ജാലിസ്‌കോ: മെക്‌സികോയില്‍ ദിവ്യകാരുണ്യ ആരാധനയ്ക്കിടെ ഓസ്തിയില്‍ ഹൃദയമിടിപ്പ് ദര്‍ശിച്ച് വിശ്വാസികള്‍. ഹൃദയമിടിപ്പിന് സമാനമായ രീതിയില്‍ അള്‍ത്താരയില്‍ എഴുന്നുള്ളിച്ചു വച്ചിരുന്ന ഓസ്തിയില്‍ തുടുപ്പ് ദര്‍ശിച്ച വിശ്വാസികള്‍ അത് മൊബൈല്‍ ക്യാമറകളില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ദിവ്യകാരുണ്യ അത്ഭുതമായി തോന്നിക്കുന്ന ദൃശ്യം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്.
മെക്‌സിക്കന്‍ സംസ്ഥാനമായ ജാലിസ്‌കോയിലെ ഗ്വാഡലജാറയ്ക്കടുത്തുള്ള സപോട്ലാനെജോ പട്ടണത്തിലെ ഔര്‍ ലേഡി ഓഫ് റോസറി ഇടവകയില്‍ ജൂലൈ 23 ന് നടന്ന് ദിവ്യകാരുണ്യ ആരാധന മധ്യേയാണ് അത്ഭുത ദൃശ്യം വിശ്വാസികള്‍ കണ്ടത്. മെക്‌സിക്കോയില്‍ ശുശ്രൂഷ ചെയ്യുന്ന ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ആന്‍ഡ് ഡിവൈന്‍ മേഴ്സിയുടെ റിലീജിയസ് ഫാമിലി സ്ഥാപകനും അര്‍ജന്റീനിയന്‍ പുരോഹിതനുമായ ഫാ. കാര്‍ലോസ് സ്പാന്‍ ആയിരുന്നു അന്ന് ദിവ്യകാരുണ്യ ആരാധന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കിയിരുന്നത്.
ആരാധനയില്‍ പങ്കെടുത്ത സ്പാനിഷ് ഭാഷ സംസാരിക്കുന്ന പ്രായമായ സ്ത്രീ കണ്ട അത്ഭുത ദൃശ്യം മറ്റുള്ളവരുടെയും ശ്രദ്ധയില്‍പ്പെടുത്തി. കണ്ടവരൊക്കെ ദൃശ്യം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി. 20 മുതല്‍ 30 സെക്കന്റുവരെയാണ് ഇത് നീണ്ടു നിന്നത്. അതിനാല്‍ വൈദീകന്‍ ഉള്‍പ്പടെ അധികമാര്‍ക്കും അത്ഭുതം ദര്‍ശിക്കാനായില്ല.
നേരില്‍ കണാനായില്ലെങ്കില്‍ പോലും 'മനുഷ്യരോടുള്ള സ്‌നേഹത്താല്‍ തുടിക്കുന്ന ക്രിസ്തുവിന്റെ ഹൃദയം' എന്നാണ് അത്ഭുതത്തെ ഫാ.സ്പാന്‍ വിശേഷിപ്പിച്ചത്. '' ഇതൊരു അത്ഭുതമെന്ന് ഔദ്യോഗികമായി പറയാനുള്ള അധികാരം എനിക്കില്ല. നേരില്‍ കാണാന്‍ സാധിക്കാത്തതും സാക്ഷ്യപ്പെടുത്തുന്നതില്‍ പരിമിതി സൃഷ്ടിക്കുന്നു. സാക്ഷ്യം നല്‍കുന്ന ആളുകള്‍ക്ക് അവരുടെ കൈയ്യിലുള്ള ദൃശ്യങ്ങള്‍ സഭാ നേതൃത്വത്തിന് നല്‍കാം. സഭ നേതൃത്വമാണ് ഇത് വിലയിരുത്തേണ്ടത്.- അദ്ദേഹം പറഞ്ഞു. ഈ പ്രതിഭാസത്തെക്കുറിച്ച് ഗ്വാഡലജാറ അതിരൂപതയും ഔദ്യോഗിക പ്രസ്താവനയൊന്നും പുറപ്പെടുവിച്ചിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.