് 73-ാം വയസില്‍ മാന്‍ഹട്ടനിലെ വീടിന്റെ കോണിപ്പടിയില്‍നിന്നു വീണാണ് ഇവാന ട്രംപിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അപകട മരണമാണെന്നാണ് ന്യൂയോര്‍ക്ക് സിറ്റി ചീഫ് മെഡിക്കല്‍ എക്‌സാമിനര്‍ കണ്ടെത്തിയത്. മരണത്തിന് മുന്‍പായി ഇവാനയ്ക്ക് ഇടുപ്പിന് വേദനയുണ്ടായിരുന്നതായും നടക്കാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നതായും ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വീഴ്ച്ചയിലേറ്റ പരിക്കാണ് മരണകാരണമായത്.

മാന്‍ഹട്ടനിലെ വീടിന് സമീപമുള്ള ചരിത്രപ്രസിദ്ധമായ സെന്റ് വിന്‍സെന്റ് ഫെറര്‍ കത്തോലിക്ക പള്ളിയിലാണ് ഇവാനയുടെ സംസ്‌കാരച്ചടങ്ങ് നടക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കുമെന്നാണ് സൂചന.


സെന്റ് വിന്‍സെന്റ് ഫെറര്‍ കത്തോലിക്ക പള്ളി

ഫാഷന്‍ ഡിസൈനറും എഴുത്തുകാരിയും വ്യവസായിയും മുന്‍ മോഡലുമായ ഇവാന ട്രംപിന്റെ വിശ്വാസ ജീവിതത്തെക്കുറിച്ച് ഏറെയൊന്നും പുറംലോകം അറിഞ്ഞിട്ടില്ല. ചെക്കോസ്ലോവാക്യയില്‍ 1949-ല്‍ ജനിച്ച ഇവാനയുടെ മാതാപിതാക്കള്‍ കത്തോലിക്കാ വിശ്വാസികളായിരുന്നുവെന്നും അക്കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാന്‍ വിസമ്മതിച്ചതായും ജീവിത രേഖകളിലുണ്ട്.

50 വര്‍ഷത്തിലേറെയായി ട്രംപും ഇവാനയും ന്യൂയോര്‍ക്ക് സിറ്റിയിലെ മാര്‍ബിള്‍ കൊളീജിയറ്റ് ചര്‍ച്ചില്‍ ഞായറാഴ്ച ശുശ്രൂഷകളില്‍ പങ്കെടുത്തിരുന്നു. 1977-ല്‍ ഇവിടെ വച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ട്രംപിന്റെ ബിസിനസ് വളര്‍ച്ചയില്‍ നിര്‍ണായക പങ്കാണ് ഇവാന വഹിച്ചത്. 1992-ല്‍ ദമ്പതികള്‍ വിവാഹമോചനം നേടി. ഡോണാള്‍ഡ് ട്രംപ് ജൂനിയര്‍, ഇവാങ്ക, എറിക് എന്നിങ്ങനെ മൂന്ന് മക്കളാണ് ഇരുവര്‍ക്കുമുള്ളത്.

വിവാഹമോചനത്തിനു ശേഷം സമീപവര്‍ഷങ്ങളായി ഇരുവരും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.