കാന്‍ബറ: മൂന്നു വര്‍ഷത്തിനുള്ളില്‍ പെട്രോള്‍ കാറുകള്‍ നിരോധിക്കാനൊരുങ്ങുകയാണ് നോര്‍വേ. ലോകത്തെ ആദ്യ പ്രകൃതി സൗഹൃദ രാജ്യമാകാനുള്ള തയാറെടുപ്പിലാണ് ഈ രാജ്യം. ബ്രിട്ടണ്‍, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, ഐസ് ലന്‍ഡ്, നെതര്‍ലന്‍ഡ്സ്, സ്ലോവേനിയ, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളും 2030-നകം പെട്രോള്‍ കാറുകളുടെ വില്‍പന വിലക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ മാതൃക പിന്തുടര്‍ന്ന് 2035 മുതല്‍ ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടറിയിലും (എ.സി.ടി) പെട്രോള്‍ കാറുകളുടെ വില്‍പന നിരോധിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ഓസ്‌ട്രേലിയയില്‍ പെട്രോള്‍ കാറുകളുടെ വില്‍പ്പന നിരോധിക്കുമെന്ന് ആദ്യമായി പ്രഖ്യാപിച്ച പ്രദേശമായി മാറുകയാണ് എ.സി.ടി. ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറുന്നവര്‍ക്കുള്ള ആകര്‍ഷമായ ആനുകൂല്യങ്ങളുടെ ഒരു പട്ടികയും പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, പലിശ രഹിത വായ്പകള്‍, സ്റ്റാമ്പ് ഡ്യൂട്ടി ഇളവുകള്‍, രജിസ്ട്രേഷന്‍ ഫീസ് ഒഴിവാക്കല്‍ എന്നിവ ഉള്‍പ്പെടുന്നു.
കാര്‍ബണ്‍ മലിനീകരണം കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായാണ് നിരോധനം. കാറുകള്‍, ബൈക്കുകള്‍, ചെറു ട്രക്കുകള്‍ക്കുമാണ് നിരോധനം ബാധകമാകുന്നത്. 2035-നു മുന്‍പ് പെട്രോള്‍ കാറുകള്‍ വാങ്ങിയവര്‍ക്ക് നിരോധനം ബാധകമാകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
2035 ആകുമ്പോഴേക്കും എ.സി.ടിയില്‍ ചെറുവാഹനങ്ങളുടെ 90 ശതമാനവും ഇലക്ട്രിക് വാഹനങ്ങളാക്കുകയാണ് ലക്ഷ്യം. എ.സി.ടി മുഖ്യമന്ത്രി ആന്‍ഡ്രൂ ബാര്‍ ആണ് പരിസ്ഥിതി മലിനീകരണം കുറയ്ക്കാനുള്ള നിര്‍ണായകമായ ചുവടുവയ്പ്പിന്റെ പ്രഖ്യാപനം നടത്തിയത്.
ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടറിയുടെ പ്രഖ്യാപനത്തിനും പിന്നാലെ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പനയും ഉപയോഗവും പ്രോല്‍സാഹിപ്പിക്കാന്‍ ഫെഡറല്‍ സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദമേറുകയാണ്.
പരിസ്ഥിതി മലിനീകരണത്തിന്റെ പേരില്‍ ആഗോള തലത്തില്‍ ഏറെ പഴി കേള്‍ക്കുന്ന ഓസ്‌ട്രേലിയന്‍ ഫെഡറല്‍ സര്‍ക്കാരിനെ എ.സി.ടിയുടെ ഈ നടപടി മാറ്റിചിന്തിപ്പിക്കുമോ എന്നാണ് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.
തിങ്കളാഴ്ച നാഷണല്‍ പ്രസ് ക്ലബ്ബില്‍ ഫെഡറല്‍ പരിസ്ഥിതി മന്ത്രി തന്യ പ്ലിബര്‍സെക്കിന്റെ വാര്‍ത്താസമ്മേളത്തിനിടെ ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയ്ക്കാന്‍ അല്‍ബനീസ് സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങളില്‍ അഭിമാനിക്കുന്നുവെന്ന മറുപടിയാണ് ലഭിച്ചത്. ഇക്കാര്യത്തില്‍ ഫെഡറല്‍ സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിന് അപ്പുറത്തേക്ക് നടപടി സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും ടെറിട്ടറികള്‍ക്കും കഴിയുമെന്നും അവര്‍ പറഞ്ഞു.
അതേസമയം, ഫെഡറല്‍ സര്‍ക്കാര്‍ ദേശീയ തലത്തില്‍ പെട്രോള്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ നടപടിയെടുക്കുമോ എന്ന ചോദത്തിന് മന്ത്രി മറുപടി നല്‍കിയതുമില്ല.
നിരവധി കാര്‍ നിര്‍മ്മാതാക്കള്‍ ഇത്ര വര്‍ഷങ്ങള്‍ക്കു ശേഷം പെട്രോള്‍ കാറുകള്‍ നിര്‍മ്മിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നോവവെ അടക്കം നിരവധി യൂറോപ്യന്‍ രാജ്യങ്ങളും ഇത്തരം വാഹനങ്ങളുടെ വില്‍പ്പന നിരോധിക്കുന്ന തീയതികള്‍ പ്രഖ്യാപിച്ചു. നിലവില്‍ ലോകരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന നടക്കുന്ന രാജ്യവും നോര്‍വെയാണ്.
2035-ല്‍ പെട്രോള്‍ കാറുകളുടെ വില്‍പ്പന അവസാനിപ്പിക്കാന്‍ ഓസ്ട്രേലിയക്കാരില്‍ മൂന്നില്‍ രണ്ട് ഭാഗവും പിന്തുണയ്ക്കുന്നതായി ഓസ്ട്രേലിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേഷണം നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ നിരോധനം കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ഫെഡറല്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാഴ്ത്തുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കാലാവസ്ഥ, ഊര്‍ജ പദ്ധതി ഡയറക്ടര്‍ റിച്ചി മെര്‍സിയാന്‍ പറഞ്ഞു. ഫെഡറല്‍ സര്‍ക്കാര്‍ വാചകക്കസര്‍ത്ത് മാറ്റി പ്രാരംഭ നടപടികള്‍ കൈക്കൊള്ളുന്നത് വളരെ സന്തോഷകരമാണ്. എന്നാല്‍ ഗതാഗത മേഖലയില്‍ ഇനിയും വളരെയധികം മുന്നേറാനുണ്ടെന്നും റിച്ചി മെര്‍സിയന്‍ പറഞ്ഞു.
ഓസ്‌ട്രേലിയയിലെ കാര്‍ നിര്‍മാതാക്കളും ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടറിയുടെ പെട്രോള്‍ വാഹന നിരോധനത്തെ പിന്തുണയ്ക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.