ഭാരതത്തിന്റെ രാഷ്ട്രപതിമാര്‍: പരമ്പര - 3
രാജ്യത്ത് ഡോ. രാധകൃഷ്ണന് ശേഷം രാഷ്ട്രീയക്കാരന്‍ എന്നതിലുപരി പണ്ഡിതനും വിജ്ഞാനിയുമായി ഇന്ത്യന്‍ സമൂഹം അംഗീകരിച്ച രാഷ്ട്രപതി നാമമായിരുന്നു ഡോ. സാക്കിര്‍ ഹുസൈന്‍. ഉപരാഷ്ട്രപതിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് നിര്‍ദേശിക്കുകയെന്ന കീഴ്വഴക്കത്തിന് കോണ്‍ഗ്രസ് തുടക്കമിട്ടത് അദ്ദേഹത്തിന്റെ വരവോടെയാണ്.
1967 ല്‍ പ്രഥമ പൗരന്റെ പദത്തിലേക്ക് അന്നത്തെ ഉപരാഷ്ട്രപതി സക്കീര്‍ ഹുസൈനെ കോണ്‍ഗ്രസ് നിര്‍ദേശിച്ചു. പ്രതിപക്ഷ സ്ഥാനാര്‍ഥി മുന്‍ ചീഫ് ജസ്റ്റിസ് കോട്ട സുബ്ബറാവു ആയിരുന്നു. അതുവരെയുള്ളതില്‍ വച്ച് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളുണ്ടായതും 67 ലാണ്. പതിനേഴ് സ്ഥാനാര്‍ഥികള്‍. സക്കീര്‍ ഹുസൈന് 4,71,244, കോട്ട സുബ്ബറാവുവിന് 3,63,971 വോട്ട് ലഭിച്ചു.
ഒന്‍പത് പേര്‍ക്ക് ഒരു വോട്ട് പോലും ലഭിച്ചില്ല. ഇക്കൂട്ടത്തില്‍ ഒരു ചരിത്രം കൂടി പിറന്നു. രാജ്യത്തിന്റെ പ്രഥമ പൗരയാവാന്‍ ഭോപ്പാലിലെ ഹോള്‍ക്കര്‍ രാജകുടുംബാംഗമായ മനോഹര നിര്‍മല ഹോള്‍ക്കര്‍ എന്ന വനിത മത്സര രംഗത്തെത്തി. നിര്‍ഭാഗ്യവശാല്‍ പൂജ്യം വോട്ട് കിട്ടിയ ഒന്‍പത് പേരിലായിരുന്നു അവരുടെയും സ്ഥാനം.
1962 മുതല്‍ 1967 വരെ രാഷ്ട്രപതിയായിരുന്ന സാക്കിര്‍ ഹുസൈന്‍ പദവിയിലെത്തുന്ന ആദ്യ മുസ്ലിമും ആ സ്ഥാനത്തിരുന്നു മരണപ്പെടുന്ന ആദ്യ വ്യക്തിയുമാണ്. 1963 ല്‍ ഭാരതരത്‌ന നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. കാലാവധി തികയ്ക്കാത്ത ആദ്യ രാഷ്ട്രപതി, രാജ്യസഭാംഗവും ഗവര്‍ണറുമായ ശേഷം രാഷ്ട്രപതി ആയ ആദ്യ വ്യക്തി എന്നീ വിശേഷണങ്ങള്‍ക്ക് ഉടമയായിരുന്നു അദ്ദേഹം.
1897 ഫെബ്രുവരി എട്ടിന് ഹൈദരാബാദില്‍ അഫ്രീദി ഗോത്രത്തില്‍പെട്ട പസൂന്‍ കുടുംബത്തിലാണ് ജനനം. ഇറ്റാവയിലെ ഇസ്ലാമിയ സ്‌കൂള്‍, മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളേജ്, അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ ആയിരുന്നു വിദ്യാഭ്യാസം. 1926 ല്‍ ബെര്‍ലിന്‍ സര്‍വ്വകലാശാലയില്‍ നിന്നും സാമ്പത്തികശാസ്ത്രത്തില്‍ ഡോക്ടറേറ്റ് സമ്പാദിച്ചു. ഇന്ത്യയിലേക്ക് തിരിച്ചെത്തിയപ്പോള്‍ അടച്ചുപൂട്ടുന്ന സ്ഥിതിയിലായ ജാമിയ ഇസ്ലാമിയ സര്‍വ്വകലാശാലയുടെ നേതൃത്വപദവി ഏറ്റെടുത്ത് പ്രതിമാസം നൂറ് രൂപ ശമ്പളത്തില്‍ 20 വര്‍ഷം സ്ഥാനത്ത് തുടര്‍ന്നു.
പ്ളേറ്റോയുടെ റിപ്പബ്ളിക് ഉറുദുവിലേക്ക് വിവര്‍ത്തനം ചെയ്ത അദ്ദേഹം രചിച്ചതാണ് ആന്‍ എസ്സേ ഇന്‍ അണ്ടര്‍ സ്റ്റാന്‍ഡിംഗ്, എ ഡൈനാമിക് യൂണിവേഴ്സിറ്റി എന്നിവ. 1948-1956 ല്‍ അലിഗഢ് സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലറായി. 1956 ല്‍ ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് ക്ഷണം ലഭിച്ചു. 1957 മുതല്‍ 1962 വരെ ബീഹാര്‍ ഗവര്‍ണര്‍ പദവിയില്‍ ഇരുന്നു. 1962 ല്‍ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രപതിപദവിയില്‍ തുടരവേ 1969 മേയ് മുന്നിന് തന്റെ 72ാം വയസില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.
തുടരും....
ഭാരതത്തിന്റെ രാഷ്ട്രപതിമാർ എന്ന പരമ്പരയുടെ ആദ്യ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.