നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ രണ്ടു കത്തോലിക്കാ വൈദികരില്‍ ഒരാളെ കൊലപ്പെടുത്തി

നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ രണ്ടു കത്തോലിക്കാ വൈദികരില്‍ ഒരാളെ കൊലപ്പെടുത്തി

കടുന: ക്രൈസ്തവരുടെ ചോര വീണു കുതിര്‍ന്ന നൈജീരിയയില്‍ കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയ രണ്ടു കത്തോലിക്കാ വൈദികരില്‍ ഒരാളെ കൊലപ്പെടുത്തി. മോചനദ്രവ്യം ആവശ്യപ്പെട്ട് സായുധ കവര്‍ച്ചാ സംഘം ഫാ. ജോണ്‍ മാര്‍ക്ക് ചീറ്റ്‌നം, ഫാ. ഡൊണാറ്റസ് ക്ലിയോപാസ് എന്നിവരെയാണ് കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകുന്നേരം തട്ടിക്കൊണ്ടുപോയത്.
ഇതില്‍ ഫാ. ജോണ്‍ മാര്‍ക്ക് ചീറ്റ്‌നം ആണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ഫാ. ഡൊണാറ്റസ് ക്ലിയോപാസ് രക്ഷപ്പെട്ടു.

കഫഞ്ചാന്‍ രൂപതയാണ് വൈദികന്റെ മരണവാര്‍ത്ത പുറത്തുവിട്ടത്.
ഫാ. ജോണിന്റെ സംസ്‌കാരം നാളെ കഫഞ്ചാന്‍ സെന്റ് പീറ്റര്‍ കത്തീഡ്രലില്‍ നടക്കും.

കടുന സംസ്ഥാനത്തെ ലെറെ പട്ടണത്തിലെ ക്രിസ്തുരാജ കത്തോലിക്ക പള്ളിയില്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. വൈദികരുടെ മോചനത്തിനായി പ്രാര്‍ഥിക്കണമെന്ന് വിശ്വാസികളോട് കഫഞ്ചാന്‍ കത്തോലിക്കാ രൂപത ചാന്‍സലര്‍ ഫാ. ഇമ്മാനുവല്‍ അഭ്യര്‍ഥിച്ചിരുന്നു. ഫാ. ജോണിന്റെ മരണവാര്‍ത്ത ഏറെ ദുഖത്തോടെയാണ് രൂപതാംഗങ്ങള്‍ ശ്രവിച്ചത്.

എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് എന്ന കാത്തോലിക്ക സന്നദ്ധ സംഘടനയുടെ കണക്കുകള്‍ പ്രകാരം ജൂലൈയില്‍ ഇതുവരെ ഏഴു കത്തോലിക്കാ പുരോഹിതരെയെങ്കിലും നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ രാജ്യത്ത് 20 ക്രൈസ്തവ വൈദികരെയാണ് കൊള്ളക്കാരും തീവ്രവാദികളും തട്ടിക്കൊണ്ടുപോയത്. മോചനദ്രവ്യം ആവശ്യപ്പെട്ട് ആളുകളെ തട്ടിക്കൊണ്ടുപോകുന്നത് നൈജീരിയയില്‍ പതിവായിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.