ഫ്യോ സെയ താവ്
ന്യേപിഡോ: ജനാധിപത്യ ധ്വംസനം പതിവായ മ്യാന്‍മറില്‍ മുന്‍ പാര്‍ലമെന്റ് അംഗത്തെയും ജനാധിപത്യ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ മൂന്നു പേരെയും സൈനിക ഭരണകൂടം തൂക്കിലേറ്റി. നാലു രാഷ്ട്രീയ തടവുകാരെ വധിച്ചെന്ന് മ്യാന്‍മര്‍ ഭരണകൂടം വ്യക്തമാക്കി. ഇവരുടെ വധശിക്ഷ നടപ്പാക്കുന്നതിന് എതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് ശിക്ഷ നടപ്പാക്കിയത്.
നാലു പേരും രാജ്യത്ത് സമാധാനം തകര്‍ക്കാന്‍ കൂട്ടക്കൊലകളും കലാപങ്ങളും ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തുവെന്നാണ് മ്യാന്‍മര്‍ ഭരണകൂടം പറയുന്നത്. തടങ്കിലാക്കപ്പെട്ട ആങ് സാന്‍ സൂചിയുടെ പാര്‍ട്ടിയിലെ പാര്‍ലമെന്റ് അംഗമായിരുന്ന ഫ്യോ സെയ താവ് (41) ആണ് തൂക്കിലേറ്റപ്പെട്ടവരില്‍ പ്രധാനി. ഇദ്ദേഹം കുറ്റക്കാരനാണെന്ന് ജനുവരിയില്‍ സൈനിക കോടതി വിധിച്ചിരുന്നു. കഴിഞ്ഞ നംബറിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
2007 ല്‍ ജനകീയ പ്രക്ഷോഭത്തില്‍ പങ്കുചേരുന്നതിന് മുന്‍പ് അദ്ദേഹം ഒരു ഹിപ്ഹോപ് സംഗീതതജ്ഞന്‍ ആയിരുന്നു. 2008 ല്‍ സര്‍ക്കാരിന് എതിരെ ഗൂഢാലോചന നടത്തി എന്നാരോപിച്ച് സൈനിക ഭരണകൂടം അദ്ദേഹത്തെ ജയിലില്‍ അടച്ചിരുന്നു. ക്യാവ് മിന്‍ യു (53) എന്ന ജനാധിപത്യ പ്രക്ഷോഭ നേതാവാണ് വധിക്കപ്പെട്ട മറ്റൊരാള്‍.
1988 ല്‍ സൈനിക ഭരണകൂടത്തിന് നേരെ നടന്ന ജനകീയ പ്രക്ഷോഭത്തിലെ മുഖ്യ കണ്ണിയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒക്ടോബറിലാണ് അറസ്റ്റിലായത്. ഗ്രാമങ്ങളില്‍ ഗറില്ലാ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി എന്നാണ് ഇദ്ദേഹത്തിന് മേല്‍ ചുമത്തിയിട്ടുള്ള കുറ്റം.
ഹ്ല മ്യോ ആങ്, ആങ് തുര സാവ് എന്നിവര്‍ 2021 ല്‍ ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസിലാണ് വധ ശിക്ഷക്ക് വിധിക്കപ്പെട്ടത്. സൈന്യത്തിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ചാണ് സ്ത്രീയെ ഇവര്‍ കൊന്നത്. മ്യാന്‍മര്‍ ഭരണകൂടത്തിന്റെ നടപടിക്ക് എതിരെ യുഎന്നും മറ്റു മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തി. ജനാധിപത്യ വാദികളെ വധിക്കുന്നത് മനുഷ്യത്വ വിരുദ്ധമാണെന്ന് യുഎന്‍ പ്രതികരിച്ചു.
എന്നാല്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ വിമര്‍ശനങ്ങള്‍ തള്ളിയ മ്യാന്‍മര്‍ വിദേശകാര്യ മന്ത്രാലയം ഇവര്‍ നാലുപേരും സാധാരണക്കാരായ ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെടുന്നതിന് കാരണമായ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് അവകാശപ്പെട്ടു.
2021 ലാണ് മ്യാന്‍മറില്‍ ആങ് സാന്‍ സൂചിയുടെ നേതൃത്വത്തിലുണ്ടായിരുന്ന തെരഞ്ഞെടുത്ത സര്‍ക്കാരിനെ അട്ടിമറിച്ച് സൈന്യം വീണ്ടും ഭരണം കൈക്കലാക്കിയത്. ഇതിന് പിന്നാലെ സമാധാനപരാമായി നടന്ന പ്രക്ഷോഭങ്ങള്‍ സായുധ ആക്രമണങ്ങളിലേക്ക് മാറുകയായിരുന്നു.
1976 ലാണ് ഇതിന് മുന്‍പ് മ്യാന്‍മറില്‍ വധശിക്ഷ നടപ്പാക്കിയത്. വിദ്യാര്‍ത്ഥി നേതാവായിരുന്ന സലയ് തിന്‍ മൗഗ് ഓയെ അന്നത്തെ സൈനിക സര്‍ക്കാര്‍ തൂക്കിലേറ്റിയിരുന്നു. പിന്നീട് അമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മ്യാന്‍മറില്‍ വധശിക്ഷ നടപ്പാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.