ഇസ്ലാമാബാദ്: വന്‍ കടക്കെണിയില്‍ അകപ്പെട്ട പാകിസ്ഥാന്‍ രാജ്യത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍ വിദേശ രാജ്യങ്ങള്‍ക്ക് വില്‍ക്കാനൊരുങ്ങുന്നു. ഇതിനായുള്ള ഓര്‍ഡിനന്‍സിന് പാകിസ്ഥാന്‍ കാബിനറ്റ് അംഗീകാരം നല്‍കി.
കഴിഞ്ഞ വ്യാഴാഴ്ച ഫെഡറല്‍ കാബിനറ്റ് അംഗീകരിച്ച ഇന്റര്‍ ഗവണ്‍മെന്റല്‍ കൊമേഴ്‌സ്യല്‍ ട്രാന്‍സാക്ഷന്‍സ് ഓര്‍ഡിനന്‍സ് 2022 അനുസരിച്ച് സര്‍ക്കാര്‍ ആസ്തികളില്‍ സ്വകാര്യ വത്കരണത്തിന് വിദേശ രാജ്യങ്ങളെ അനുവദിക്കും. സര്‍ക്കാര്‍ കമ്പനികളുടെ ആസ്തികളും ഓഹരികളും വിദേശ രാജ്യങ്ങള്‍ക്ക് വില്‍ക്കുന്നതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നത് തടയാനും ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്യുന്നുണ്ട്.
പാകിസ്ഥാന്റെ ഉടമസ്ഥതയിലുള്ള എണ്ണ, വാതക കമ്പനികളുടെയും പവര്‍ പ്ലാന്റുകളുടെയും ഓഹരികള്‍ യുഎഇ അടക്കമുള്ള സൗഹൃദ രാജ്യങ്ങള്‍ക്ക് വില്‍ക്കാനാണ് പാക് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിദേശത്ത് നിന്നും 2.5 ബില്യണ്‍ യുഎസ് ഡോളര്‍ വരെ ഇങ്ങനെ സ്വരൂപിക്കാമെന്നാണ് കണക്കു കൂട്ടല്‍.
പാകിസ്ഥാന് പുതിയ വായ്പ അനുവദിക്കാന്‍ യുഎഇ അടുത്തിടെ വിസമ്മതിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുന്‍പ് നല്‍കിയ വായ്പകളില്‍ തിരിച്ചടവിന് വീഴ്ച വരുത്തിയതാണ് കാരണം. ഇതോടെയാണ് രാജ്യത്തെ സര്‍ക്കാര്‍ കുത്തകയിലുള്ള ആസ്തികള്‍ വിദേശികള്‍ക്ക് വില്‍ക്കാന്‍ ആലോചിച്ചത്.
അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നും പുതിയ വായ്പകള്‍ പാകിസ്ഥാന് ലഭിക്കുവാനും ഇത് ആവശ്യമാണ്. സൗഹൃദ രാജ്യങ്ങളില്‍ നിന്ന് രാജ്യം നാല് ബില്യണ്‍ യുഎസ് ഡോളര്‍ സ്വരൂപിച്ചതിന് ശേഷമേ പാകിസ്ഥാന് പുതിയ വായ്പ നല്‍കുന്നതിനെ കുറിച്ച് ചിന്തിക്കുകയുള്ളു എന്ന് ഐഎംഎഫ് വ്യക്തമാക്കിയിരുന്നു.
അതേസമയം പാക് രൂപയിലുണ്ടാവുന്ന ഇടിവും രാജ്യത്തിന് തലവേദനയാവുകയാണ്. ഈ ആഴ്ച പാക് കറന്‍സി മൂല്യത്തിന്റെ 8.3 ശതമാനം ഇടിഞ്ഞിരുന്നു. 1998 നവംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മൂല്യത്തിലാണ് പാക് രൂപയുടെ വിനിമയം ഇപ്പോള്‍ നടക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.