പുരപ്പുറ സോളാര്‍ പദ്ധതിയുടെ മറവില്‍ കെ.എസ്.ഇ.ബിയുടെ കൊള്ള തടഞ്ഞ് റെഗുലേറ്ററി കമ്മിഷന്‍

പുരപ്പുറ സോളാര്‍ പദ്ധതിയുടെ മറവില്‍ കെ.എസ്.ഇ.ബിയുടെ കൊള്ള തടഞ്ഞ് റെഗുലേറ്ററി കമ്മിഷന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു ലക്ഷത്തോളം വൈദ്യുതി ഉപഭോക്താക്കളെ വൈദ്യുതി അളവെടുപ്പിന്റെ മറവില്‍ കൊള്ളയടിക്കാനുള്ള കെ.എസ്.ഇ.ബിയുടെ നീക്കം റെഗുലേറ്ററി കമ്മിഷന്‍ തടഞ്ഞു. പുരപ്പുറ സോളാര്‍ പദ്ധതി പ്രകാരം തല്‍ക്കാലം നിലവിലുള്ള നെറ്റ് മീറ്ററിങ് തുടര്‍ന്നാല്‍ മതിയെന്നും വേണമെങ്കില്‍ പുരപ്പുറ സോളാര്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി മറ്റാര്‍ക്കെങ്കിലും വില്‍ക്കാനും അവകാശമുണ്ടായിരിക്കുമെന്നും കമ്മിഷന്‍ വ്യക്തമാക്കി.

കമ്മിഷന്‍ ചെയര്‍മാനായിരുന്ന പ്രേമന്‍ ദിനരാജ് കാലാവധി പൂര്‍ത്തിയാകുന്നതിനു തൊട്ടു മുമ്പാണ് സോളാര്‍ ഉടമകളെ രക്ഷിക്കുന്ന ഉത്തരവിറക്കിയത്. ഉത്തരവ് ആഗസ്റ്റ് ഒന്നു മുതല്‍ നടപ്പിലാകും. വീടുകളിലെ സോളാര്‍ പാനലില്‍ നിന്ന് കെ.എസ്.ഇ.ബി ലൈനിലേക്കും അതില്‍ നിന്ന് ഗാര്‍ഹികാവശ്യങ്ങള്‍ക്ക് വീട്ടിലേക്കും വരുന്ന വൈദ്യുതി ഒരു ബൈ ഡയറക്ഷണല്‍ മീറ്റര്‍ ഉപയോഗിച്ച് അളക്കുന്നതാണ് നിലവിലെ നെറ്റ് മീറ്ററിങ്.

വീട്ടുടമ അധികമായി ഉപയോഗിക്കുന്ന വൈദ്യുതിക്ക് മാത്രം നിലവിലെ താരിഫ് പ്രകാരം പണമടച്ചാല്‍ മതി. വീട്ടുടമ കുറവ് വൈദ്യുതിയാണ് ഉപയോഗിക്കുന്നതെങ്കില്‍ മിച്ചമുള്ള വൈദ്യുതിയുടെ വിലയായി യൂണിറ്റിന് 3.91രൂപ നിരക്കില്‍ വീട്ടുടമയ്ക്ക് നല്‍കും. എന്നാല്‍ കെ.എസ്.ഇ.ബി വീട്ടിലേക്ക് നല്‍കുന്ന വൈദ്യുതിയും സോളാര്‍ പാനലില്‍ നിന്ന് കെ.എസ്.ഇ.ബിക്ക് നല്‍കുന്ന വൈദ്യുതിയും രണ്ടു മീറ്റര്‍ ഉപയോഗിച്ച് അളക്കുന്ന ഗ്രോസ് മീറ്ററിങ് വേണമെന്നാണ് കെ.എസ്.ഇ.ബിയുടെ പുതിയ നിലപാട്. ഇതനുസരിച്ച്, വീട്ടുടമ സോളാറില്‍ നിന്ന് നല്‍കുന്ന വൈദ്യുതിക്ക് 3.97രൂപ നിരക്കില്‍ പണം നല്‍കും. വീട്ടില്‍ ഉപയോഗിക്കുന്ന വൈദ്യുതിക്ക് സബ്‌സിഡിയില്ലാത്ത നിരക്കില്‍ വലിയ തുകയുടെ ബില്‍ വരും.

നെറ്റ് മീറ്ററിങ് സംവിധാനത്തില്‍ കെ.എസ്.ഇ.ബി വന്‍ നഷ്ടം നേരിടുന്നുണ്ടെന്നാണ് ഗ്രോസ് മീറ്ററിങ് വേണമെന്നതിന് കാരണമായി പറഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.