ആ ഇടവകയിൽ വികാരിയച്ചനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ടായിരുന്നു. അവരിൽ പ്രതികൂലിക്കുന്നവർ ഒത്തുചേർന്ന് അച്ചന്റെ സ്ഥലം മാറ്റം ആവശ്യപ്പെട്ട് അരമനയിലെത്തി. എന്നാൽ അച്ചനെ മാറ്റരുത് എന്ന് പറഞ്ഞ് മറ്റൊരു കൂട്ടരും അധികം വൈകാതെ അരമനയിലെത്തി.
നിയമന കാലം പൂർത്തീകരിച്ച് അച്ചൻ സ്ഥലം മാറിപ്പോകുമ്പോൾ ചിലർ വെടിക്കെട്ട് നടത്തി ആഘോഷിച്ചത് അച്ചന്റെ മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തി. പുതിയ ഇടവകയിൽ എത്തിയപ്പോഴും മനസ് അസ്വസ്ഥമായിരുന്നു. ശുശ്രൂഷകളിൽ താത്പര്യവും തീക്ഷ്ണതയും കുറഞ്ഞു.'ഞാൻ ആർക്കുവേണ്ടിയാണ് ഇത്ര അധ്വാനിക്കുന്നത്' എന്ന ചിന്ത അദ്ദേഹത്തെ വേട്ടയാടി. മനസുതുറന്ന് സംസാരിക്കാനായ് അദ്ദേഹം തന്റെ ആധ്യാത്മിക ഗുരുവിന്നരികിലെത്തി.
ഏറെ വർഷം ഇടവകകളിൽ ശുശ്രൂഷ ചെയ്ത് വിശ്രമ ജീവിതം നയിക്കുന്ന ആ പുരോഹിതൻ അച്ചനെ ക്ഷമയോടെ ശ്രവിച്ചതിനു ശേഷം ഇങ്ങനെ പറഞ്ഞു: "അച്ചന്റെ നൊമ്പരം ഞാൻ മനസിലാക്കുന്നു. അച്ചന്റെ മനസാക്ഷിക്ക് നിരക്കാത്ത കാര്യങ്ങൾ എന്തെങ്കിലും അച്ചൻ ചെയ്തതായ് തോന്നുന്നുണ്ടോ?"
"ഇല്ല. അങ്ങനെയൊന്നും തോന്നുന്നില്ല. എന്നെ എതിർക്കുന്നവർക്ക് അവരുടേതായ സ്വാർത്ഥ താത്പര്യങ്ങൾ ഉണ്ടായിരുന്നു. അതിനെ അനുകൂലിക്കാൻ എനിക്ക് കഴിഞ്ഞില്ല. അതുകൊണ്ടാണ് എൻ്റെ നിലപാടുകൾ മാറ്റാൻ ഞാൻ തയ്യാറാകാതിരുന്നത്."
"ധൈര്യമായിരിക്കുക"വൃദ്ധവൈദികൻ തുടർന്നു: "ഇപ്പോൾ അച്ചൻ പുതിയ ഇടവകയിലാണല്ലോ?
അവിടുത്തെ കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യുക. അധ്വാനിക്കുന്നത് ആർക്കുവേണ്ടിയാണെന്ന് ചോദിച്ചില്ലെ? ദൈവ
മഹത്വത്തിനുവേണ്ടിയായിരിക്കണം.അച്ചനെതിരെ കയർത്തവരെയും പടക്കം പൊട്ടിച്ച് ആഘോഷിച്ചവരെയുമെല്ലാം ക്രൂശിതന് ഭരമേൽപിച്ച് ശാന്തമാകുക. നമ്മെ അംഗീകരിക്കാത്തവരെക്കുറിച്ചും നമുക്ക് എതിരായവരെക്കുറിച്ചും അധികം ആലോചിച്ച് മനസ് വേദനിപ്പിക്കാതെ നന്മകൾ ചെയ്ത് ജീവിക്കാൻ പരിശ്രമിക്കുക... ഇവയെല്ലാം ജീവിതത്തിന്റെ ഭാഗമായ് കണക്കാക്കുക...."
ശാന്തമായ മനസോടെ തന്റെ ഇടവകയിലേക്ക് ആ പുരോഹിതൻ യാത്രയായി.
നമ്മുടെ ജീവിതത്തിലും നമ്മെ എല്ലാവരും അംഗീകരിക്കണമെന്നും ആദരിക്കണമെന്നും സ്നേഹിക്കണമെന്നുമെല്ലാം ആഗ്രഹമുണ്ടാകുക സ്വാഭാവികമാണ്. എന്നാൽ പലപ്പോഴും അങ്ങനെ സംഭവിക്കുന്നില്ല. കൂടെ നിൽക്കുമെന്ന് ഉറപ്പുള്ളവർപോലും നമ്മെ തനിച്ചാക്കും. അപ്പോഴെല്ലാം ക്രിസ്തു തന്റെ ശിഷ്യരോട് പറഞ്ഞ വചനം നമുക്ക് മാർഗദീപമാകട്ടെ:
"ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതെയോ നിങ്ങളുടെ വചനം ശ്രവിക്കാതെയോ ഇരുന്നാല്‍, ആ ഭവനം അഥവാ പട്ടണം വിട്ടു പോരുമ്പോള്‍ നിങ്ങളുടെ പാദങ്ങളിലെ പൊടി തട്ടിക്കളയുവിന്‍" (മത്തായി 10 : 14). ജീവിത യാത്രയിൽ, ചില ഭാരങ്ങൾ ഉപേക്ഷിക്കാൻ നമ്മൾ ശീലിച്ചില്ലെങ്കിൽ പെട്ടന്ന് ക്ഷീണിതരാകും. വേഗം കുറയും. ലക്ഷ്യത്തിലെത്താൻ കഴിയുകയുമില്ല. ഉപേക്ഷിക്കേണ്ടതിനെ ഉപേക്ഷിക്കാനും സ്വീകരിക്കേണ്ടതിനെ സ്വീകരിക്കാനുമുള്ള കൃപയും ക്രിസ്തു ശിഷ്യൻ സ്വന്തമാക്കേണ്ടതുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.