തിരുവനന്തപുരം: സംസ്ഥാനത്ത് ആണ്‍-പെണ്‍ വേര്‍തിരിവ് ഇനി വേണ്ടായെന്ന സുപ്രധാന ഉത്തരവുമായി ബാലാവകാശ കമ്മീഷൻ. 2023-24 അധ്യയന വര്‍ഷം മുതല്‍ ബോയ്സ്, ഗേള്‍സ് സ്കൂളുകള്‍ നിര്‍ത്തലാക്കി എല്ലാ സ്കൂളുകളും മിക്സഡ് സ്കൂളുകളാക്കി സഹ വിദ്യാഭ്യാസം നടപ്പാക്കണമെന്നാണ് ബാലാവകാശ കമ്മീഷന്റെ ഉത്തരവ്.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നതിലൂടെ ലിംഗ നീതി നിഷേധിക്കപ്പെടുകയാണെന്നും ഇവിടങ്ങളില്‍ ആൺകുട്ടികളും പെൺകുട്ടികളും ഒരേ ക്ലാസിൽ ഒന്നിച്ച് പഠിക്കുന്ന തരത്തിൽ സഹ വിദ്യാഭ്യാസം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് അഞ്ചല്‍ സ്വദേശി ഡോ. ഐസക് പോള്‍ സമര്‍പ്പിച്ച ഹർജിയിലാണ് കമ്മീഷൻ ഉത്തരവ്.
ഇതിന് മുന്നോടിയായി സ്കൂളുകളിലെ ശൗചാലയമടക്കമുള്ള സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും രക്ഷിതാക്കള്‍ക്ക് സഹ വിദ്യാഭ്യാസത്തിന്‍റെ ആവശ്യകത സംബന്ധിച്ച ബോധവത്കരണം നടത്തുന്നതിനും ആവശ്യമായ നടപടികള്‍ വിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളണമെന്നും കമ്മീഷൻ ഉത്തരവിട്ടു.
സംസ്ഥാനത്താകെ 280 ഗേള്‍സ് സ്കൂളുകളും 164 ബോയ്സ് സ്കൂളുകളുമാണ് പ്രവര്‍ത്തിക്കുന്നത്. ഉത്തരവില്‍ നടപടി സ്വീകരിച്ച് 90 ദിവസത്തിനകം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ എന്നിവര്‍ മറുപടി നല്‍കണം. സംസ്ഥാനത്ത് കൂടുതല്‍ സ്‌കൂളുകള്‍ മിക്‌സഡ് ആക്കുമെന്ന് നേരത്തെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും വ്യക്തമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.