ഓസ്ട്രേലിയയില്‍ പകുതിയോളം യുവതികള്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നു; ആശങ്കയേറ്റി സര്‍ക്കാര്‍ റിപ്പോര്‍ട്ട്

ഓസ്ട്രേലിയയില്‍ പകുതിയോളം യുവതികള്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നു; ആശങ്കയേറ്റി സര്‍ക്കാര്‍ റിപ്പോര്‍ട്ട്

കാന്‍ബറ: ഓസ്‌ട്രേലിയയില്‍ പകുതിയോളം യുവതികള്‍ ഉത്കണ്ഠ, വിഷാദം എന്നിവ മൂലമുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട്. മാനസികാരോഗ്യവും ക്ഷേമവും എന്ന വിഷയത്തില്‍ ദേശീയ തലത്തില്‍ നടന്ന പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന കണക്കുകളുള്ളത്. 16-നും 24-നും ഇടയില്‍ പ്രായമുള്ള ചെറുപ്പക്കാരിലാണ് മാനസികരോഗങ്ങളുടെ നിരക്ക് ഏറ്റവും കൂടുതലുള്ളത്. എല്‍.ജി.ബി.ടി.ക്യൂ വിഭാഗങ്ങളില്‍ 45 ശതമാനം പേരും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നതായി സര്‍വേ ഫലം ചൂണ്ടിക്കാട്ടുന്നു. 15 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ഇത്തരമൊരു കണക്ക് പുറത്തുവിടുന്നത്.

സര്‍വേയില്‍ 16 നും 65 നും ഇടയില്‍ പ്രായമുള്ള 5,500-ലധികം ഓസ്ട്രേലിയക്കാര്‍ പങ്കെടുത്തു. 2020 ഡിസംബര്‍ മുതല്‍ 2021 ജൂലൈ വരെയുള്ള കോവിഡ് കാലയളവിലായിരുന്നു പഠനം.

ദേശീയ തലത്തില്‍, 16 നും 85 നും ഇടയില്‍ പ്രായമുള്ള ഓസ്ട്രേലിയക്കാരില്‍ 43.7% (8.6 ദശലക്ഷം) പേര്‍ അവരുടെ ജീവിതത്തിന്റെ ചില ഘട്ടങ്ങളില്‍ മാനസിക അസ്വാസ്ഥ്യം പോലുള്ള പ്രശ്‌നങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അതായത് 16-നും 85-നും ഇടയില്‍ പ്രായമുള്ള 10 പേരില്‍ നാലു പേര്‍ക്ക് അവരുടെ ജീവിതകാലത്ത് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആറില്‍ ഒരാള്‍ക്ക് ആത്മഹത്യാ ചിന്തകളോ പെരുമാറ്റമോ ഉള്ളതായും കണ്ടെത്തി.

ചെറുപ്പക്കാര്‍ നേരിടുന്ന മാനസികാരോഗ്യ പ്രശ്നങ്ങളുടെ തോത് അമ്പരപ്പിക്കുന്നതാണെന്ന് ഫെഡറല്‍ സര്‍ക്കാരിന്റ മാനസികാരോഗ്യത്തിനായുള്ള ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. റൂത്ത് വൈന്‍ പറഞ്ഞു,

മനസ് ദുര്‍ബലരായ യുവാക്കള്‍ക്ക് സമൂഹ മാധ്യമങ്ങളുടെ ഉപയോഗം ദോഷകരമായി ഭവിക്കുന്നുണ്ടെന്ന് റൂത്ത് വൈന്‍ പറഞ്ഞു. കാരണം അത് അവരുടെ ശരീരത്തില്‍ അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രേരിപ്പിച്ചേക്കാം. കോവിഡ് ഉള്‍പ്പെടെയുള്ള ആഗോള തലത്തിലുള്ള മറ്റ് പ്രശ്‌നങ്ങളും അവരുടെ മാനസിക നിലയെ ബാധിക്കുന്ന ഘടകമാണ്. പല രാജ്യങ്ങളിലും സമാനമായ അവസ്ഥയാണെന്നും ഡോ. റൂത്ത് വൈന്‍ കൂട്ടിച്ചേര്‍ത്തു. മാനസിക ആരോഗ്യ മേഖലയില്‍ ഇത് ഒരു പ്രധാന ആശങ്കയായി ഉയര്‍ന്നുവന്നിട്ടുണ്ട്.

ഉത്കണ്ഠയാണ് ഏറ്റവും സാധാരണയായി കാണപ്പെടുന്ന പ്രശ്‌നം. സ്ത്രീകള്‍ക്കാണ് ഉത്കണ്ഠയും വിഷാദരോഗവും കൂടുതലെന്ന് എ.ബി.എസ് ഹെല്‍ത്ത് ആന്‍ഡ് ഡിസെബിലിറ്റി സ്റ്റാറ്റിസ്റ്റിക്സ് മേധാവി ലിന്‍ഡ ഫാര്‍ഡെല്‍ പറഞ്ഞു. പകുതിയോളം യുവതികള്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്.

അതേസമയം ലഹരിവസ്തുക്കളുടെ ഉപയോഗം മൂലമുള്ള പ്രശ്‌നങ്ങള്‍ പുരുഷന്മാര്‍ കൂടുതലായി നേരിടുന്നു.

ഇതിനു മുന്‍പ് 2007-ല്‍ പുറത്തിറങ്ങിയ പഠനത്തില്‍, 16 മുതല്‍ 85 വരെ പ്രായമുള്ള 45% ആളുകള്‍ക്കാണ് ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തില്‍ മാനസിക വിഭ്രാന്തി നേരിട്ടതായി കണ്ടെത്തിയിട്ടുള്ളത്. പുതിയ റിപ്പോര്‍ട്ടില്‍ ഇത് ഒരല്‍പം കുറഞ്ഞ് 43.7 ശതമാനമായി.

അതേസമയം, 2022 ലെ കണക്കുകള്‍ ഇതില്‍നിന്ന് ഏറെ വ്യത്യസ്തമായിരിക്കുമെന്ന് എബിഎസ് പറഞ്ഞു. കോവിഡ് കാലത്തെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തി വിശദമായ പഠനം അടുത്ത വര്‍ഷം പുറത്തിറങ്ങും. .

16.8% പേര്‍ അമിതമായ ഉത്കണ്ഠ മൂലമുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നു. 7.5% പേര്‍ വിഷാദരോഗം പോലുള്ള അവസ്ഥ നേരിടുന്നു. അതേസമയം 3.3% പേര്‍ ലഹരിവസ്തുക്കളുടെ അമിതമായ ഉപയോഗം മൂലമുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നു.

കഴിഞ്ഞ മാസം പുറത്തുവിട്ട 2021-ലെ സെന്‍സസ് ഡാറ്റയില്‍ 2.2 ദശലക്ഷത്തിലധികം ഓസ്ട്രേലിയക്കാര്‍ ദീര്‍ഘകാല മാനസികാരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുന്നതായി കണ്ടെത്തി. ചെറുപ്പക്കാരാണ് കൂടുതല്‍ പ്രശന്ങ്ങള്‍ നേരിടുന്നത്. അഞ്ചില്‍ ഒരാള്‍ക്ക് വീതമാണ് മാനസികാരോഗ്യ പ്രശനങ്ങളുള്ളത്. 65 മുതല്‍ 85 വരെ പ്രായമുള്ളവരുടെ പ്രശ്‌നങ്ങളുടെ ഇരട്ടിയിലധികം വരുമിത്.

കോവിഡ് കാലത്ത് ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റി യുവാക്കള്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ മറ്റേതൊരു പ്രായ വിഭാഗക്കാരെക്കാളും ചെറുപ്പക്കാര്‍ക്ക് ജീവിത സംതൃപ്തി നഷ്ടപ്പെട്ടതായി കണ്ടെത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.