അമേരിക്കന്‍ വ്‌ളോഗറെ പീഡിപ്പിച്ച മൂന്നു പേര്‍ അറസ്റ്റില്‍; പാക്കിസ്ഥാനില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് റിപ്പോര്‍ട്ട്

അമേരിക്കന്‍ വ്‌ളോഗറെ പീഡിപ്പിച്ച മൂന്നു പേര്‍ അറസ്റ്റില്‍; പാക്കിസ്ഥാനില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് റിപ്പോര്‍ട്ട്

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ കഴിഞ്ഞയാഴ്ച അമേരിക്കന്‍ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റും വ്‌ളോഗറുമായ ഇരുപത്തിയൊന്നുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മുസ്മല്‍ സിപ്ര, ഷെഹ്സാദ എന്നിവരെയും കുറ്റകൃത്യത്തിന് കൂട്ടുനിന്ന മറ്റൊരാളെയുമാണ് അറസ്റ്റ് ചെയ്തത്.

ജൂലൈ 17 ന് ദേര ഗാസി ഖാനിലെ ഫോര്‍ട്ട് മണ്‍റോ ഹില്‍ സ്റ്റേഷന്‍ ഹോട്ടല്‍ മുറിയില്‍ വച്ചാണ് സംഭവം. ടൂറിസ്റ്റ് വിസയില്‍ എത്തിയ യുവതി കഴിഞ്ഞ ഏഴ് മാസമായി രാജ്യത്ത് താമസിക്കുകയായിരുന്നു. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട മുസ്മല്‍ സിപ്രയുടെ ക്ഷണപ്രകാരമാണ് യുവതി കറാച്ചിയില്‍ നിന്ന് ഫോര്‍ട്ട് മണ്‍റോയിലെത്തിയത്. 17ന് രാത്രി ഹോട്ടല്‍ മുറിയില്‍ വെച്ച് മുസ്മല്‍ സിപ്രയും ഇയാളുടെ സുഹൃത്ത് ഷെഹ്സാദും ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചെന്നാണ് എഫ്ഐആറില്‍ പറയുന്നത്. കുറ്റകൃത്യത്തിന് സഹായം ചെയ്തു കൊടുത്ത ഹോട്ടല്‍ ഉടമയാണ് അറസ്റ്റിലായ മൂന്നാമന്‍.

സംഭവം പാക്കിസ്ഥാനിലാകെ വലിയ പ്രതിഷേധങ്ങള്‍ക്കും വിമര്‍ശങ്ങള്‍ക്ക് വഴിവച്ചു. നാട്ടിലെ സ്ത്രീകള്‍ക്കു പോലും സുരക്ഷയില്ലാത്ത രാജ്യത്ത് എങ്ങനെ വിദേശിയായ സ്ത്രീക്ക് സുരക്ഷയുണ്ടാകുമെന്ന പരിഹാസത്തോടെയുള്ള വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളിലുള്‍പ്പടെ ഉയരുന്നത്. കുറ്റവാളികള്‍ക്ക് തക്ക ശിക്ഷ നല്‍കാത്തതാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാന്‍ ഇടയാകുന്നത്. ടൂറിസം റാങ്കിംഗില്‍ 83-ാം സ്ഥാനത്തുള്ള രാജ്യത്തിന്റെ വിനോദ സഞ്ചാര സൂചികയെ ഈ സംഭവം വീണ്ടും താഴേക്ക് കൊണ്ടുപോകുകയുള്ളെന്നും ആളുകള്‍ അഭിപ്രായപ്പെട്ടു.

സ്ത്രീകളെയും ബഹുമാനിക്കാന്‍ യുവാക്കളെ പഠിപ്പിക്കുന്നതില്‍ രാജ്യം പരാജയപ്പെട്ടിരിക്കുകയാണെന്ന് മറ്റൊരാള്‍ ട്വീറ്റ് ചെയ്തത്. 'ഞങ്ങളുടെ പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതില്‍ പോലും ഞങ്ങള്‍ പരാജയപ്പെട്ടു. ഞങ്ങളുടെ രാഷ്ട്രീയക്കാര്‍ക്ക് കസേര കളിക്കുന്നതില്‍ മാത്രമാണ് താല്‍പര്യം'- അദ്ദേഹം ട്വീറ്റില്‍ വിമര്‍ശിക്കുന്നു.



സുസ്ഥിര സാമൂഹിക വികസന ഓര്‍ഗനൈസേഷനും (എസ്എസ്ഡിഒ) സെന്റര്‍ ഫോര്‍ റിസര്‍ച്ച്ഡവലപ്മെന്റ് ആന്‍ഡ് കമ്മ്യൂണിക്കേഷനും ചേര്‍ന്ന് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ജൂണ്‍ മാസത്തില്‍ പാക്കിസ്ഥാനിലുട നീളം 157 സ്ത്രീകളെ തട്ടിക്കൊണ്ടുപോകുകയും 112 പേര്‍ ശാരീരിക പീഡനത്തിന് ഇരയാകുകയും 91 സ്ത്രീകള്‍ ബലാത്സംഗത്തിനു ഇരയാകുകയും ചെയ്തിട്ടുണ്ട്.

പഞ്ചാബില്‍ 53 കേസുകളും ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ 16 കേസുകളും സിന്ധില്‍ 14 കേസുകളും ഇസ്ലാമാബാദില്‍ ആറ് കേസുകളും ബലൂചിസ്ഥാനില്‍ രണ്ട് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ലാഹോറില്‍ കഴിഞ്ഞ ആഴ്ചയില്‍ നിരവധി ലൈംഗികാതിക്രമ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

പാകിസ്ഥാന്‍ മനുഷ്യാവകാശ കമ്മീഷന്‍ (എച്ച്ആര്‍സിപി) അടുത്തിടെ നടത്തിയ റിപ്പോര്‍ട്ട് പ്രകാരം പാകിസ്ഥാനില്‍ പ്രതിദിനം കുറഞ്ഞത് 11 ബലാത്സംഗക്കേസുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു, കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 22,000 ത്തിലധികം പീഡന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.