മധ്യ ഉക്രെയ്‌നില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം: അഞ്ച് മരണം; 25 പേര്‍ക്ക് പരുക്ക്

മധ്യ ഉക്രെയ്‌നില്‍ റഷ്യന്‍ മിസൈല്‍ ആക്രമണം: അഞ്ച് മരണം; 25 പേര്‍ക്ക് പരുക്ക്

കീവ്: മധ്യ ഉക്രെയ്‌നിയന്‍ നഗരമായ ക്രോപിവ്നിറ്റ്സ്‌കിയില്‍ റഷ്യന്‍ ആക്രമണത്തില്‍ വ്യാപക നാശനഷ്ടം. നാഷണല്‍ ഏവിയേഷന്‍ യൂണിവേഴ്‌സിറ്റി ഫ്‌ലൈറ്റ് അക്കാദമിയില്‍ നടന്ന മിസൈല്‍ ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെടുകയും 25 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അക്കാദമിയില്‍ രണ്ട് മിസൈലുകള്‍ ഹാംഗറുകളില്‍ പതിച്ചതായി കിറോവോഹ്രാദ് മേഖലയുടെ ഗവര്‍ണര്‍ ആന്‍ഡ്രി റൈക്കോവിച്ച് അറിയിച്ചു.

പരുക്കേറ്റവരില്‍ 12 സൈനികരുണ്ടെന്ന് റൈക്കോവിച്ചിനെ ഉദ്ധരിച്ച് ഇന്റര്‍ഫാക്‌സ്-യുക്രൈന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രണ്ട് സിവിലിയന്‍ വിമാനങ്ങളും ഒരു എഎന്‍-26 വിമാനവും ആക്രമണത്തില്‍ തകര്‍ന്നു. റിപ്പോര്‍ട്ടിനെക്കുറിച്ച് റഷ്യ പ്രതികരിച്ചില്ല.

കഴിഞ്ഞ ദിവസങ്ങളില്‍ ഡൊണെറ്റ്‌സ്‌ക് പ്രവിശ്യ കേന്ദ്രീകരിച്ചായിരുന്നു റഷ്യന്‍ പോരാട്ടം. കിയവിന്റെ പ്രാന്തപ്രദേശത്തുള്ള വൈഷ്‌ഗൊറോട് ജില്ലയ്ക്കുനേരെ വ്യാഴാഴ്ച പുലര്‍ച്ചെ മിസൈലാക്രമണം നടത്തിയതായി മേഖല ഗവര്‍ണര്‍ ഒലെക്‌സി കുലേബ ടെലിഗ്രാമില്‍ അറിയിച്ചു. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കീവിന്റെ മധ്യഭാഗത്തു നിന്ന് 20 കിലോമീറ്റര്‍ വടക്കാണ് വൈഷ്‌ഗൊറോട്. ഉക്രെയ്ന്‍ റഷ്യയുടെ പദ്ധതികള്‍ തകര്‍ത്തതായും സ്വയംപ്രതിരോധം തുടരുമെന്നും കുലേബ ഉക്രെയ്ന്‍ ടെലിവിഷനോട് പറഞ്ഞു.

റഷ്യക്കാര്‍ ബെലറൂസ് പ്രദേശത്തുനിന്ന് ഹോഞ്ചരിവ്‌സ്‌ക ഗ്രാമത്തിലേക്ക് മിസൈലുകള്‍ തൊടുത്തതായി ചെര്‍ണിവ് മേഖല ഗവര്‍ണര്‍ വ്യാഷെസ്ലാവ് ഷൗസ് അറിയിച്ചു. ആഴ്ചകള്‍ക്കുശേഷമാണ് ചെര്‍ണിവ് മേഖല ആക്രമിക്കുന്നത്. മാസങ്ങള്‍ക്കുമുമ്പ് കീവ്, ചെര്‍ണിവ് മേഖലകളില്‍നിന്ന് റഷ്യന്‍ സൈന്യം പിന്‍വാങ്ങിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.