കാന്‍ബറ: ഓസ്‌ട്രേലിയയില്‍ കുരങ്ങുപനി കേസുകള്‍ വര്‍ധിച്ചതിനെതുടര്‍ന്ന് ദേശീയ പ്രാധാന്യമുള്ള സാംക്രമിക രോഗമായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രഖ്യാപിച്ചു. നിലവില്‍ രാജ്യത്ത് 44 പേര്‍ക്കാണ് കുരങ്ങുപനി ബാധിച്ചിട്ടുള്ളത്. അവരില്‍ കൂടുതല്‍ പേരും വിദേശത്തുനിന്ന് മടങ്ങി എത്തിയവരാണ്.
കുരങ്ങുപനി കൂടുതല്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന
ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഓസ്‌ട്രേലിയന്‍ ആരോഗ്യ വകുപ്പിന്റെ നടപടി.
പനി, ശരീരവേദന, ശരീരത്തില്‍ പാടുകള്‍ എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ് കുരങ്ങുപനിക്കുള്ളത്. രണ്ട് മുതല്‍ നാലാഴ്ചക്കുള്ളില്‍ രോഗം മാറുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ആരില്‍ വേണമെങ്കിലും രോഗം പടരാമെങ്കിലും നിലവില്‍ ആഫ്രിക്കയ്ക്ക് പുറത്തുള്ള രോഗവ്യാപനത്തിന് ഒരു പ്രത്യേകതയുണ്ട്. പുരുഷന്‍മാരുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്‍മാര്‍ക്ക് മാത്രമേ ആഫ്രിക്കയ്ക്ക് പുറത്ത് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ.
ഓസ്ട്രേലിയ ഉള്‍പ്പെടെ 71 രാജ്യങ്ങളിലായി 20,000-ത്തിലധികം കുരങ്ങുപനി കേസുകളുണ്ട്. കുരങ്ങുപനി കോവിഡിന്റെയത്ര അപകടകാരിയല്ലെന്നും നിലവില്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ പോള്‍ കെല്ലി ഒരു പ്രസ്താവനയില്‍ പറഞ്ഞു.
വൈറസ് ബാധിച്ചിട്ടുള്ള ആളുടെ ശരീരവുമായി വളരെ അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയാല്‍ മാത്രമേ കുരങ്ങുപനി പകരുകയുള്ളൂ. കോവിഡ് പോലെ പെട്ടെന്ന് പകരാന്‍ സാധ്യതയുള്ള വൈറസല്ല കുരങ്ങുപനിയുടേതെന്ന് പ്രൊഫസര്‍ പോള്‍ കെല്ലി പറയുന്നു. ആഗോളതലത്തില്‍ രോഗം വലിയ അപകടകാരിയല്ല. ഇത് പകരുന്നതിന്റെ തീവ്രത വളരെ കുറവാണെന്നും അവര്‍ പറഞ്ഞു.
ഓസ്ട്രേലിയയില്‍ കുരങ്ങുപനി ബാധിച്ചത് 21-നും 40-നും ഇടയില്‍ പ്രായമുള്ളവരിലാണ്. സ്വവര്‍ഗാനുരാഗികളും ബൈസെക്ഷ്വല്‍മാരിലാണ് രോഗസാധ്യത കൂടുതല്‍.
മിക്ക ആളുകള്‍ക്കും കുരങ്ങ്‌പോക്‌സിന് ചികിത്സ വേണ്ടിവരില്ല. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ രോഗത്തില്‍ നിന്ന് പൂര്‍ണ സുഖം പ്രാപിക്കുന്നു. ചിലര്‍ക്ക് വേദനസംഹാരികള്‍ ആവശ്യമായി വന്നേക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.