കാഴ്ചയ്ക്ക് മനോഹരം, നല്ല സുഗന്ധം; കുറച്ച് ശ്രദ്ധിച്ചാൽ റോസാ ചെടി കൃഷിയിലൂടെ പണം നേടാം

കാഴ്ചയ്ക്ക് മനോഹരം, നല്ല സുഗന്ധം; കുറച്ച് ശ്രദ്ധിച്ചാൽ റോസാ ചെടി കൃഷിയിലൂടെ പണം നേടാം

ലോകത്ത് വാണിജ്യാടിസ്ഥാനത്തില്‍ വളരെയധികം ഉപയോഗിക്കുന്ന മനോഹര പുഷ്പങ്ങളില്‍ ഒന്നാണ് റോസപ്പൂവ്. കാഴ്ചയ്ക്ക് മാധുര്യം നൽകുന്നത് പോലെ തന്നെ നല്ല സുഗന്ധവും ഇവ നൽകുന്നു.

പൂവിതളില്‍ നിന്നും സുഗന്ധമുള്ള പനിനീര്‍ വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്നതുകൊണ്ട് തന്നെ ഈ ചെടി പനിനീര്‍ച്ചെടി എന്നാണ് അറിയപ്പെടുന്നത്. കണ്ണിലുണ്ടാകുന്ന ചില അസുഖങ്ങള്‍ക്കു പ്രതിവിധിയായും സുഗന്ധ ലേപനമായും പരമ്പരാഗതമായി ഇവ ഉപയോഗിച്ചിരുന്നു. വിവിധ നിറങ്ങളിലും വലിപ്പത്തിലും കാണപ്പെടുന്ന ഈ പുഷ്പങ്ങള്‍ ആരെയും ആകർഷിക്കുന്ന ഒന്നാണ്.

ഊട്ടിയിലെ റോസ് ഗാര്‍ഡനില്‍ 5000 ത്തോളം വര്‍ഗങ്ങളിലുള്ള റോസാച്ചെടികള്‍ ഉണ്ട്. ഏകദേശം 25,000 പരം ഇനങ്ങളിലുള്ള‍ പനിനീര്‍ച്ചെടികള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഉണ്ട്. നിറം, വലിപ്പം,ആകൃതി, ഗന്ധം എന്നിവ അടിസ്ഥാനമാക്കി പ്രധാനമായും അഞ്ചായി ചെടികള്‍ വിഭജിച്ചിട്ടുണ്ട്. റോസാ ചെടികളുടെ നടീല്‍ വസ്തുവായി ഉപയോഗിക്കുന്നത് ചെടിയില്‍ നിന്നും മുറിച്ച തണ്ടുകളാണ്. തറയില്‍ നേരിട്ട് നട്ടുവളര്‍ത്തുകയോ ചെടിച്ചട്ടികളില്‍ നടുകയോ ചെയ്യാവുന്ന ഒരു ഉദ്യാനസസ്യം കൂടിയാണിത്.

സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്ന സ്ഥലങ്ങളില്‍ ചെടി നല്ലതുപോലെ വളരും. കൂടാതെ നീര്‍ വാഴ്ചയുള്ള സ്ഥലവും ആയിരിക്കണം ചെടി നടുന്നതിനായി തിരഞ്ഞെടുക്കേണ്ടത്. ഒക്ടോബര്‍ മാസം മുതല്‍ ഡിസംബര്‍ മാസം വരെ ചെടികള്‍ നടുന്നതിന്‌ അനുയോജ്യമായ സമയമാണ്‌.

ചെറിയ ചട്ടികളിലോ പോളിത്തീന്‍ കവറിലോ നട്ട് കിളിര്‍പ്പിച്ച തൈകളാണ്‌ ഇങ്ങനെ നടുന്നതിന്‌ അനുയോജ്യം. 60 സെന്റീമീറ്റര്‍ മുതല്‍ 80 സെന്റീമീറ്റര്‍ വരെ ഇടയകലം ഇട്ട്, 60 സെന്റീമീറ്റർ നീളവും വീതിയും ആഴവും ഉള്ള കുഴികളില്‍ ചെടികള്‍ നടാവുന്നതാണ്‌.

കുഴികളില്‍ മേല്‍മണ്ണും നാല് കിലോ മുതല്‍ എട്ട് കിലോ വരെ ഉണക്കിപ്പൊടിച്ച ചാണകവും ഏകദേശം 100 ഗ്രാം എല്ലുപൊടിയും ചേര്‍ത്ത് കൂട്ടിയോജിപ്പിച്ച്‌ കുഴികള്‍ നിറയ്ക്കുക. തൈകള്‍ വേരുകള്‍ പൊട്ടാതെ ഇളക്കിയെടുത്ത് ഇങ്ങനെ നിറച്ച കുഴികളില്‍ നടുക. ബഡ് ചെയ്ത് കിളിര്‍പ്പിച്ച തൈകള്‍ മുകുളം മണ്ണിനു മുകളില്‍ വരത്തക്കവണ്ണമാണ്‌ നടുന്നത്. നട്ടതിനുശേഷം നല്ലതുപോലെ നനയ്ക്കുക.

ചട്ടികളാണ്‌ ചെടി നടുന്നതിനായി തിരഞ്ഞെടുക്കുന്നതെങ്കിലും 35 സെന്റീ മീറ്റര്‍ ഉയരവും 30 സെന്റീ മീറ്റര്‍ വ്യാസവും വേണം. അധിക ജലം പുറത്തുകളയുന്നതിലേക്കായി ചട്ടികളില്‍ രണ്ടോ മൂന്നോ ദ്വാരങ്ങള്‍ അത്യാവശ്യമാണ്‌. മൂന്നുഭാഗം വളക്കൂറുള്ള മേല്‍മണ്ണും, രണ്ടുഭാഗം ചാണകപ്പൊടിയും, ഒരുഭാഗം മണലും ഏകദേശം 50-75ഗ്രാം വരെ എല്ലുപൊടിയും ചേര്‍ത്താണ്‌ ചട്ടികളിലേയ്ക്കുള്ള മിശ്രിതം നിറയ്ക്കുന്നത്. ഈ മിശ്രിതത്തില്‍ ചെടികള്‍ നടാം. നട്ടുകഴിഞ്ഞാല്‍ നനയ്ക്കേണ്ടത് അത്യാവശ്യമാണ്‌. ചട്ടിയില്‍ നിറയ്ക്കുന്ന മണ്ണ് മൂന്നുമാസം കൂടുമ്പോള്‍ മാറ്റുന്നത് ചെടിയുടെ വളര്‍ച്ചക്കും വേരോട്ടത്തിനും നല്ലതാണ്‌.

കൃത്യമായും വളപ്രയോഗം ആവശ്യമുള്ള ചെടിയാണ്‌ ഇത്. ആദ്യത്തെ പൂവ് വിരിയുന്നതുവരെ രണ്ട് കിലോഗ്രാം മുതല്‍ അഞ്ച് കിലോഗ്രാം വരെ അളവില്‍ ചാണകമോ കമ്പോസ്റ്റോ നല്‍കേണ്ടതാണ്‌. ആദ്യത്തെ പൂവ് വിരിഞ്ഞുകഴിയുമ്പോള്‍ 50 ഗ്രാം കടലപ്പിണ്ണാക്ക് ചെടികള്‍ക്ക് നല്‍കേണ്ടതാണ്‌. രണ്ടോ മൂന്നോ കിലോഗ്രാം പച്ചച്ചാണകമോ നിലക്കടലപ്പിണ്ണാക്കോ നാല് ദിവസം മുതല്‍‍ ഏഴ് ദിവസം വരെ അഞ്ച് ലിറ്റര്‍ പച്ചവെള്ളത്തില്‍ ഇട്ടുകലക്കിയെടുന്ന ലായനി ഒരുചെടിക്ക് അരലിറ്റര്‍ എന്ന് തോതില്‍ വെള്ളത്തില്‍ നേര്‍പ്പിച്ച്‌ നല്‍കേണ്ടതാണ്‌. ഇത്തരം വളപ്രയോഗങ്ങള്‍ കഴിഞ്ഞാല്‍ ചെടികള്‍ നന്നായി നനച്ചുകൊടുക്കേണ്ടതുമാണ്‌.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.