പ്രത്യാശയുടെ അപ്പോസ്തലയായ വിശുദ്ധ മഗ്ദലന മറിയം

പ്രത്യാശയുടെ അപ്പോസ്തലയായ വിശുദ്ധ മഗ്ദലന മറിയം

അനുദിന വിശുദ്ധര്‍ - ജൂലൈ 22

ജൂലൈ 22 നാണ് തിരുസഭ വിശുദ്ധ മഗ്ദലനാ മറിയത്തിന്റെ തിരുനാള്‍ ആഘോഷിക്കുന്നത്. പ്രത്യാശയുടെ അപ്പോസ്തല എന്നാണ് ഫ്രാന്‍സിസ് പപ്പാ മഗ്ദലന മറിയത്തെ വിശേഷിപ്പിച്ചത്. എല്ലാ അര്‍ത്ഥത്തിലും പ്രത്യാശയുടെ പ്രതീകമാണ് മഗ്ദലന മറിയം.

കണ്ണീരിന്റെ കഥപറയാന്‍ ആരംഭിച്ച മറിയം എന്ന മഗ്ദലനക്കാരിക്ക് മൗനത്തിലൂടെയാണ് ക്രിസ്തു മറുപടി നല്‍കിയത്. ആര്‍ക്കും തന്നെ വിട്ടു കൊടുക്കാതെ ആരുടെയും മുന്നില്‍ തന്നെ വിധിക്കാതെ തന്റെ കുറവുകളെ കരുണയില്‍ മറച്ചു പിടിച്ച് മാപ്പ് നല്‍കിയ ക്രിസ്തുവിനെ അവന്റെ മരണത്തിനപ്പുറത്തും മറിയം സ്‌നേഹിച്ചു.

സുവിശേഷത്തില്‍ മഗ്ദലനക്കാരിയായ ഈ മറിയം അവിടവിടെയായി പ്രത്യക്ഷപ്പെടുന്നുണ്ട്. 'ആരും നിന്നെ വിധിച്ചില്ലേ, ഞാനും നിന്നെ വിധിക്കുന്നില്ല' എന്ന ഗുരുവിന്റെ തിരുമൊഴികളെ അവളുടെ ജീവിതത്തിന്റെ വരമൊഴിയായി മാറ്റി പ്രത്യാശയുടെ ചിറകുകളുമായി വിശുദ്ധിയുടെ ജീവിതത്തിലേക്ക് അവള്‍ പറന്നുയര്‍ന്നു.

ആരാണ് മഗ്ദലനക്കാരിയായ ഈ മറിയം? ബൈബിള്‍ മറിയത്തെ പരാമര്‍ശിക്കുന്നത് എവിടെയാണ്? പാപിനിയായ സ്ത്രീയായി പ്രത്യക്ഷപ്പെടുന്ന മറിയത്തിന്റെ ജീവിത ഗ്രാഫ് മാറ്റി വരച്ചത് ക്രിസ്തുവായിരുന്നു. ക്രിസ്തുവിനെ കണ്ടെത്തുന്നതുവരെ മഗ്ദലന മറിയത്തിന്റെ ജീവിതം സംഘര്‍ഷ ഭരിതമായിരുന്നു.

ഈ സംഘര്‍ഷങ്ങളുടെ നടുവിലേക്ക് ക്രിസ്തു ഇറങ്ങിച്ചെന്നു. ലോകവും അവളും അറിയാതിരുന്ന അവളിലെ ആത്മ ചൈതന്യത്തെ 'ഞാനും വിധിക്കുന്നില്ല' എന്നു പറഞ്ഞുകൊണ്ട് ക്രിസ്തു തൊട്ടുണര്‍ത്തി. അങ്ങനെ അവള്‍ യാത്ര ആരംഭിച്ചു. അത് അവളുടെ ജീവിതത്തിലെ രണ്ടാംഘട്ടമായിരുന്നു.

എങ്ങനെയാണ് മഗ്ദലനക്കാരിയായ മറിയത്തിന് നസ്രേയനായ ക്രിസ്തുവിനെ സ്വന്തമാക്കാന്‍ കഴിഞ്ഞത്? വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയായിട്ടാണ് മഗ്ദലന മറിയത്തെ നാം കണ്ടു മുട്ടുന്നത്.

'വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട ഒരു സ്ത്രീയെ നിയമജ്ഞരും ഫരിസേയരും കൂടെ അവന്റെ അടുക്കല്‍ കൊണ്ടുവന്ന് നടുവില്‍ നിര്‍ത്തി. അവര്‍ അവനോടു പറഞ്ഞു: ഗുരോ, ഈ സ്ത്രീ വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടവളാണ്. ഇങ്ങനെയുള്ളവരെ കല്ലെറിയണമെന്നാണ് മോശ നിയമത്തില്‍ കല്‍പിച്ചിരിക്കുന്നത്. നീ എന്തു പറയുന്നു? ഇത്, അവനില്‍ കുറ്റമാരോപിക്കാന്‍ വേണ്ടി അവനെ പരീക്ഷിച്ചുകൊണ്ടു ചോദിച്ചതാണ്. യേശുവാകട്ടെ, കുനിഞ്ഞ് വിരല്‍കൊണ്ടു നിലത്ത് എഴുതിക്കൊണ്ടിരുന്നു.

അവര്‍ ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടിരുന്നതിനാല്‍ അവന്‍ നിവര്‍ന്ന് അവരോടു പറഞ്ഞു: 'നിങ്ങളില്‍ പാപം ഇല്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ'.അവന്‍ വീണ്ടും കുനിഞ്ഞ് നിലത്ത് എഴുതിക്കൊണ്ടിരുന്നു.

എന്നാല്‍, ഇതുകേട്ടപ്പോള്‍ മുതിര്‍ന്നവര്‍ തുടങ്ങി ഓരോരുത്തരായി സ്ഥലം വിട്ടു. ഒടുവില്‍ യേശുവും നടുവില്‍ നിന്നിരുന്ന ആ സ്ത്രീയും മാത്രം ശേഷിച്ചു. യേശു നിവര്‍ന്ന് അവളോടു ചോദിച്ചു: സ്ത്രീയേ, അവര്‍ എവിടെ? ആരും നിന്നെ വിധിച്ചില്ലേ? അവള്‍ പറഞ്ഞു: ഇല്ല, കര്‍ത്താവേ! യേശു പറഞ്ഞു: ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്ക്കൊള്ളുക. ഇനിമേല്‍ പാപം ചെയ്യരുത്'.(യോഹന്നാന്‍ 8 :3-11)

മഗ്ദലനക്കാരിയായ ഈ മറിയം കടന്നുപോയ വേദനകളെ അതേ തീവ്രതയില്‍ അറിയുവാന്‍ ക്രിസ്തുവിനു മാത്രമേ കഴിഞ്ഞിരിന്നുള്ളൂ. അങ്ങനെയാണ് മറിയം ക്രിസ്തുവിന്റെ ഹൃദയത്തെ സ്വന്തമാക്കിയത്. അവളുടെ സ്‌നേഹത്തിന്റെ നിര്‍മ്മലതയും ആത്മാര്‍ത്ഥതയും വ്യക്തമാക്കുന്ന രംഗങ്ങളാണ് ക്രിസ്തുവിന്റെ പീഢാസഹന, മരണ, ഉത്ഥാന ദിനങ്ങളില്‍ കാണുന്നത്.

ഒരിക്കല്‍ സ്ത്രീയെന്ന നിലയില്‍ പുരുഷന്മാരുടെ കൂട്ടത്തില്‍ കുറ്റക്കാരിയായി നില്‍ക്കേണ്ടി വന്നവളായിരുന്നു മറിയമെങ്കില്‍ ക്രിസ്തുവിന്റെ മരണ ശേഷം പുരുഷന്മാരായ ശിഷ്യന്മാരുടെ മുമ്പേ ക്രിസ്തുവിന്റെ കല്ലറയിലേക്ക് ഓടിയെത്തിയവളായി മറിയം മാറുന്നു.

മരണത്തിനപ്പുറവും സ്‌നേഹത്തിന് ജീവിക്കാനാകും എന്ന് അവള്‍ ലോകത്തെ പഠിപ്പിച്ചു. അതു കൊണ്ടാണ് പ്രത്യാശയുടെ അപ്പോസ്തലയെന്ന് പാപ്പാ വിശേഷിപ്പിച്ചത്.

മഗ്ദലന മറിയത്തെ എവിടെയാണ് അടക്കം ചെയ്തിരിക്കുന്നത് എന്ന് ആര്‍ക്കും അറിവില്ല. ഐതീഹ്യമനുസരിച്ച് അവള്‍ തന്റെ ജീവിതത്തിലെ അവസാന നാളുകള്‍ ചിലവഴിച്ച ഫ്രാന്‍സിലെ പ്രോവെന്‍സിലെ ഗുഹയില്‍ വെച്ചാണ് മരണപ്പെട്ടതെന്നാണ് ഐതിഹ്യം.

മാരിടൈം ആല്‍പ്‌സിലെ വിശുദ്ധ മാക്‌സിമിന്‍ ദേവാലയത്തിലാണ് അവളുടെ ഭൗതീക ശരീരം ഉള്ളതെന്നൊരഭിപ്രായമുണ്ട്. മറ്റൊരഭിപ്രായമനുസരിച്ച് യേശുവിന്റെ ഉയിര്‍പ്പിന് ശേഷം വിശുദ്ധ യോഹന്നാന്റെ കൂടെ അവള്‍ എഫേസൂസിലേക്ക് പോയെന്നും മരണ ശേഷം അവളെ അവിടെത്തന്നെയാണ് അടക്കം ചെയ്തിരിക്കുന്നതെന്നുമാണ്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. അന്ത്യോക്യയിലെ സിറിള്‍

2. ഐറിഷുവിലെ ഡാബിയൂസു

3. പാലെസ്റ്റെയിനിലെ ജോസഫ്

4. ഔവേണിലെ മെനെലെയൂസ്

5. വിശുദ്ധ പാട്രിക്കിന്റെ ശിഷ്യനായ ബിറ്റെയൂസ്

6. ബെസാന്‍സോണ്‍ ബിഷപ്പായിരുന്ന പങ്കാരിയൂസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.