കീവ്: യുദ്ധ പശ്ചാത്തലത്തില്‍ നിശ്ചലമായ കരിങ്കടല്‍ തുറമുഖങ്ങളില്‍ നിന്നുള്ള ധാന്യ കയറ്റുമതി തുടരാന്‍ ഉക്രെയ്‌നും റഷ്യയും യുണൈറ്റഡ് നേഷനുമായി കരാര്‍ ഒപ്പുവച്ചതിന് പിന്നാലെ ഉക്രെയ്‌ന്റെ തെക്കന്‍ തുറമുഖങ്ങളില്‍ റഷ്യയുടെ മിസൈല്‍ ആക്രമണം. തുറമുഖത്തുനിന്നുള്ള ധാന്യ കയറ്റുമതി തകര്‍ക്കാന്‍ റഷ്യ മനപൂര്‍വ്വം ശ്രമിക്കുകയാണെന്നും യുഎന്നുമായി ഉണ്ടാക്കിയ കരാറിന്റെ ലംഘനമാണിതെന്നും ഉക്രെയ്ന്‍ ആരോപിച്ചു.
തുറമുഖത്തെ ഒരു പമ്പിംഗ് സ്റ്റേഷന്റെ സമീപത്താണ് മിസൈലുകള്‍ പതിച്ചത്. ക്രിമിയയ്ക്ക് സമീപമുള്ള കരിങ്കടലിലെ യുദ്ധക്കപ്പലുകളില്‍ നിന്നാണ് മിസൈലുകള്‍ തൊടുത്തതെന്ന് ഉക്രേനിയന്‍ വ്യോമസേനാ വക്താവ് യൂറി ഇഗ്‌നാറ്റ് പറഞ്ഞു. ഉടന്‍ തന്നെ രണ്ട് റഷ്യന്‍ വ്യോമ സേനാംഗങ്ങളെ വെടിവച്ചു വീഴ്ത്തിയതായി ഉക്രെയ്‌നും അവകാശപ്പെട്ടു.
റഷ്യയെ വിശ്വസിക്കാന്‍ കഴിയില്ലെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു. ആക്രമണത്തെ 'ക്രൂരത' എന്ന് വിശേഷിപ്പിച്ച സെലന്‍സ്‌കി പക്ഷെ മിസൈലുകള്‍ കാര്യമായ നാശനഷ്ടം വരുത്തിയിട്ടില്ലെന്നും സ്ഥിരീകരിച്ചു. കരിങ്കടല്‍ തുറമുഖങ്ങളില്‍ നിന്നുള്ള ധാന്യ കയറ്റുമതി പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയുടെ തുറമുഖ മിസൈല്‍ ആക്രമണത്തെ ഐക്യരാഷ്ട്രസഭ, യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക, ബ്രിട്ടന്‍, ജര്‍മ്മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ ശക്തമായി അപലപിച്ചു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കരാര്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നതായി വെള്ളിയാഴ്ച യുഎന്‍ അധികൃതര്‍ പറഞ്ഞു.
ധാന്യ കയറ്റുമതി പുനരാരംഭിക്കാനായി റഷ്യയും ഉക്രെയ്‌നും യുഎന്നുമായി വെവ്വേറെ കരാറുകളില്‍ ഒപ്പുവച്ച് മൂന്ന് ദിവസം തികയും മുന്‍പാണ് ഇപ്പോഴുണ്ടായ മിസൈല്‍ ആക്രമണം. നേരിട്ട് കരാര്‍ ഒപ്പുവയ്ക്കില്ലെന്ന റഷ്യയും ഉക്രെയ്‌നും നിര്‍ബന്ധം പിടച്ചതാണ് വെവ്വേറെ കരാറിന് ഇടയാക്കിയത്. കരിങ്കടല്‍ തുറമുഖങ്ങളില്‍ നിന്ന് കയറ്റുമതി പുനരാരംഭിക്കുന്നതോടെ ആഗോള ഭക്ഷ്യവിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കഴിയും.
അതേസയമം ആക്രണവുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്ന് റഷ്യന്‍ വക്താവ് പറഞ്ഞു. റഷ്യന്‍ പ്രതിരോധ മന്ത്രാലയ പ്രസ്താവനകളിലോ സൈന്യത്തിന്റെ സായാഹ്ന സംഗ്രഹത്തിലോ ഒഡേസയിലെ മിസൈല്‍ ആക്രമണങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.