വിശുദ്ധ അല്‍ഫോന്‍സാമ്മ: സഹന വഴികളില്‍ വിശുദ്ധിയുടെ പരിമളം പരത്തിയ കര്‍ത്താവിന്റെ മണവാട്ടി

വിശുദ്ധ അല്‍ഫോന്‍സാമ്മ: സഹന വഴികളില്‍ വിശുദ്ധിയുടെ പരിമളം പരത്തിയ കര്‍ത്താവിന്റെ മണവാട്ടി

അനുദിന വിശുദ്ധര്‍ - ജൂലൈ 28

വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ആദ്യത്തെ ഇന്ത്യക്കാരിയാണ് വിശുദ്ധ അല്‍ഫോന്‍സ. 1910 ഓഗസ്റ്റ് 19 ന് കോട്ടയം ജില്ലയിലെ കുടമാളൂരില്‍ മുട്ടത്തുപാടത്ത് ജോസഫിന്റെയും മേരിയുടെയും നാലാമത്തെ മകളായാണ് അന്നക്കുട്ടി എന്ന അല്‍ഫോന്‍സ ജനിച്ചത്.

അവളുടെ മാതാവായ മേരി ഉറങ്ങി കിടക്കുമ്പോള്‍ ഒരു പാമ്പ് തന്റെ ശരീരത്തില്‍ ചുറ്റിയത് കണ്ട് ഭയപ്പെട്ടതിനാല്‍ മാസം തികയാതെ എട്ടാം മാസത്തിലാണ് അല്‍ഫോന്‍സയുടെ ജനനം. ജനിച്ച് എട്ട് ദിവസങ്ങള്‍ക്ക് ശേഷം ഓഗസ്റ്റ് 27ന് സീറോ മലബാര്‍ സഭാ ആചാരമനുസരിച്ച് ഫാ. ജോസഫ് ചക്കാലയില്‍ അല്‍ഫോന്‍സാമ്മയെ മാമോദീസാ മുക്കുകയും അന്നക്കുട്ടി എന്ന പേര് നല്‍കുകയും ചെയ്തു.

മൂന്ന് മാസങ്ങള്‍ക്ക് ശേഷം മാതാവ് മരിച്ചതിനാല്‍ അന്നക്കുട്ടി തന്റെ ശൈശവം അവളുടെ വല്യപ്പനും വല്യമ്മയ്ക്കുമൊപ്പം ഏലൂപ്പറമ്പിലായിരുന്നു ചിലവഴിച്ചത്. ഈ അവസരത്തിലാണ് ആത്മീയ ജീവിതത്തിന്റെ ആദ്യ വിത്തുകള്‍ അവളില്‍ വിതക്കപ്പെട്ടത്.

ഒരു ദൈവ ഭക്തയായിരുന്ന അവളുടെ വല്യമ്മ വിശ്വാസത്തിന്റെ ആനന്ദത്തെക്കുറിച്ചും പ്രാര്‍ത്ഥനയെക്കുറിച്ചും കാരുണ്യത്തെക്കുറിച്ചും അവളെ പറഞ്ഞു മനസിലാക്കി. അന്നകുട്ടിക്ക് അഞ്ച് വയസുള്ളപ്പോള്‍ തന്നെ സന്ധ്യാ നേരത്തുള്ള കുടുംബ പ്രാര്‍ത്ഥന അവളായിരുന്നു നയിച്ചിരുന്നത്.

1917 നവംബര്‍ 11 ന് അന്നക്കുട്ടി കുടമാളൂര്‍ പള്ളിയില്‍ നിന്ന് അദ്യ കുര്‍ബ്ബാന സ്വീകരിച്ചു. 1917 ല്‍ അന്നക്കുട്ടിയെ പിതാവിന്റെ സഹോദരനായ ഏലൂപ്പറമ്പില്‍ ഈപ്പന്‍ തൊണ്ണാംകുഴി സര്‍ക്കാര്‍ പ്രാഥമിക വിദ്യാലയത്തില്‍ ചേര്‍ത്തു. അവിടെ അവള്‍ക്ക് ഹിന്ദുമതസ്ഥരായ ധാരാളം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു.

പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയായപ്പോള്‍ അവള്‍ തന്റെ അമ്മയുടെ സഹോദരിയായിരുന്ന അന്നമ്മ മുരിക്കന്റെ മുട്ടുചിറയിലുള്ള വീട്ടിലേക്ക് മാറി. വളരെ ചിട്ടയിലും നിയന്ത്രണത്തിലുമായിരുന്നു പേരമ്മ അന്നക്കുട്ടിയെ വളര്‍ത്തിയിരുന്നത്.

തന്റെ തൊട്ടടുത്തുള്ള കര്‍മ്മലീത്ത ആശ്രമത്തിലെ കന്യാസ്ത്രീകളുമായി നല്ല അടുപ്പത്തിലായിരുന്നു അന്നക്കുട്ടി. അവള്‍ക്ക് അക്കാലത്തെ നാട്ടുനടപ്പനുസരിച്ചുള്ള വിവാഹ പ്രായമായപ്പോള്‍ അവളുടെ പേരമ്മ സല്‍സ്വഭാവിയായ ഒരാളെക്കൊണ്ട് അന്നക്കുട്ടിയെ വിവാഹം കഴിപ്പിക്കുവാന്‍ തീരുമാനിച്ചു.

അവളാകട്ടെ വിവാഹ ജീവിതം ആഗ്രഹിച്ചിരുന്നില്ല. അതിനാല്‍ തന്റെ ആഗ്രഹപ്രകാരം കര്‍ത്താവിന്റെ മണവാട്ടിയായി ജീവിക്കുവാനായി ഒരിക്കല്‍ അവള്‍ തന്റെ പാദം വരെ ഉമിത്തീയില്‍ പൊള്ളിക്കുകയുണ്ടായി.

ഇതിനെക്കുറിച്ച് അന്നക്കുട്ടി ഇപ്രകാരം പറഞ്ഞിരുന്നു: 'എനിക്ക് പതിമൂന്ന് വയസ് പ്രായമായപ്പോള്‍ എന്റെ കല്യാണം നിശ്ചയിക്കപ്പെട്ടു. അതൊഴിവാക്കുവാനായി ഞാന്‍ എന്ത് ചെയ്യണം? ആ രാത്രി മുഴുവന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു. അപ്പോള്‍ എനിക്കൊരു ബുദ്ധിതോന്നി. എന്റെ ശരീരം കുറച്ചു വികൃതമായാല്‍, എന്നെ ആരും ഇഷ്ടപ്പെടുകയില്ല!. ഓ ഞാന്‍ എന്ത് മാത്രം സഹിച്ചു. ഇതെല്ലാം ഞാന്‍ എന്റെ ഉള്ളിലുള്ള മഹത്തായ ലക്ഷ്യത്തിനായി ചെയ്തതാണ്'.

ആ നാളുകളില്‍ മുട്ടുചിറ പള്ളിയില്‍ വിശ്രമ ജീവിതം നയിച്ചിരുന്ന മുരിക്കന്‍ പോത്തച്ചനും അരുവിത്തുറ പള്ളി വികാരിയായിരുന്ന മുട്ടത്തുപാടത്ത് യൗസേപ്പച്ചനും അന്നക്കുട്ടിയ്ക്ക് ഭാവി ഉപദേശം നല്‍കി. വിശുദ്ധ ഫ്രാന്‍സിസ് അസീസിയെ ആധ്യാത്മിക നേതാവായി കാണുന്ന ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍ ചേരുക എന്നതായിരുന്നു അവര്‍ നല്‍കിയ ഉപദേശം.

അതിനായി 1927 മേയ് 24 ന് അവള്‍ ഭരണങ്ങാനത്തുള്ള അവരുടെ വിദ്യാലയത്തില്‍ ചേര്‍ന്ന് അവിടെ താമസിച്ചുകൊണ്ട് പഠിക്കുവാന്‍ തുടങ്ങി. കന്യാസ്ത്രീയാകുന്നതിന്റെ ആദ്യപടിയായി 1928 ഓഗസ്റ്റ് രണ്ടിന് അന്നക്കുട്ടി ശിരോവസ്ത്രം സ്വീകരിച്ചു.

ആ ദിവസം വിശുദ്ധ അല്‍ഫോന്‍സ് ലിഗോരിയുടെ തിരുനാള്‍ ദിവസമായിരുന്നതിനാല്‍ ആ വിശുദ്ധന്റെ ആദരണാര്‍ത്ഥം 'അല്‍ഫോന്‍സ' എന്ന നാമമാണ് അവള്‍ക്ക് നല്‍കപ്പെട്ടത്. 1930 മെയ് 19 ന് ഭരണങ്ങാനം ഫൊറോന പള്ളിയില്‍ വച്ച് ചങ്ങനാശേരി രൂപതാ മെത്രാന്‍ മാര്‍ ജെയിംസ് കാളാശേരിയില്‍ നിന്നും സഭാവസ്ത്രവും സ്വീകരിച്ചു.

പിന്നീട് കോട്ടയം ജില്ലയിലെ വാകക്കാട് എന്ന സ്ഥലത്തെ ക്ലാരമഠം വക പ്രൈമറി സ്‌കൂളില്‍ 1932 ല്‍ അധ്യാപികയായി പ്രവര്‍ത്തിച്ചു. എന്നാല്‍ അനാരോഗ്യം നിമിത്തം ഒരു വര്‍ഷം മാത്രമാണ് ആ സ്ഥാനത്തു തുടരുവാന്‍ അല്‍ഫോന്‍സയ്ക്ക് സാധിച്ചത്. അനാരോഗ്യം കാരണം അവള്‍ ഒരു സഹ അധ്യാപികയുടെ ചുമതലയിലും ഇടവക പള്ളിയിലെ വേദോപദേശ അധ്യാപകയുമായും വര്‍ത്തിച്ചു പോന്നു.

തുടര്‍ന്ന് 1935 ഓഗസ്റ്റ് 12 ന് ചങ്ങനാശേരി ക്ലാര മഠത്തില്‍ അവള്‍ നൊവിഷ്യേറ്റിനായി ചേര്‍ന്നു. അല്‍ഫോന്‍സയെ ഭരണങ്ങാനം മഠത്തില്‍ സ്വീകരിച്ച ഉര്‍സുലാമ്മയേയും സി.എം.ഐ വൈദികനും അല്‍ഫോന്‍സയുടെ ഇടവകാംഗവുമായ ളൂയീസച്ചനേയുമാണ് യഥാക്രമം ഗുരുഭൂതയായും ആധ്യാത്മിക ഗുരുവായും അവള്‍ക്ക് ലഭിച്ചത്. നൊവിഷ്യേറ്റ് ആരംഭിച്ച് ഒരാഴ്ചക്ക് ശേഷം അല്‍ഫോന്‍സ വീണ്ടും രോഗബാധിതയായി. അവള്‍ക്ക് മൂക്കില്‍ നിന്നും രക്തസ്രാവം ഉണ്ടാവുകയും കാലില്‍ വ്രണം രൂപപ്പെടുകയും ചെയ്തു.

വളരെ ദുരിതപൂര്‍ണമായ ആ അവസരത്തില്‍ ദൈവദാസനും ഇപ്പോള്‍ വിശുദ്ധനുമായ ചാവറ ഏലിയാസ് കുരിയാക്കോസ് അച്ചന്‍ അവളുടെ രക്ഷക്കെത്തി. അദ്ദേഹത്തിന്റെ മാധ്യസ്ഥത്താല്‍ അവള്‍ അത്ഭുതകരമായി സൗഖ്യം പ്രാപിച്ചു. രോഗപീഡകളില്‍ നിന്നും താല്‍കാലികമായെങ്കിലും മോചിതയായ അല്‍ഫോന്‍സ 1936 ഓഗസ്റ്റ് 12 ന് വിശുദ്ധ ക്ലാരായുടെ തിരുനാള്‍ ദിവസം ചങ്ങനാശേരി മഠത്തില്‍ വച്ച് നിത്യവ്രതവാഗ്ദാനം നടത്തി.

ആ സമയം മുതല്‍ യേശുവിന്റെ കുരിശിന്റെ ഒരു ഭാഗം തന്നില്‍ ഏല്‍പ്പിക്കപ്പെട്ട ഒരു പ്രതീതിയായിരുന്നു അവള്‍ക്കുണ്ടായിരുന്നത്. യേശു തന്റെ മണവാട്ടിയെ സഹനങ്ങള്‍ നിറഞ്ഞ ജീവിതത്തിലൂടെയായിരുന്നു പൂര്‍ണയാക്കിയിരുന്നത്. ഓഗസ്റ്റ് 14 ന് അവള്‍ ഭരണങ്ങാനത്തേക്ക് തിരിച്ചു പോന്നു. വിവിധ തരത്തിലുള്ള അസുഖങ്ങളാല്‍ വിശുദ്ധ ഏറെ സഹനങ്ങള്‍ ഏറ്റുവാങ്ങി.

ടൈഫോയ്ഡ്, പനി, ന്യൂമോണിയ എന്നീ അസുഖങ്ങള്‍ ഒന്നിന് പിറകെ ഒന്നായി അല്‍ഫോന്‍സയെ പിടികൂടി. 1940 ഒക്ടോബര്‍ മാസം സന്ധ്യാ പ്രര്‍ഥനകള്‍ക്കായി എല്ലാവരും ചാപ്പലില്‍ പോയ സമയത്ത് അല്‍ഫോന്‍സ ഒരു കാല്‍പ്പെരുമാറ്റം കേട്ടു. നോക്കിയപ്പോള്‍ കറുത്തിരുണ്ട ഒരു മനുഷ്യനെ കണ്ടു.

ഭയന്നു നിലവിളിച്ച അല്‍ഫോന്‍സയുടെ ശബ്ദം കേട്ട മറ്റുള്ളവര്‍ ഉടന്‍ ഓടി എത്തുകയും കള്ളന്‍ രക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ മോഷണ വസ്തുക്കള്‍ അവിടെ നിന്നും ലഭിച്ചതിനാല്‍ സംഭവം സത്യമെന്നു മറ്റുള്ളവര്‍ വിശ്വസിച്ചു. ഈ സംഭവത്താല്‍ ഭയപ്പെട്ട അല്‍ഫോന്‍സ തളര്‍ന്നു പോയി.

1945 ല്‍ വിശുദ്ധയ്ക്ക് അതികലശലായ അസുഖം പിടിപ്പെട്ടു. അവളുടെ ശരീരത്തെ കീഴടക്കിയ നാനാവിധ രോഗങ്ങള്‍ അവളുടെ അന്ത്യ നിമിഷങ്ങള്‍ ദുരിത പൂര്‍ണമാക്കി. ആമാശയ വീക്കവും ഉദര സംബന്ധമായ അസുഖങ്ങളും കാരണം വിശുദ്ധ ഒരു ദിവസം തന്നെ നാല്‍പ്പത് പ്രാവശ്യത്തോളം ഛര്‍ദ്ദിക്കുമായിരുന്നു.

അപ്രകാരം രോഗാവസ്ഥയുടെ പാരമ്യതയില്‍ 1946 ജൂലൈ 28 ന് ഭരണങ്ങാനം ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് മഠത്തില്‍ വെച്ച് സിസ്റ്റര്‍ അല്‍ഫോന്‍സ കര്‍ത്താവില്‍ അന്ത്യ നിദ്ര പ്രാപിച്ചു.

1953 ഡിസംബര്‍ രണ്ടിന് ദൈവദാസിയായും 1984 നവംബര്‍ ഒമ്പതിന് ധന്യ പദവിയിലേക്കും അവള്‍ ഉയര്‍ത്തപ്പെട്ടു. മരിച്ച് നാല്‍പ്പത് വര്‍ഷങ്ങള്‍ക്കു ശേഷം 1986 ഫെബ്രുവരി എട്ടിന് അല്‍ഫോന്‍സാമ്മയെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 2008 ഒക്ടോബര്‍ പന്ത്രണ്ടിന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്തു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ബോട്ട്വിഡ്

2. അക്കാസിയൂസ്

3. ആര്‍ഡൂയിനൂസ്

4. ട്രോയെസ് ബിഷപ്പായിരുന്ന കമെലിയന്‍.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26