കോന്നി: ഒരൊറ്റ ദിവസം കൊണ്ട് ഓണ്‍ലൈന്‍ റമ്മി കളിച്ച് എട്ട് ലക്ഷം രൂപ നഷ്ടപ്പെടുത്തിയ യുവാവിനെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ട കോന്നിയിലാണ് സംഭവം. ആത്മഹത്യ പ്രവണത കാണിക്കുന്ന യുവാവിനെ വീട്ടുകാരാണ് മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. ഓണ്‍ലൈന്‍ ചീട്ടുകളിക്ക് അടിമയായിരുന്ന യുവാവ് ഇത്രയധികം പണം നഷ്ടപ്പെടുത്തിയെന്ന് വീട്ടുകാരറിയത് അടുത്ത ദിവസമാണ്.
റമ്മി കളിയിലൂടെ പണം നഷ്ടമായ മറ്റൊരാളാണ് ബന്ധുക്കളോട് ഈ വിവരം വെളിപ്പെടുത്തിയതെന്ന് ടിവി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത ബന്ധുക്കളോടും സുഹൃത്തുക്കളോടും പണം കടംവാങ്ങി ഇയാള്‍ ഓണ്‍ലൈന്‍ റമ്മി കളിക്കാന്‍ തുടങ്ങിയതോടെയാണ് വിവരം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
ഒരാഴ്ച്ച മുമ്പ് ഓണ്‍ലൈന്‍ റമ്മി കളിച്ച് 35 ലക്ഷം രൂപയുടെ കടം വരുത്തിവച്ച മാധ്യമപ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തിരുന്നു. ഓരോ തവണ പണം നഷ്ടമാവുമ്പോഴും അടുത്ത തവണ തിരിച്ചുപിടിക്കാമെന്ന വാശിയിലാണ് കളിക്കുന്നതെന്ന് പണം നഷ്ടമായവര്‍ പറയുന്നു. സമ്മാനം അടിക്കുമ്പോള്‍ പണം ഉടനെ ലഭിച്ചില്ലെങ്കിലും തോറ്റാല്‍ അക്കൗണ്ടില്‍ നിന്ന് അപ്പോള്‍ തന്നെ പണം പോകുമെന്ന് പണം നഷ്ടപ്പെട്ടവര്‍ പറയുന്നു.
ഓണ്‍ലൈന്‍ റമ്മിയുടെ പരസ്യങ്ങളില്‍ നിന്ന് സിനിമാ താരങ്ങള്‍ പിന്മാറണമെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തരം പരസ്യങ്ങളില്‍ നിന്ന് താരങ്ങളെ പിന്തിരിപ്പിക്കാന്‍ സാംസ്‌കാരിക മന്ത്രി ഇടപെടണമെന്നും കെ.ബി ഗണേഷ് കുമാര്‍ നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഓണ്‍ലൈന്‍ റമ്മിയുടെ പരസ്യത്തില്‍ ഇനി അഭിനയിക്കില്ലെന്ന് നടന്‍ ലാല്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.