തദ്ദേശീയ ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ആഹ്വാനം ചെയ്ത്‌ മാര്‍പാപ്പ

തദ്ദേശീയ ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ആഹ്വാനം ചെയ്ത്‌ മാര്‍പാപ്പ

ക്യുബെക്ക് (സിറ്റി): തദ്ദേശീയ ജനവിഭാഗങ്ങളുടെ നിയമാനുസൃതമായ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിക്കണമെന്നും കാലങ്ങളായി അവരനുഭവിച്ച മുറിവുണക്കാനും അനുരഞ്ജനത്തിനായുള്ള ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ. പശ്ചാത്താപ തീര്‍ത്ഥാടനത്തിന്റെ നാലാം ദിനത്തില്‍ കനേഡിയന്‍ പ്രവിശ്യയായ ക്യൂബെക്കില്‍ എത്തിയശേഷം ഭരണാധികാരികള്‍, ഉദ്യോഗസ്ഥര്‍, തദ്ദേശീയ ജനത പ്രതിനിധികള്‍, നയതന്ത്രജ്ഞര്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ച്ചയെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പാപ്പ.

കാനഡയിലെ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ സമ്പ്രദായത്തെ രൂക്ഷമായ ഭാഷയിലാണ് പാപ്പ അപലപിച്ചത്. തദ്ദേശീയ ജനതയുടെ തനതായ സംസ്‌കാരം നശിപ്പിക്കുന്നതിന്റെ ദാരുണമായ ഉദാഹരണമാണ് കാനഡയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളുകളെന്ന് പാപ്പ വിമര്‍ശിച്ചു. തദ്ദേശീയരും അല്ലാത്ത ജനങ്ങളും തമ്മിലുള്ള മുറിവുണക്കി അനുരഞ്ജനത്തിന്റെ പാതയില്‍ സഞ്ചരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കണമെന്നും പാപ്പ ആഹ്വാനം ചെയ്തു.

19, 20 നൂറ്റാണ്ടുകളില്‍ സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ നടത്തിയ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ തദ്ദേശീയരായ കുഞ്ഞുങ്ങളെ അവരുടെ കുടുംബങ്ങളില്‍നിന്നു നിര്‍ബന്ധപൂര്‍വം വേര്‍പെടുത്തി ചേര്‍ക്കുകയും അവരെ പീഢനത്തിനിരയാക്കുകയും ചെയ്തതില്‍ കത്തോലിക്കാ സഭയിലുള്ളവര്‍ വഹിച്ച പങ്കില്‍ മാപ്പപേക്ഷിച്ചും അവരുടെ മുറിവുണക്കാനുമുള്ള പാപ്പയുടെ തീര്‍ഥാടനം ആഗോളതലത്തില്‍ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ച ആരംഭിച്ച യാത്ര 30-ന് അവസാനിക്കും.

ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് 2.45-നാണ് മാര്‍പാപ്പ ക്യുബെക്കിലെ ജീന്‍ ലെസേജ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയത്. ഗവര്‍ണര്‍ ജനറല്‍ മേരി സൈമണും പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ചേര്‍ന്നാണ് മാര്‍പാപ്പയെ സ്വീകരിച്ചത്. രാജ്യത്തിന്റെ അസാധാരണമായ പ്രകൃതി സമ്പന്നതയെക്കുറിച്ചും സാംസ്‌കാരിക പൈതൃകത്തെക്കുറിച്ചും മാര്‍പാപ്പ വാചാലനായി.

കാനഡയുടെ ദേശീയ ചിഹ്നമായ മേപ്പിള്‍ ഇലയുടെ പ്രത്യേകതയെക്കുറിച്ചും മാര്‍പാപ്പ എടുത്തു പറഞ്ഞു. മലിനമായ വായു ആഗിരണം ചെയ്യുകയും ഓക്‌സിജന്‍ പുറത്തുവിടുകയും ചെയ്യുന്ന മേപ്പിള്‍ ഇലകളുടെ വലിയ വലിപ്പം സൃഷ്ടിയുടെ സൗന്ദര്യത്തെ പ്രകടിപ്പിക്കുന്നു. നാം അതില്‍ ആശ്ചര്യം കൊള്ളുന്നതു പോലെ തദ്ദേശീയ സംസ്‌കാരങ്ങളില്‍ നിലനില്‍ക്കുന്ന ആരോഗ്യകരമായ മൂല്യങ്ങളെ വിലമതിക്കാനും ശ്രമിക്കണം. തദ്ദേശവാസികളുമായി നിരവധി സമയം ചെലവിട്ട പരിശുദ്ധ പിതാവ് അവരെ സഹായിക്കാനുള്ള പ്രതിജ്ഞാബദ്ധതയും പ്രകടിപ്പിച്ചു.

എഡ്മന്റണിലെ തദ്ദേശീയ സമൂഹത്തോട് ഹൃദയമുരുകി ക്ഷമാപണം നടത്തിയ മാര്‍പാപ്പ, ക്യൂബെക്കിലും അത് ചെയ്യുന്നതില്‍ മടികാണിച്ചില്ല.

'എന്റെ അഗാധമായ ദുഃഖവും ക്ഷമയും ഞാന്‍ പ്രകടിപ്പിക്കുന്നു. ഈ രാജ്യത്തെ ബിഷപ്പുമാര്‍ ഉള്‍പ്പെടെയുള്ള നിരവധി ക്രിസ്ത്യാനികള്‍ തദ്ദേശീയ ജനങ്ങളോട് ചെയ്ത തെറ്റിന് ക്ഷമ ചോദിക്കുന്നു.

കാനഡയില്‍ ഉയര്‍ന്ന മൂല്യങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ ക്രൈസ്തവ വിശ്വാസം പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അതേ സമയം, തെറ്റുകള്‍ ഏറ്റുപറയാനും നാം തയാറാകണം. എല്ലാവരും ആഗ്രഹിക്കുന്ന നല്ല ലക്ഷ്യം കൈവരിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനും പാപ്പ ആഹ്വാനം ചെയ്തു.

തദ്ദേശീയരുടെ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ പരിശുദ്ധ സിംഹാസനം എന്നും പ്രതിജ്ഞാബദ്ധമാണ്. പരിശുദ്ധ സിംഹാസനവും പ്രാദേശിക കത്തോലിക്കാ സമൂഹങ്ങളും ചേര്‍ന്ന് തദ്ദേശീയ ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും മാര്‍പാപ്പ ആവര്‍ത്തിച്ചു.

'സഭയും കാനഡയിലെ തദ്ദേശീയ ജനങ്ങളും തമ്മിലുള്ള ബന്ധം പുതുക്കുക എന്നതാണ് എന്റെ ആഗ്രഹം. മികച്ച ഫലം പുറപ്പെടുവിക്കുന്ന, സ്‌നേഹത്തില്‍ അധിഷ്ഠിതമായ ബന്ധം രൂപപ്പെടാനും അതിലൂടെ ആഴത്തിലുള്ള മുറിവുകള്‍ സൗഖ്യമാക്കാനും സഭ പ്രതിജ്ഞാബദ്ധമാണ്'.

കോളനിവല്‍ക്കരണ മാനസികാവസ്ഥയുടെ ഫലമായ, ദുരിതത്തിന്റെ ആ ഇരുണ്ടകാലം എളുപ്പത്തില്‍ സുഖപ്പെടുത്താവുന്നതല്ല. മേപ്പിള്‍ മരങ്ങളില്‍ പ്രതിഫലിക്കുന്ന വിവിധ നിറങ്ങള്‍ പോലെ വൈവിധ്യമാര്‍ന്ന ഒരു സമൂഹത്തിന്റെ യോജിപ്പിന് ബഹുസ്വരത അടിസ്ഥാനപരമാണെന്ന് മാര്‍പാപ്പ ഓര്‍മിപ്പിച്ചു.

അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോഴും യുദ്ധത്താല്‍ കഷ്ടപ്പെടുന്ന നിരവധി ഉക്രെയ്ന്‍, അഫ്ഗാന്‍ കുടിയേറ്റക്കാരെ സ്വീകരിക്കുന്നതില്‍ കാനഡ കാണിച്ച ഉദാരതയെ പാപ്പാ അഭിനന്ദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26