വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ മതനിന്ദാ ആരോപണം: പാകിസ്ഥാനില്‍ ക്രൈസ്തവ യുവാവിന് വധ ശിക്ഷ

വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ മതനിന്ദാ ആരോപണം: പാകിസ്ഥാനില്‍  ക്രൈസ്തവ യുവാവിന് വധ ശിക്ഷ

ലാഹോര്‍: പാകിസ്ഥാനില്‍  ഇസ്ലാമിസ്റ്റുകളുടെ വ്യാജ മതനിന്ദാ ആരോപണത്തിന് മറ്റൊരു ഇര കൂടി. മുപ്പത്തിനാലുകാരനായ അഷ്ഫാഖ് മസിഹ് എന്ന ക്രിസ്ത്യന്‍ യുവാവിനാണ് ലാഹോര്‍ കോടതി വധശിക്ഷ വിധിച്ചത്. കുറ്റാരോപിതനായ യുവാവ് കഴിഞ്ഞ അഞ്ചു വര്‍ഷമായി ജയിലില്‍ കഴിയുകയാണ്.

വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ അദ്ദേഹത്തിനു മേല്‍ വ്യാജമായി മതനിന്ദ ആരോപിക്കുകയായിരുന്നു എന്നാണ് വത്തിക്കാന്‍ ഏജന്‍സിയായ ഫിഡെസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അഷ്ഫാഖിന്റെ ബിസിനസ് തകര്‍ക്കുക എന്നതായിരുന്നു ലക്ഷ്യം.

2017 ജൂണ്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. മോട്ടോര്‍ ബൈക്കുകളും സൈക്കിളുകളും റിപ്പയര്‍ ചെയ്യുന്ന ഒരു പ്രോസ്പറസ് വര്‍ക്ക് ഷോപ്പിന്റെ ഉടമയായിരുന്നു മെക്കാനിക്കായ മസിഹ്. ഇതേ ബിസിനസ് നടത്തുന്ന മറ്റൊരു കടയുടമയും ഇസ്ലാം മതവിശ്വാസിയുമായ മുഹമ്മദ് നവീദ് എന്നയാളുമായി അഷ്ഫാഖിന് തര്‍ക്കമുണ്ടായിയിരുന്നു. ഈ തര്‍ക്കത്തില്‍ ഭൂരിപക്ഷം പേരും മസിഹിന്റെ പക്ഷം ചേര്‍ന്നു. ഇതിനെ തുടര്‍ന്ന് രോഷാകുലനായ നവീദ് അഷ്ഫാഖിന്റെ മേല്‍ വ്യാജ മതനിന്ദ ആരോപിക്കുകയായിരുന്നു.

വര്‍ക്ക്ഷോപ്പില്‍ നിന്ന് പുറത്തുപോകണമെന്ന് ആവശ്യപ്പെട്ട് നവീദും ഇര്‍ഫാന്‍ എന്നയാളും ചേര്‍ന്ന് തന്നെ ഭീഷണിപ്പെടുത്തുകയും കേസ് കൊടുക്കുകയും ചെയ്തുവെന്ന് മസിഹ് വ്യക്തമാക്കി. അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥനോടും ഈ സംഭവം താന്‍ പറഞ്ഞിരുന്നു. ഒരിക്കലും പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ അപകീര്‍ത്തികരമായ വാക്കുകള്‍ പറഞ്ഞിട്ടില്ലെന്നും മസിഹ് പറഞ്ഞു.

കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി വ്യാജ ആരോപണത്തെ തുടര്‍ന്ന് ജയിലിലായ യുവാവിനെ ലാഹോറിലെ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി തൂക്കിക്കൊല്ലാനാണ് വിധിച്ചിരിക്കുന്നത്. അഷ്ഫാഖ് മസിഹിന്റെ വധശിക്ഷ പാക്കിസ്ഥാനിലെ മുഴുവന്‍ ക്രിസ്ത്യന്‍ സമൂഹത്തിലും പ്രത്യേകിച്ച് ഇതുപോലെ മതനിന്ദ ആരോപിച്ച് ജയിലിലടക്കപ്പെട്ടവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഭയവും നിരാശയും സൃഷ്ടിക്കുന്നതാണെന്ന് 'വോയ്സ് ഫോര്‍ ജസ്റ്റിസ്' എന്ന എന്‍ജിഒയുടെ പ്രസിഡന്റ് ജോസഫ് ജാന്‍സെന്‍ പറഞ്ഞു.

ഈ കേസിലെ എല്ലാ തെളിവുകളും കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാണ്. ഒരു മുസ്ലീമിന്റെ മോട്ടോര്‍ സൈക്കിള്‍ നന്നാക്കിയതിന് സര്‍വ്വീസ് ചാര്‍ജ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അഷ്ഫാഖിനെ ഇത്തരമൊരു കേസില്‍ കുടുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസിന്റെ കണക്കനുസരിച്ച്, 1987 മുതല്‍ 2021 വരെ പാക്കിസ്ഥാനില്‍ 1,949 മതനിന്ദ ആരോപണങ്ങളും 281 കേസുകളും ക്രിസ്ത്യാനികള്‍ക്കെതിരെയുണ്ട്. ആകെ 84 പേര്‍ ഇതിനകം നിയമ വിരുദ്ധമായി കൊല്ലപ്പെട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.