കാന്‍ബറ: ആന്റണി ആല്‍ബനീസിയുടെ നേതൃത്വത്തിലുള്ള പുതിയ ലേബര്‍ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ആദ്യമായി ഇന്ന് രാവിലെ ഫെഡറല്‍ പാര്‍ലമെന്റ് സമ്മേളിച്ചതോടെ അത് ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വൈവിധ്യമേറിയ സഭയ്ക്കാണ് സാക്ഷ്യം വഹിച്ചത്. ഇന്നു രാവിലെയാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തത്. ഇരുസഭകളിലും ഇക്കുറി വനിതകളുടെ പ്രാതിനിധ്യത്തില്‍ റെക്കോഡിട്ടാണ് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് ആഗോള തലത്തില്‍ ശ്രദ്ധ നേടിയത്. ജനപ്രതിനിധി സഭയുടെ 38 ശതമാനവും സെനറ്റിന്റെ 57 ശതമാനവുമാണ് സ്ത്രീ പ്രാതിനിധ്യം.
19 പുതിയ വനിതാ എംപിമാരുള്‍പ്പെടെ 58 വനിതകളാണ് ലേവര്‍ ഹൗസിലുള്ളത്. അതേസമയം, ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ നേരിയ ഭൂരിപക്ഷമുള്ള ഒാസ്‌ട്രേലിയയില്‍ സഭയ്ക്ക് ഇനിയും ഏറെ മുന്നേറാനുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിന് കുറച്ചുകൂടി ചെറുപ്പം വേണമെന്ന വാദമുന്നയിക്കുന്നവരും നിരവധിയാണ്. എണ്‍പതുകളുടെ ഒടുവിലും തൊണ്ണൂറുകളുടെ തുടക്കത്തിലും ജനിച്ചവരുടെ തലമുറയ്ക്ക് പാര്‍ലമെന്റില്‍ പ്രാതിനിധ്യമില്ലാത്തതു മറ്റൊരു പോരായ്മയായി ചൂണ്ടിക്കാട്ടുന്നു.
ദേശീയ ശരാശരിയായ 38 വയസിനേക്കാള്‍ വളരെ കൂടുതല്‍ പ്രായമുള്ളവരാണ് ഓസ്ട്രേലിയയുടെ നേതൃത്വത്തില്‍. പ്രധാനമന്ത്രി ആന്റണി അല്‍ബനീസിന് 59 വയസും പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ് 51 വയസുമാണുള്ളത്.
അതേസമയം കാനഡ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് സാംസ്‌കാരിക വൈവിധ്യത്തില്‍ ഏറെ പിന്നിലാണെന്ന് ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ ജെന്‍ഡര്‍ ആന്‍ഡ് കള്‍ച്ചറല്‍ ഡൈവേഴ്സിറ്റി റിസര്‍ച്ച് ഫെല്ലോ ഓസ്മണ്ട് ചിയു പറഞ്ഞു.
ബഹുസ്വരതയെ പ്രതിഫലിപ്പിക്കുന്നതില്‍ ഓസ്ട്രേലിയന്‍ ഫെഡറല്‍ പാര്‍ലമെന്റ് ഇനിയും ഒരുപാട് ദൂരം പോകാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊളോണിയല്‍ സ്വഭാവമുള്ള ബ്രിട്ടണ്‍ പോലും ഇക്കാര്യത്തില്‍ മുന്നിലാണ്. ഇന്ത്യന്‍ വംശജനായ റിഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായതും ഇതിന് ഉദാഹരണമാണ്.
23% ഓസ്ട്രേലിയക്കാര്‍ യൂറോപ്യന്‍ ഇതര പശ്ചാത്തലമുള്ളവരാണ്. എന്നാല്‍ പാര്‍ലമെന്റിലെ 227 എംപിമാരില്‍ 15 (6.6 ശതമാനം) പേര്‍ക്കു മാത്രമാണ് യൂറോപ്യന്‍ പശ്ചാത്തലമില്ലാത്തത്. ഓസ്ട്രേലിയന്‍ ജനസംഖ്യയുടെ 18% ശതമാനം ഏഷ്യന്‍ വംശജരാണെങ്കിലും പാര്‍ലമെന്റിലെ എംപിമാരില്‍ അത് 4.4% പേര്‍ മാത്രമാണ്. അതേസമയം ലണ്ടന്‍ അസംബ്ലിയില്‍, 32 ശതമാനം അംഗങ്ങള്‍ ഏഷ്യന്‍, കറുത്ത വംശജര്‍, ന്യൂനപക്ഷ വംശീയ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്.
ഒന്റാറിയോ പാര്‍ലമെന്റില്‍ പോലും 23.4% എംപിമാര്‍ യൂറോപ്യന്‍ ഇതര പശ്ചാത്തലത്തില്‍ നിന്നുള്ളവരാണ്.
ഓസ്ട്രേലിയന്‍ പാര്‍ലമെന്റില്‍ തദ്ദേശീയ പ്രാതിനിധ്യമില്ലായ്മയ്ക്ക് ഇക്കുറി ഏറെക്കുറെ പരിഹാരമായിട്ടുണ്ട്. ഉപരിസഭയില്‍ എട്ട് തദ്ദേശീയ സെനറ്റര്‍മാരും ജനപ്രതിനിധിസഭയില്‍ മൂന്ന് തദ്ദേശീയ എംപിമാരും ഇക്കുറിയുണ്ട്. അത് പാര്‍ലമെന്റിലെ മൊത്തം തദ്ദേശീയ പ്രാതിനിധ്യം 4.8 ശതമാനമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.