വത്തിക്കാന്‍ സിറ്റി: ജീവിതത്തെ സ്പര്‍ശിക്കുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന യേശുവിന്റെ വചനം ശ്രവിക്കുന്നതില്‍ മുന്‍ഗണന നല്‍കണമെന്നും അതു നമ്മെ തിന്മയുടെ ഇരുട്ടില്‍ നിന്ന് മോചിപ്പിക്കുമെന്നും ഫ്രാന്‍സിസ് പാപ്പ. ആകുലതകളാല്‍ ശ്രദ്ധ വ്യതിച്ച മാര്‍ത്തയേക്കാള്‍ യേശുവിന്റെ പാദത്തിങ്കല്‍ ഇരുന്ന് അവിടുത്തെ ശ്രവിച്ച മറിയത്തെ മാതൃകയാക്കാമെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച്ച വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ ചത്വരത്തില്‍ സന്നിഹിതരായിരുന്ന വിശ്വാസികളെ അഭിസംബോധ ചെയ്യുകയായിരുന്നു പാപ്പ. ത്രികാല പ്രാര്‍ഥനയോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ ലാസറിന്റെ സഹോദരിമാരായ മര്‍ത്തയുടെയും മറിയത്തിന്റെയും ഉപമയാണ് യേശു വ്യാഖ്യാനിച്ചത്.
ദിവ്യബലി മദ്ധ്യേ വായിച്ച, ലൂക്കായുടെ സുവിശേഷം പത്താം അദ്ധ്യായം 38-42 വരെയുള്ള സുവിശേഷ ഭാഗമാണ് പാപ്പ സന്ദേശത്തിനായി തെരഞ്ഞെടുത്തത്. മാര്‍ത്ത, മറിയം എന്നീ സഹോദരിമാര്‍ ഒരുമിച്ചു വസിക്കുന്ന ഭവനത്തില്‍ പ്രവേശിക്കുന്ന യേശു അവരുമായി നടത്തുന്ന സംഭാഷണമായിരുന്നു അത്.
അതിഥികളെ സ്വാഗതം ചെയ്യുന്നതില്‍ വ്യാപൃതയായിരുന്നു മാര്‍ത്ത. എന്നാല്‍ മറിയമാകട്ടെ യേശുവിന്റെ കാല്‍ക്കല്‍ ഇരുന്ന് അവിടുത്തെ ശ്രവിക്കുന്നു. അപ്പോള്‍ മാര്‍ത്ത, തന്നെ സഹായിക്കാന്‍ മറിയത്തോടു പറയണമെന്ന് യേശുവിനോട് ആവശ്യപ്പെടുന്നു.
മാര്‍ത്തയുടെ പരാതി അസ്ഥാനത്തല്ലെന്നും നേരെമറിച്ച്, അവളുടെ ഭാഗത്ത് ന്യായമുണ്ടെന്ന പ്രതീതിയും നമുക്കുണ്ടാകുന്നു. എന്നാല്‍ യേശു അവള്‍ക്ക് ഉത്തരം നല്‍കുന്നത് ഇങ്ങനെയാണ്: 'മാര്‍ത്താ, മാര്‍ത്താ, നീ പല കാര്യങ്ങളെക്കുറിച്ചും ഉത്കണ്ഠാകുലയായി ശ്രദ്ധ വ്യതിചലിക്കുന്നു. ഒന്നു മാത്രമേ ആവശ്യമുള്ളൂ. മറിയം ഏറ്റവും നല്ല ഭാഗം തിരഞ്ഞെടുത്തിരിക്കുന്നു, അത് അവളില്‍ നിന്ന് എടുക്കപ്പെടുകയില്ല. (ലൂക്കാ 10: 41-42). അതിശയിപ്പിക്കുന്ന മറുപടിയാണ് യേശു നല്‍കുന്നത്. നമ്മുടെ ചിന്താരീതിയെ അവിടുന്ന് തകിടം മറിക്കുന്നു. കര്‍ത്താവ്, മാര്‍ത്തയുടെ ഉദാരമായ പരിചരണത്തെ വിലമതിക്കുമ്പോള്‍ തന്നെ മറിയത്തിന്റെ മനോഭാവത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് വ്യക്തമാക്കുന്നു. ഇത് എന്തുകൊണ്ടാണെന്ന് നമുക്ക് സ്വയം ചോദിക്കാം.
മാര്‍ത്തയുടെ തത്ത്വചിന്തയില്‍ ആദ്യം കടമയും രണ്ടാമത്തേത് ആനന്ദവും ആണെന്ന് മാര്‍പാപ്പ വിശദീകരിക്കുന്നു. ആതിഥ്യമര്യാദ എന്നത് നല്ല വാക്കുകളില്‍ ഒതുക്കാവുന്നതല്ല. അതിഥിയെ സ്വാഗതം ചെയ്യുന്നതിനായി ആവശ്യമായതെല്ലാം ചെയ്യുന്നത് ഉള്‍പ്പെടുന്നു. യേശുവിന് ഇതിനെക്കുറിച്ച് നന്നായി അറിയാം. മാര്‍ത്തയുടെ പരിശ്രമം അവിടുന്ന് തിരിച്ചറിയുന്നു. എന്നാല്‍ അതുവരെ അവള്‍ പിന്തുടര്‍ന്നിരുന്നതില്‍ നിന്ന് വ്യത്യസ്തമായ ഒരു മുന്‍ഗണനാക്രമം ഉണ്ടെന്ന് മാര്‍ത്തയെ ബോധ്യപ്പെടുത്താന്‍ അവിടുന്ന് ആഗ്രഹിക്കുന്നു.
മറിയം ജീവിതത്തിന്റെ മികച്ച ഭാഗം തിരഞ്ഞെടുത്തു എന്ന് യേശു പറയുന്നു. എന്താണ് ഈ മികച്ച ഭാഗമെന്ന് നമുക്ക് സ്വയം ചോദിക്കാം. അത് യേശുവചനം ശ്രവിക്കുന്നതാണെന്ന് മാര്‍പാപ്പ ഓര്‍മിപ്പിക്കുന്നു. ഉറവയില്‍ നിന്ന് ഒഴുകുന്ന ജലപ്രവാഹം പോലെ മറ്റെല്ലാ കാര്യങ്ങളും പിന്നാലെ വരുന്നു.
യേശുവിന്റെ വചനം അമൂര്‍ത്തമല്ല. അത് നമ്മുടെ ജീവിതത്തെ തൃപ്തിപ്പെടുത്തുകയും സ്പര്‍ശിക്കുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു. തിന്മയുടെ ഇരുട്ടില്‍ നിന്ന് മോചിപ്പിക്കുകയും ഇതുവരെ കടന്നുപോകാത്ത ഒരു സന്തോഷം പകരുകയും ചെയ്യുന്ന പ്രബോധനമാണ്.
യേശുവിന്റെ വചനമാണ് ഏറ്റവും നല്ല ഭാഗം. ഇക്കാരണത്താലാണ് മേരി അതിന് മുന്‍ഗണന നല്‍കുന്നത്. അവള്‍ മറ്റെല്ലാം നിര്‍ത്തി യേശുവിനെ കേള്‍ക്കുന്നു, ബാക്കിയുള്ളവ പിന്നാലെ വരും.
നമ്മില്‍നിന്ന് ഒരിക്കലും നീക്കപ്പെടാത്ത ഏറ്റവും നല്ല ഭാഗം തിരഞ്ഞെടുക്കാന്‍ കന്യാമറിയം നമ്മെ പഠിപ്പിക്കണമേ പ്രാര്‍ത്ഥിച്ചാണ് മാര്‍പ്പാപ്പ തന്റെ സന്ദേശം ഉപസംഹരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.