സീറോ മലബാർ സഭയ്ക്ക് പാലായിൽ നിന്ന് മറ്റൊരു വിശുദ്ധൻ - ബഹു.കുടക്കച്ചിറ അന്തോണി കത്തനാർ.

സീറോ മലബാർ സഭയ്ക്ക് പാലായിൽ നിന്ന് മറ്റൊരു വിശുദ്ധൻ - ബഹു.കുടക്കച്ചിറ അന്തോണി കത്തനാർ.

കേരളത്തിലെ ക്രൈസ്തവ സമൂഹം കണ്ട അപൂർവ്വം പ്രതിഭാശാലികളിൽ ഒരാളാണ് നസ്രാണി സ്വാതന്ത്ര്യ സമര സേനാനിയെന്ന് അറിയപ്പെടുന്ന വൈദിക ശ്രേഷ്ഠൻ ബഹു. കുടക്കച്ചിറ അന്തോണി കത്തനാർ. നൂറ്റാണ്ടുകളെ കവച്ചു വയ്ക്കുന്ന ദീർഘവീക്ഷണ ശക്തിയും  പ്രതിഭാവിലാസവും അദ്ദേഹത്തിനുണ്ടായിരുന്നു. വി.ചാവറ  കുര്യാക്കോസച്ചൻറെ സഹപാഠിയും സമശീർഷനുമാണ് ബഹു. അന്തോണി കത്തനാർ.

ദേശാഭിമാനഭരിതമായ നിരീക്ഷണങ്ങളും, തനിമയാർന്ന നസ്രാണി  നേതൃത്വവും മൂലം കുടക്കച്ചിറ അന്തോണി കത്തനാർ സുറിയാനി കത്തോലിക്കാ സമൂഹത്തിൻറെ ചരിത്രത്തിലെ നായകപുരുഷന്മാരിലൊരാളും ആ സമൂഹത്തിൻറെ ദേശീയബോധത്തിൻറെയും വിദേശീയ സഭാനേതൃത്വത്തിൽ നിന്നുള്ള മോചനത്തിനുവേണ്ടിയുള്ള അഭിലാഷത്തിൻറെയും പ്രതീകവ്യക്തിത്വവും ആയി പരിഗണിക്കപ്പെടുന്നു. ദേശാഭിമാനം, സമുദായ സ്‌നേഹം, ആത്മത്യാഗം എന്നീ മൂല്യങ്ങൾ മൂലം പാലായിലെ നസ്രാണി സമൂഹത്തിൻറെ ഖ്യാതി ലോകം മുഴുവൻ അറിയാനിടയായത് അന്തോണി കത്തനാരെ പോലെയുള്ള വൈദികർ കാരണമാണ്.

വിശുദ്ധ ജീവിതങ്ങളുടെ ഈറ്റില്ലമായ പാലാ രൂപതയിലെ മഹാൻമാരായ വൈദിക ശ്രേഷ്‌ഠരുടെ മാതൃകയായി നിൽക്കുന്ന അദ്ദേഹം നസ്രാണി സഭയുടെ സ്വയംഭരണത്തിനു വേണ്ടി വൈദേശിക യാത്ര നടത്തി. സുറിയാനി കത്തോലിക്കരുടെ തനിമയും ദേശീയാഭിലാഷങ്ങളും അംഗീകരിച്ചു കിട്ടാനുള്ള നിവേദനങ്ങളുമായായിരുന്നു യാത്ര. നസ്രാണി സഭയ്ക്കു സ്വജാതീയ മെത്രാന്മാരെ ലഭിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഇദ്ദേഹം വ്യാപൃതനായിരുന്നു .അതിനിടയിൽ നിർഭാഗ്യവശാൽ രോഗബാധിതനായി ഇറാഖിൽ വച്ച് മരണമടഞ്ഞു. ഭാരതത്തിലെ സിറിയൻ കത്തോലിക്കരുടെ ആദ്യ തദ്ദേശീയ മെത്രാപ്പൊലീത്താ കരിയാറ്റിൽ മാർ ഔസേപ്പ്, പാറേമ്മാക്കൽ തോമ്മാ ഗോവർണ്ണദോർ, നിധീരിയ്ക്കൽ മാണി കത്തനാർ, മാര്‍ ലൂയിസ് പഴേപറമ്പില്‍ എന്നിവരുടെ നിരയിൽ പെടുത്താവുന്ന പ്രഗല്‌ഭനാണ് ബഹു. അന്തോണി കത്തനാർ.

പാലായിലെയും കുടക്കച്ചിറ, പ്ലാശനാൽ എന്നീ  പ്രദേശങ്ങളിലെയും അണയാത്ത ദീപമായി, അനേകം ജനഹൃദയങ്ങളില്‍ ബഹു. അന്തോണി കത്തനാർ ഇന്നും ജീവിക്കുന്നു. ഈ സഭാസ്നേഹിയെ വേണ്ടവിധത്തിൽ ആദരിക്കുന്നതിൽ പാലാ രൂപതയും മെത്രാനും  അതീവ ശ്രദ്ധ പുലർത്തുന്നു. അദ്ദേഹത്തിൻറെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിക്കപ്പെടാനായി ഇറാക്കിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരേണ്ടിയിരിക്കുന്നു. പുതുതലമുറ ഈ പുണ്യ ശ്രേഷ്ഠനെക്കുറിച്ച് കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നു. അൾത്താരയിൽ വണക്കത്തിന് യോഗ്യനായ ഈ ധീര സഭാസ്നേഹിയെ നമുക്ക് ഓർക്കാം. അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.