വര്‍ണവിവേചനത്തെ തോല്‍പിച്ച ചന്ദ്രദൗത്യത്തിലെ നക്ഷത്രങ്ങള്‍

വര്‍ണവിവേചനത്തെ തോല്‍പിച്ച ചന്ദ്രദൗത്യത്തിലെ നക്ഷത്രങ്ങള്‍

അറിയാം, ചന്ദ്രയാന കഥയിലെ 'കറുത്ത കരങ്ങളെ' - രണ്ടാം ഭാഗം

ചന്ദ്രദൗത്യത്തിന്റെ ഏടുകള്‍ പിന്നോട്ടു മറിച്ചാല്‍ നമ്മെ വിസ്മയിപ്പിച്ച, അത്ഭുതപ്പെടുത്തിയ, പ്രചോദനമേകിയ ഒട്ടേറെ വ്യക്തിത്വങ്ങളെ കാണാനാകും. വംശീയ അവഗണനകളും വര്‍ണ വിവേചനവും പൊതുവേ പുരോഗമനപരമെന്ന് കരുതുന്ന അമേരിക്കയുടെ ചരിത്രത്തെ ഇരുണ്ട യുഗത്തിലേക്ക് തള്ളിയിട്ട കാലം. അവിടെയാണ് നാസ വിപ്ലവകരമായ തീരുമാനങ്ങളോടെ ഭൂമിയിലും ആകാശത്തും ചരിത്രപരമായ മുന്നേറ്റത്തിന് തുടക്കമിട്ടത്.

ബഹിരാകാശത്ത് ആധിപത്യം ഉറപ്പിക്കുമെന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുടെ പ്രഖ്യാപനം ചന്ദ്രദൗത്യത്തിന്റെ വിജയത്തിലൂടെ എട്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിച്ചു കൊടുത്തു നാഷണല്‍ എയറോനോട്ടിക്സ് ആന്‍ഡ് സ്പേസ് അഡ്മിനിസ്ട്രേഷന്‍ എന്ന നാസ. അതിനു ചുക്കാന്‍ പിടിച്ചവരില്‍ ലോകം അറിയപ്പെടാതെ പോയ ഒട്ടേറെ വ്യക്തികളുണ്ടായിരുന്നു. കാതറിന്‍ ജോണ്‍സണ് ഒപ്പം നിറത്തിന്റെയും വര്‍ഗത്തിന്റെയും പേരില്‍ തിരശീലയ്ക്ക് പിന്നില്‍ മറഞ്ഞുപോയവര്‍. യഥാര്‍ത്ഥത്തില്‍ ലോകം വാഴ്ത്തിപ്പാടേണ്ട അവരില്‍ രണ്ടുപേരുടെ കഥയാണ് ഇവിടെ പറയുന്നത്. കറുത്ത വംശജരായ ഡൊറോത്തി വോണിന്റെയും മേരി ജാക്‌സണ്‍ന്റേതും.

ഡൊറോത്തി വോണ്‍

ചന്ദ്രദൗത്യ സംഘത്തിലെ പ്രധാന ചുമതലക്കാരില്‍ ഒരാളായിരുന്നു ഗണിതശാസ്ത്രജ്ഞയും കമ്പ്യൂട്ടര്‍ പ്രോഗ്രാമറുമായ ഡൊറോത്തി വോണ്‍. ചന്ദ്രദൗത്യത്തിനുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാം വിഭാഗത്തിലായിരുന്നു ഡൊറോത്തിയുടെ നിയമനം. ഒരു വര്‍ഷമേ അവര്‍ ചന്ദ്രദൗത്യത്തിന്റെ ഭാഗമായിരുന്നുള്ളു. എങ്കിലും അവര്‍ നല്‍കിയ നിര്‍ണായക സംഭാവനകളാണ് പിന്നീട് ദൗത്യത്തിന്റെ വിജയത്തില്‍ നിര്‍ണായ ഘടകമായി മാറിയത്.


ഡൊറോത്തി വോണ്‍

1910 സെപ്റ്റംബര്‍ 20-നാണ് ഡൊറോത്തിയുടെ ജനനം. 1917-ല്‍ കുടുംബം മിസോറിയില്‍ നിന്ന് വെസ്റ്റ് വിര്‍ജീനിയയിലേക്കു മാറി. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം വില്‍ബര്‍ഫോഴ്സ് യൂണിവേഴ്സിറ്റിയില്‍നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം നേടി. വിര്‍ജീനിയയില്‍ ഗണിത അധ്യാപികയായി ജോലി ചെയ്തു.

1943-ല്‍ രണ്ടാം ലോകമഹായുദ്ധസമയത്ത് ലാംഗ്ലി ലബോറട്ടറിയില്‍ താത്കാലിക ജോലിയില്‍ പ്രവേശിച്ചു. വിവരങ്ങള്‍ ക്രോഡീകരിക്കാനുള്ള ഡൊറോത്തിയുടെ പ്രത്യേക കഴിവ് അവളെ നാഷണല്‍ അഡൈ്വസറി കമ്മിറ്റി ഫോര്‍ എയറോനോട്ടിക്സില്‍ കംപ്യൂട്ടര്‍ പ്രോഗ്രാമറാക്കി. പിന്നീട് നാസയിലേക്കും ചുവടുവച്ചു കയറി.

1958 മുതല്‍ നാസയുടെ ഭാഗമായിരുന്ന ഡൊറോത്തി നാസയുടെ ആദ്യ ആഫ്രിക്കന്‍-അമേരിക്കന്‍ എക്സിക്യൂട്ടീവുമായിരുന്നു. എന്നാല്‍ നിറത്തിന്റെ പേരില്‍ കടുത്ത വിവേചനമാണ് അവര്‍ക്ക് നേരിടേണ്ടിവന്നത്. വെളുത്ത സ്ത്രീകള്‍ക്കായിരുന്നു അവിടെ അധികാരവും സ്ഥാനവും. അവഗണനകള്‍ക്കിടയിലും മനസ് തളരാതെ അര്‍പ്പണബോധത്തോടെ ജോലി ചെയ്തു. സ്ഥാനക്കയറ്റം കിട്ടി മാനേജര്‍ ആകുമ്പോഴും കീഴുദ്യോഗസ്ഥരായ വെളുത്ത വര്‍ഗക്കാര്‍ക്ക് കിട്ടിയിരുന്ന പ്രതിഫലം പോലും ഡൊറോത്തിക്ക് കിട്ടിയിരുന്നില്ല.

വെളുത്ത വര്‍ഗക്കാര്‍ക്കു ലഭിച്ചിരുന്ന സൗകര്യങ്ങളോ പരിഗണനയോ ഒന്നും ഡൊറോത്തി ഉള്‍പ്പെട്ട കറുത്ത വര്‍ഗക്കാര്‍ക്ക് കിട്ടിയിരുന്നില്ല. പലപ്പോഴും നിറത്തിന്റെ പേരില്‍ അര്‍ഹതപ്പെട്ട സ്ഥാനക്കയറ്റങ്ങള്‍ തടയപ്പെട്ടു. ഏറെ ദൂരെ ഒറ്റപ്പെട്ട സ്ഥലത്താണ് താമസം പോലും ലഭിച്ചിരുന്നത്. അതും സൗകര്യങ്ങള്‍ തീരെ കുറഞ്ഞ, വൃത്തിഹീനമായ സ്ഥലം.

നാസയില്‍ പുതിയ വന്‍കിട ദൗത്യങ്ങളുടെ തിരക്ക് ഏറിയതോടെ വേര്‍തിരിവിന്റെ അന്തരീക്ഷത്തിന് അയവ് വന്നു. ഇതോടെയാണ് ഡൊറോത്തിയുടെ നേട്ടങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. 13 വര്‍ഷത്തെ നാസ ജീവിതത്തിന് ശേഷം 1971-ലാണ് ഡൊറോത്തി വിരമിക്കുന്നത്. പിന്നീടവര്‍ നാസയുടെ തന്നെ ഭാഗമായ നാഷണല്‍ അഡൈ്വസറി കമ്മിറ്റി ഫോര്‍ എയറോനോട്ടിക്സിലെ മാനേജര്‍ ആയി. ആദ്യമായാണ് ഒരു കറുത്ത വര്‍ഗക്കാരി ഈ സ്ഥാനത്തേക്ക് വരുന്നത്. 2008 നവംബര്‍ 10ന് വിര്‍ജീനിയയിലാണു മരിച്ചത്.

മേരി ജാക്‌സണ്‍

ചന്ദ്രദൗത്യത്തില്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ നിര്‍ണായക പങ്കുവഹിച്ച മറ്റൊരു കറുത്ത വര്‍ഗക്കാരിയാണ് മേരി ജാക്സണ്‍. നാസയുടെ ആദ്യ കറുത്ത വര്‍ഗക്കാരിയായ എന്‍ജിനീയര്‍ കൂടിയാണ് മേരി. 1921 ഏപ്രില്‍ ഒന്‍പതിന് ജനിച്ച മേരി 1958-ലാണ് നാസയിലെത്തുന്നത്. 34 വര്‍ഷത്തിനുശേഷം സീനിയര്‍ എന്‍ജിനീയറിംഗ് പദവിയിലെത്തി.

വിര്‍ജീനിയയിലെ ഹാംപ്ടണിലായിരുന്നു മേരി ജാക്സണിന്റെ കുട്ടിക്കാലം. ജോര്‍ജ് പി. ഫെനിക്സ് ട്രെയിനിംഗ് സ്‌കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം 1942-ല്‍ ഹാംപ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഗണിതശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും ബിരുദം നേടി. തുടര്‍ന്ന് മേരിലാന്‍ഡിലെ കാല്‍വര്‍ട്ട് കൗണ്ടിയിലുള്ള ഒരു ആഫ്രിക്കന്‍-അമേരിക്കന്‍ സ്‌കൂളില്‍ ഒരു വര്‍ഷം ഗണിതം പഠിപ്പിച്ചു.


മേരി ജാക്സണ്‍

1943 ആയപ്പോഴേക്കും കുടുംബം ഹാംപ്ടണിലേക്ക് താമസം മാറ്റി. അവിടെ നാഷണല്‍ കാത്തലിക് കമ്മ്യൂണിറ്റി സെന്ററില്‍ ബുക്ക് കീപ്പറായും ഹാംപ്ടണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ റിസപ്ഷനിസ്റ്റായും ക്ലാര്‍ക്കായും ജോലി ചെയ്തു. 1951-ല്‍ ഫോര്‍ട്ട് മണ്‍റോയിലെ ചീഫ് ആര്‍മി ഫീല്‍ഡ് ഫോഴ്‌സിന്റെ ഓഫീസില്‍ ഗുമസ്തയായി.

1951-ല്‍ നാഷണല്‍ അഡൈ്വസറി കമ്മിറ്റി ഫോര്‍ എയറോനോട്ടിക്‌സില്‍ എത്തി. പിന്നീട് നാഷണല്‍ എയറോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷ(നാസ)നിലും എത്തി. തുടര്‍ന്ന് വെസ്റ്റ് ഏരിയ കംപ്യൂട്ടിംഗ് വിഭാഗത്തില്‍ ഡൊറോത്തി വോണിന്റെ കീഴില്‍ ജോലി ചെയ്തു. അങ്ങനെയാണ് മേരി ചന്ദ്രദൗത്യത്തിന്റെ ഭാഗമാകുന്നത്.

ജോലിക്കിടയിലും കറുത്ത വര്‍ഗക്കാരായ സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി നിരന്തരം പരിശ്രമിച്ചു. സഹപ്രവര്‍ത്തകരായ കറുത്ത വര്‍ഗക്കാര്‍ക്ക് ആശ്രയവും വഴികാട്ടിയുമായി. മേരിയുടെ വാക്കുകളും സാമീപ്യവും അവര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നതായിരുന്നു. വെളുത്ത വര്‍ഗക്കാരെ പോലെ കറുത്തവര്‍ക്കും അവകാശങ്ങള്‍ ഉണ്ടെന്ന് അവര്‍ മേലുദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി. തന്റെ കീഴുദ്യോഗസ്ഥരായ കറുത്ത വര്‍ഗക്കാര്‍ക്ക് യഥാസമയം ജോലിക്കയറ്റം വാങ്ങിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു.

1985-ല്‍ ജോലിയില്‍ നിന്ന് വിരമിക്കുന്നതുവരെ മേരി ജാക്സണ്‍ നാസയില്‍ തുടര്‍ന്നു. 2005 ഫെബ്രുവരി 11-നാണ് മരിക്കുന്നത്. 2019 ല്‍ മരണാനന്തരം മേരിക്ക് സര്‍ക്കാര്‍ ഗോള്‍ഡ് മെഡല്‍ നല്‍കി ആദരിച്ചു. നാസയുടെ വാഷിംഗ്ടണ്‍ ഡിസി ആസ്ഥാനം ഇപ്പോഴും മേരി ഡബ്ല്യു ജാക്സണ്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.

ആദ്യഭാഗം വായിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അറിയാം, ചന്ദ്രയാന കഥയിലെ 'കറുത്ത കരങ്ങളെ'


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.