ഇത്തിഹാദ് റെയില്‍ പദ്ധതി : മികച്ച യാത്രാസൗകര്യമൊരുക്കുക ലക്ഷ്യം

ഇത്തിഹാദ് റെയില്‍ പദ്ധതി : മികച്ച യാത്രാസൗകര്യമൊരുക്കുക ലക്ഷ്യം

അബുദബി: യുഎഇയുടെ ദേശീയ റെയില്‍ ശൃംഖലയായ ഇത്തിഹാദ് റെയില്‍ പദ്ധതി മികച്ച യാത്രാസൗകര്യമൊരുക്കുമെന്ന് അധികൃതർ. വീട്ടില്‍ നിന്നോ ഓഫീസില്‍ നിന്നോ ഇറങ്ങുന്നതുമുതല്‍ അന്തിമ ലക്ഷ്യസ്ഥാനത്ത് എത്തുന്നത് വരെയുളള യാത്രാ സൗകര്യം ഇത്തിഹാദ് പദ്ധതിയിലുണ്ടാകുമെന്നാണ് അധികൃതർ നല്‍കുന്ന വാഗ്ദാനം.


വിവിധ എമിറേറ്റുകളിലെ വ്യത്യസ്ത ഗതാഗത സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ഇത് സാധ്യമാക്കുന്നത്. യാത്രാക്കാർക്ക് എളുപ്പത്തിലും സൗകര്യപ്രദമായും യാത്ര ഒരുക്കുകയെന്നുളളതാണ് ലക്ഷ്യമെന്ന് ഡയറക്ടർ അഹമ്മദ് അല്‍ മുസാവ അല്‍ ഹാഷിമി അറിയിച്ചു.

പൊതു ഗതാഗത സംവിധാനം താമസക്കാർക്കും വിനോദസഞ്ചാരികള്‍ക്കും ഒരു പോലെ പ്രയോജനപ്പെടുന്ന തരത്തിലായിരിക്കും സജ്ജമാക്കുക.
സ്റ്റേഷനില്‍ നിന്ന് സ്റ്റേഷനിലേക്ക് എന്നുളളതല്ല ഇത്തിഹാദ് റെയിലിന്‍റെ ആശയം. മറിച്ച് ഒരു വാതിലില്‍ നിന്ന് മറ്റൊരു വാതിലിലേക്ക് എന്നുളളതാണ്. അതുകൊണ്ടുതന്നെ വീട്ടിലേക്കോ ഓഫീസിലേക്കോ വിനോദ സഞ്ചാരകേന്ദ്രത്തിലേക്കോ പോകാന്‍ തക്കവണ്ണം മറ്റ് ഗതാഗതമാർഗ്ഗങ്ങളേയും സംയോജിപ്പിച്ചാകും റെയില്‍ പദ്ധതി യാഥാർത്ഥ്യമാവുകയെന്നും അദ്ദേഹം അറിയിച്ചു.


യാത്രാ തീവണ്ടി 11 നഗരങ്ങളെ ബന്ധിപ്പിക്കും. അല്‍ സിലയില്‍ നിന്ന് ഫുജൈറയിലേക്ക് ഗതാഗതം സാധ്യമാകും. അല്‍ റുവൈസ്, അല്‍ മിർഫ,ദുബായ്, ഷാർജ,അല്‍ ദൈദ്, അബുദബി നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാകും യാത്ര.
റെയില്‍ പാത വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തുടർച്ചയായ പഠനങ്ങള്‍ നടക്കുകയാണ്. സുരക്ഷിതമായ രീതിയില്‍ ഭാവിയിലേക്ക് വികസനം സാധ്യമാകും വിധമാണ് നിർമ്മാണമെന്നും അദ്ദേഹം അറിയിച്ചു. ഇരട്ട പാതയിലൂടെ ഗതാഗതം സജ്ജമാക്കാനാണ് ലക്ഷ്യം.

ഓരോ തീവണ്ടിയിലും 400 ലധികം യാത്രക്കാർക്ക് ഇരുന്ന് സഞ്ചരിക്കാം. മണിക്കൂറില്‍ 200 കിലോമീറ്ററാണ് വേഗം. ദുബായില്‍ നിന്ന് അബുദബിയിലേക്ക് 50 മിനിറ്റുകൊണ്ടും ഫുജൈറയില്‍ നിന്ന് അബുദബിയിലേക്ക് 100 മിനിറ്റുകൊണ്ടും യാത്ര സാധ്യമാകും.2030 ആകുമ്പോഴേക്കും യാത്രക്കാരുടെ എണ്ണം പ്രതിവർഷം 36.5 ദശലക്ഷത്തിലധികം എത്തുമെന്നാണ് വിലയിരുത്തല്‍


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.