കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി ഇന്ദിരയുടെ സ്ഥാനാർത്ഥിയായി രാഷ്ട്രപതിയായ വി.വി ഗിരി

കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി ഇന്ദിരയുടെ സ്ഥാനാർത്ഥിയായി രാഷ്ട്രപതിയായ വി.വി ഗിരി

ഭാരതത്തിന്റെ രാഷ്ട്രപതിമാർ: പരമ്പര - 4

ഇന്ത്യൻ രാഷ്ട്രപതി തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അധ്യായമാണ് 1969 ലെ തിരഞ്ഞെടുപ്പ്. ഡോ. സാക്കിർ ഹുസൈൻ മരണപ്പെട്ടപ്പോൾ ഉപരാഷ്ട്രപതിയായിരുന്നു വി.വി ഗിരി ആക്ടിങ് പ്രസിഡന്റായി. പിന്നാലെ 1969 ജൂലൈ 14 ന് തിരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രപതി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നാമനിർദ്ദേശ പത്രികകൾ ജൂലൈ 24 നും വോട്ടെടുപ്പ് ഓഗസ്റ്റ് 16 നും നടത്തണം. അതോടെ ജനകീയ തൊഴിലാളി യൂണിയൻ നേതാവായി പേരെടുത്ത വി.വി ഗിരി ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചു.

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കാൻ വേണ്ടിയായിരുന്നു ആ രാജി. ലോക്സഭാ മുൻ സ്പീക്കറായിരുന്ന നീലം സഞ്ജീവ റെഡ്ഡിയെ കോൺഗ്രസ് പാർട്ടി ഔദ്യോഗിക സ്ഥാനാർഥിയാക്കി. അതേസമയം സ്വതന്ത്ര പാർട്ടിയും ജനസംഘവും മറ്റ് പ്രതിപക്ഷ സ്ഥാനാർത്ഥികളും നെഹ്റുവിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന ചിന്താമൻ ദ്വാരകാനാഥ് ദേശ്മുഖിനെ തങ്ങളുടെ സ്ഥാനാർഥിയാക്കി രംഗത്തിറക്കി. ഇതിനൊപ്പം പാർട്ടി പാരമ്പര്യവും അച്ചടക്കവും ലംഘിച്ച് ഇന്ദിരാഗാന്ധി വി.വി ഗിരിയെ പിന്തുണയ്ക്കുമെന്ന് തീരുമാനിച്ചു.

എന്നാൽ ഈ തീരുമാനം പരസ്യമാക്കിയില്ല. പകരം ആ സന്ദേശം വിശ്വസ്തരെ അറിയിക്കുകയും വി.വി ഗിരിയെ പിന്തുണയ്ക്കാൻ രാജ്യത്തെ യുവ എം.പിമാരോട് ആവശ്യപ്പെടാനും പറഞ്ഞു. തന്റെ അപ്രമാദിത്വത്തിന് റെഡ്ഡി ഭീഷണിയാകും എന്ന് ഇന്ദിര ഭയന്നിരുന്നതാണ് ഈ ചുവടുമാറ്റത്തിന് കാരണമായി കരുതുന്നത്. ഒപ്പം ഇന്ദിരയ്ക്കെതിരായ മൊറാൾജി ദേശായി സിൻഡിക്കേറ്റിന്റെ സ്ഥാനാർത്ഥിയാണ് റെഡ്ഡിയെന്നതും കാരണമായി.

ഇന്ദിര എന്താണ് ചെയ്യുന്നതെന്ന് പാർട്ടിക്ക് മനസിലായി. പാർട്ടിയുടെ സ്ഥാനാർത്ഥി നീലം സഞ്ജീവ റെഡ്ഡിയെ പരസ്യമായി പിന്തുണയ്ക്കാൻ പാർട്ടി പ്രസിഡന്റ് എസ്. നിജലിംഗപ്പ സമ്മർദ്ദം ചെലുത്തിയെങ്കിലും ഇന്ദിരാഗാന്ധി അത് നിരസിച്ചു. 1969 ഓഗസ്റ്റ് 16 ന് രാഷ്ട്രപതി തിരഞ്ഞെടുപ്പിന് വെറും നാല് ദിവസം ശേഷിക്കെ ഇന്ദിരാഗാന്ധി തന്റെ നിലപാട് പരോക്ഷമായി പ്രഖ്യാപിച്ചു. പാർട്ടി എം.പിമാരും എം.എൽ.എമാരും മനസാക്ഷിയുടെ ശബ്ദത്തിൽ വോട്ട് ചെയ്യണമെന്നായിരുന്നു ആ വാക്കുകൾ. ആ പ്രസ്താവനയ്ക്ക് പിന്നിലെ നിലപാട് എല്ലാവർക്കും മനസിലായി.

ഇന്ദിരാഗാന്ധി ആഗ്രഹിച്ചത് സംഭവിച്ചു. പാർട്ടി എം.പിമാരും എം.എൽ.എമാരും വി.വി ഗിരിക്ക് പിന്തുണയുമായി എത്തി. കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായിരുന്ന നീലം സഞ്ജീവ റെഡ്ഡിയെ പരാജയപ്പെടുത്തി ഇന്ദിരയുടെ സ്ഥാനാർത്ഥിയായ വി.വി ഗിരി രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. റെഡ്ഡിക്കെതിരെ ഒരു ശതമാനത്തിലധികം വോട്ടുകൾക്കാണ് വി.വി ഗിരിയുടെ ജയം കണ്ടത്.

രണ്ടാം മുൻഗണനാ വോട്ടിലൂടെ സ്ഥാനാർത്ഥികളുടെ വിധി നിർണയിച്ചതും അന്നായിരുന്നു. കൂടാതെ ആദ്യമായി വോട്ടിങിൽ കർശനമായ രഹസ്യാത്മകത ഉറപ്പാക്കി. ബാലറ്റ് പേപ്പറുകളുടെ പിൻഭാഗത്തുള്ള സീരിയൽ നമ്പറുകൾ നാല് മൂലകളിൽ ഒട്ടിച്ച നിറമുള്ള കടലാസുകൾ കൊണ്ട് മറച്ചു. എം.എൽ.എമാർക്ക് സംസ്ഥാന തലസ്ഥാനങ്ങൾക്ക് പകരം പാർലമെന്റ് ഹൗസിൽ വോട്ട് ചെയ്യാൻ അനുവാദം ലഭിച്ചതും 69 ലായിരുന്നു. കോൺഗ്രസ് അധികാരത്തിലുണ്ടായിരുന്ന 12 ൽ 11 സംസ്ഥാനത്തും ഗിരി നേട്ടമുണ്ടാക്കി. മൊത്തം 15 സ്ഥാനാർഥികളാണ് അന്നുണ്ടായിരുന്നത്. ഇതിൽ അഞ്ച് പേർക്ക് ഒരു വോട്ടുപോലും ലഭിച്ചില്ല.

ജയത്തോടെ വി.വി ഗിരി എന്നറിയപ്പെടുന്ന വരാഹ ഗിരി വെങ്കട ഗിരി രാഷ്ട്രപതിയായും താത്കാലിക രാഷ്ട്രപതിയായും സേവനമനുഷ്ഠിച്ചിട്ടുള്ള ഒരേയൊരു വ്യക്തിയെന്ന വിശേഷണം സ്വന്തമാക്കി. കേന്ദ്ര തൊഴിൽ മന്ത്രിയായും ശ്രീലങ്കൻ ഹൈക്കമ്മീഷണറായും പ്രവർത്തിച്ചിട്ടുണ്ട്. വി.വി ഗിരിയാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ ഇന്ത്യൻ രാഷ്ട്രപതിയായത്.

1971 ലെ അടിയന്തരാവസ്ഥ സമയത്തെ രാഷ്ട്രപതിയായിരുന്ന അദ്ദേഹം 1957-1960 ൽ ഉത്തർ പ്രദേശ്, 1960-1965 ൽ കേരളം എന്നീ സംസ്ഥാനങ്ങളുടെയും 1965-1967 വരെ മൈസൂരിന്റെയും ഗവർണറായിരുന്നു. 1894 ഓഗസ്റ്റ് 10 ന് ഒറീസയിലെ ഗൻജാം ജില്ലയിലെ ബെഹ്റാം പൂരിലാണ് വി.വി ഗിരി ജനിച്ചത്. മദ്രാസിലായിരുന്നു ആദ്യകാല വിദ്യാഭ്യാസം. പിന്നീട് നിയമം പഠിക്കാൻ ഗിരി അയർലണ്ടിലേക്ക് പോയി. എ.ഐ.ടി.യു.സി, അഖിലേന്ത്യാ റയിൽവേ വർക്കേഴ്സ് ഫെഡറേഷൻ എന്നിവയുടെ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന ഗിരി മികച്ച എഴുത്തുകാരനും പ്രാസംഗികനുമായിരുന്നു.

1914 ൽ ലണ്ടനിൽ വച്ച് ഗാന്ധിജിയെ കണ്ടുമുട്ടിയതോടെ സ്വാതന്ത്ര്യസമരത്തിൽ ആകൃഷ്ടനായി. 1921ൽ ബെഹ്റാംപൂരിൽ മദ്യഷാപ്പ് പിക്കറ്റ് ചെയ്ത് അറസ്റ്റ് വരിച്ചു. ബംഗാൾ-നാഗ്പുർ റയിൽവേ മെൻസ് യൂണിയൻ സ്ഥാപിച്ച അദ്ദേഹം 1927 ൽ സമരം നയിച്ച് തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിലും പങ്ക് വഹിച്ചു. 1967 ലാണ് ഗിരിയെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുത്തത്. 1975 ൽ ഭാരതരത്നം നൽകി രാജ്യം ആദരിച്ചു.

ഇന്ത്യയുടെ ആദ്യത്തെ ആക്ടിംഗ് രാഷ്ട്രപതി, 1967 മുതൽ 1969 വരെ ഉപരാഷ്ട്രപതിയായിരിക്കുകയും ഉപരാഷ്ട്രപതിസ്ഥാനം രാജിവച്ച് രാഷ്ട്രപതിയാവുകയും ചെയ്ത ആദ്യവ്യക്തി, ഏറ്റവും കുറച്ച് ഭൂരിപക്ഷത്തിൽ വിജയിച്ച രാഷ്ട്രപതി, നെഹ്രു മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് കൈകാര്യം ചെയ്തിരുന്നതും പിന്നീട് ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറാകുകയും ചെയ്ത ശേഷം രാഷ്ട്രപതിയായ വ്യക്തി, ഒറീസയിൽ ജനിച്ച രാഷ്ട്രപതി, കേരളത്തിൽ ഗവർണർ പദവി അലങ്കരിച്ചിട്ടുള്ള രാഷ്ട്രപതി, 1971 ലെ അടിയന്തരാവസ്ഥ സമയത്തെ ഇന്ത്യൻ രാഷ്ട്രപതി, ജോബ് ഫോർ മില്ല്യൺസ് എന്ന ഗ്രന്ഥത്തിന്റെ കർത്താവ് എന്നീ നിലകളിൽ അദ്ദേഹം പ്രശസ്തനാണ്.

വോയ്സ് ഓഫ് കോൺഷ്യൻസ്, ലേബർ പ്രോബ്ലംസ് ഇൻ ഇന്ത്യൻ ഇൻഡസ്ട്രി, മൈ ലൈഫ് ആൻഡ് ടൈംസ് എന്നിവ അദ്ദേഹത്തിന്റെ കൃതികളാണ്. 1980 ൽ വി.വി ഗിരി അന്തരിച്ചു.

തുടരും….

ഭാരതത്തിന്റെ രാഷ്ട്രപതിമാർ എന്ന പരമ്പരയുടെ ആദ്യ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.