ലോക വയോജനദിനം 2022: ജൂലൈ 24

 ലോക വയോജനദിനം 2022: ജൂലൈ 24

കൂട്ടുകാരെ ഓർക്കാൻ ഫ്രണ്ട്ഷിപ് ഡേയും, കമിതാക്കളെ ഓർക്കാൻ വാലന്റൈൻസ് ഡേയും, അമ്മമാരെ ഓർക്കാൻ മദേഴ്‌സ് ഡേയും ഉള്ളതുപോലെ പലരും ഓർക്കാത്ത, പലരും ശ്രദ്ധിക്കാത്ത വയോജനങ്ങൾക്കായും ഉണ്ട് ഒരു ദിനം, ഫ്രാൻസിസ് മാർപ്പാപ്പ ആഹ്വാനം ചെയ്ത ലോക വയോജന ദിനം. കഴിഞ്ഞ വർഷമാണ് ജുലൈ മാസത്തെ നാലാമത്തെ ഞായറാഴ്ച ലോക വയോജന ദിനമായി പാപ്പ പ്രഖ്യാപിച്ചത്.

ഈശോയുടെ മുത്തച്ഛനും മുത്തശ്ശിയുമായ വി. യോവാക്കിമിന്റെയും വി. അന്നയുടെയും തിരുനാളിനോടടുത്തു വരുന്ന ഞായറാഴ്ചയാണ് വയോജന ദിനമായി ആചരിക്കാൻ പാപ്പാ ആഹ്വാനം ചെയ്തത്. പാശ്ചാത്യ സഭയിൽ ജൂലൈ 26 നാണ് ഈ തിരുനാൾ ആഘോഷിക്കുന്നത്.
യേശുവിനെ ദേവാലയത്തില്‍ സമര്‍പ്പിച്ചതിന്റെ ഓര്‍മ്മയുടെ തിരുന്നാളും ഈ ദിവസത്തിനോട്‌ അടുത്ത്‌ വരുന്നു. മാർപാപ്പയുടെ ജൂലൈ മാസത്തെ പ്രാർത്ഥന നിയോഗവും വയോജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക എന്നുള്ളതാണ്.

വൃദ്ധരായ ശിമയോനും അന്നയും യേശു, മിശിഹാ ആണെന്ന്‌ തിരിച്ചറിഞ്ഞു. അവര്‍ക്ക്‌ ജഞാനം കൊടുത്ത പരിശുദ്ധാത്മാവ്‌ ഇന്നും പ്രായമാവരുടെ ചിന്തകളെ ഉത്തേജിപ്പിക്കുകയും ജ്ഞാനം പകര്‍ന്നു കൊടുക്കുകയും ചെയുന്നു. അവരുടെ വാക്കുകള്‍ വിലയുള്ളതാണെന്നും അവര്‍ തലമുറകളുടെ വേരുകള്‍ സംരക്ഷിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. വാര്‍ദ്ധക്യം ഒരു സമ്മാനമാണെന്ന്‌ അവര്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ജീവിതാനുഭവം തലമുറകളിലേക്ക്‌ കൈമാറുന്നതും തലമുറകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും പ്രായമായവരാണെന്ന്‌ മാര്‍പ്പാപ്പ ഓര്‍മ്മിപ്പിച്ചു. വയോധികർ തലമുറകളുടെ ജ്ഞാനമാണ്.
മുത്തച്ഛന്മാരുടെയും മുത്തശ്ലിമാരുടെയും മുതിര്‍ന്നവരുടെയും ലോക ദിനം താന്‍ സ്ഥാപിച്ചതിന്റെ കാരണം നാം പലപ്പോഴും അവരെ മറന്നുപോകുന്നു എന്നതാണെന്നും പാപ്പാ പറഞ്ഞു. മുത്തശ്ശിമാരും, മുത്തച്ഛന്മാരും പരസ്പരം അറിയേണ്ടതിന്റെ പ്രാധാന്യം പാപ്പ ഊന്നിപ്പറഞ്ഞു. തന്റെ ബുധനാഴ്ചത്തെ പൊതു കൂടിക്കാഴ്ചകളിൽ എപ്പോഴും പ്രായമായവരെപ്പറ്റി സംസാരിക്കുകയും അവരെ കാണാൻ പ്രത്യേക താല്പര്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന പാപ്പാ കഴിഞ്ഞ മാസം നൂറ് വയസ്സ് തികഞ്ഞ വയോധികയുടെ ആഗ്രഹ പ്രകാരം അവരെ കാണാൻ പ്രത്യേക അനുവാദം കൊടുത്തത് വാർത്തയായിരുന്നു. അവരുടെ ജന്മ ദിനത്തിന് മക്കളോട് ആവശ്യപ്പെട്ട സമ്മാനം മാർപ്പാപ്പയെ കാണണം എന്നുള്ളതായിരുന്നു.കഴിഞ്ഞ വർഷം ആദ്യത്തെ ലോകവയോജന ദിനം ജൂലൈ 24ന് സെന്റ് പീറ്റേഴ്സ് ബർഗിൽ ആഘോഷിച്ചു. ഈ വർഷത്തെ വയോജനദിനാഘോഷവും വിപുലമായിത്തന്നെ വത്തിക്കാനിൽകൊണ്ടാടും. “വാർദ്ധക്യത്തിലും അവർ ഫലം കായ്ക്കും" (സങ്കീ. 92:15) എന്നതാണ് ഈ വർഷത്തെ വയോജന ദിനത്തിൽ മാർപാപ്പ തെരഞ്ഞെടുത്ത വിഷയം. വയോജന ദിനാചരണത്തിൽ ഏതെങ്കിലും വിധത്തിൽ പങ്കളികളാകുന്നവർക്ക് ദണ്ഡവിമോചനവും മാർപ്പാപ്പ പ്രഖ്യാപിച്ചിട്ടുണ്ട്.

ജീവിതത്തിന്റെ സായാഹ്നത്തോടടുക്കുന്ന നമ്മുടെ പ്രിയമുള്ള മുതിർന്ന പൗരന്മാരെ ഓർക്കാൻ, തന്റെ ചോരയും നീരും കുടുംബത്തിന് വേണ്ടി, മക്കൾക്ക് വേണ്ടി സമൂഹത്തിന് വേണ്ടി അർപ്പിച്ച അവരെ ഓർക്കാൻ, അവരെ സ്നേഹിക്കാൻ അവർക്കായി പ്രാർത്ഥിക്കാൻ ഈ ദിവസം നമുക്ക് നീക്കി വയ്ക്കാം.

ഈ പ്രത്യേക ദിനത്തിൽ രണ്ട് വൈദികരും ഒരു സന്യാസിനിയും നമ്മോടു സന്ദേശം പങ്കുവയ്ക്കുന്നു. ചങ്ങനാശേരിക്കടുത്തുള്ള ഇത്തിത്താനം പ്രീസ്ട് ഹോമിൽനിന്നും ഫാ.ജോസഫ് തൂമ്പുങ്കൽ, ഫാ. വർഗീസ് കോടിക്കൽ, പുളിങ്കുന്നു കായൽപ്പുറം ക്ലാരിസ്റ് കോൺവെന്റിലെ സി. ക്ലമന്റ് മേരി FCC എന്നിവർ തങ്ങളുടെ സന്ദേശം പങ്കു വയ്ക്കുന്നത് കാണാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഇത്തിത്താനം പ്രീസ്ട് ഹോമിൽനിന്നും ഫാ.ജോസഫ് തൂമ്പുങ്കൽ, ഫാ. വർഗീസ് കോടിക്കൽ, പുളിങ്കുന്നു കായൽപ്പുറം ക്ലാരിസ്റ് കോൺവെന്റിലെ സി. ക്ലമന്റ് മേരി FCC എന്നിവർ തങ്ങളുടെ സന്ദേശം പങ്കു വയ്ക്കുന്നു.

വയോജനദിന സന്ദേശം മുഴുവൻ കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.