ഗര്‍ഭച്ഛിദ്രം: തെറ്റായ വിവരങ്ങളടങ്ങിയ വീഡിയോകള്‍ നീക്കംചെയ്യുമെന്ന് യൂട്യൂബ്

ഗര്‍ഭച്ഛിദ്രം: തെറ്റായ വിവരങ്ങളടങ്ങിയ വീഡിയോകള്‍ നീക്കംചെയ്യുമെന്ന് യൂട്യൂബ്

സാന്‍ഫ്രാന്‍സിസ്‌കോ: അമേരിക്കയില്‍ ഗര്‍ഭച്ഛിദ്രത്തിനുള്ള നിയമസാധുത റദ്ദാക്കിയ സുപ്രീം കോടതി വിധിക്കു പിന്നാലെ ഗര്‍ഭച്ഛിദ്രത്തെക്കുറിച്ചുള്ള തെറ്റായതും സുരക്ഷിതമല്ലാത്തതുമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന വീഡിയോകള്‍ നീക്കം ചെയ്യുമെന്ന്  യൂട്യൂബ്. അമേരിക്കയില്‍ ഉടനീളമുള്ള പല സംസ്ഥാനങ്ങളിലും ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം റദ്ദാക്കപ്പെട്ട പശ്ചാത്തലത്തില്‍, സ്ത്രീകള്‍ ഓണ്‍ലൈനില്‍ ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വ്യാപകമായി അന്വേഷിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കത്തിലേക്ക് ഒരുങ്ങുന്നതെന്ന് യൂട്യൂബ് അറിയിച്ചു.


മെഡിക്കല്‍ നടപടിക്രമങ്ങളെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളില്‍ നടപടിയെടുക്കുമെന്നും യൂട്യൂബ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

'ആരോഗ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട് ആധികാരിക ഉറവിടങ്ങളില്‍ നിന്നുള്ള ഉള്ളടക്കങ്ങള്‍ എത്തിക്കേണ്ടത് പ്രധാനമാണെന്ന് ഞങ്ങള്‍ കരുതുന്നു. ഇതിനായി തങ്ങളുടെ നയങ്ങളും ഉല്‍പ്പന്നങ്ങളും തുടര്‍ച്ചയായി അവലോകനം ചെയ്യുന്നുണ്ടെന്നും യൂട്യൂബ് വക്താവ് എലീന ഹെര്‍ണാന്‍ഡസ് പറഞ്ഞു.

അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സുരക്ഷിതമല്ലാത്ത ഗര്‍ഭച്ഛിദ്ര രീതികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്ന വീഡിയോകള്‍ പൂര്‍ണമായും നീക്കം ചെയ്യുമെന്നും യൂട്യൂബ് അറിയിച്ചു. ഗര്‍ഭച്ഛിദ്രത്തിന് ഭരണഘടനാപരമായ അവകാശം നല്‍കിയ 1973-ലെ യുഎസ് കോടതിയുടെ റോ വേഴ്‌സസ് വേഡ് തീരുമാനം റദ്ദാക്കിയതിനെ തുടര്‍ന്നാണ് കമ്പനിയുടെ പുതിയ മാറ്റങ്ങള്‍.

സുരക്ഷിതമല്ലാത്ത ഗര്‍ഭഛിദ്രങ്ങള്‍, വീട്ടില്‍ ഗര്‍ഭഛിദ്രം നടത്താനുള്ള നിര്‍ദേശങ്ങള്‍, തെറ്റായ അവകാശവാദങ്ങള്‍ എന്നിവ ഉള്‍പെടുന്ന ഇത്തരം വീഡിയോകള്‍ ആഗോളതലത്തില്‍ തങ്ങളുടെ പ്ലാറ്റ്ഫോമില്‍ നിന്ന് നീക്കം ചെയ്യുമെന്നാണ് യൂട്യൂബ് അറിയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന അപകടകരമായ DIY (ഡു ഇറ്റ് യുവര്‍സെല്‍ഫ്) ഗര്‍ഭച്ഛിദ്ര രീതികളെക്കുറിച്ച് നിരവധി വിദഗ്ധര്‍ ആശങ്ക ഉന്നയിച്ചിരുന്നു.

അമേരിക്കയിലെ സുപ്രീം കോടതി ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം റദ്ദാക്കിയതിനെ തുടര്‍ന്ന് പല സംസ്ഥാനങ്ങളും ഗര്‍ഭച്ഛിദ്രം പിന്നാലെ നിരോധിക്കുകയുണ്ടായി. ഡെമോക്രാറ്റുകള്‍ ഭരിക്കുന്നത് ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ ഗര്‍ഭച്ഛിദ്രം നിയമവിരുദ്ധമാണ്. അടുത്തിടെ, ടിക് ടോകും ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട വീഡിയോകള്‍ നീക്കം ചെയ്യാന്‍ തുടങ്ങിയിരുന്നു. അതിന് പിന്നാലെയാണ് യൂട്യൂബിന്റെയും നടപടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.