ക്രിപ്‌റ്റോ കറന്‍സി: തളിപ്പറമ്പ് സ്വദേശിയായ ഇരുപത്തിരണ്ടുകാരന്‍ തട്ടിയെടുത്തത് 20 കോടി രൂപ; കബളിപ്പിക്കപ്പെട്ടവരില്‍ മത്സ്യ വില്‍പനക്കാര്‍ വരെ

ക്രിപ്‌റ്റോ കറന്‍സി:  തളിപ്പറമ്പ് സ്വദേശിയായ ഇരുപത്തിരണ്ടുകാരന്‍ തട്ടിയെടുത്തത് 20 കോടി രൂപ; കബളിപ്പിക്കപ്പെട്ടവരില്‍ മത്സ്യ വില്‍പനക്കാര്‍ വരെ

കണ്ണൂർ: തളിപ്പറമ്പ് സ്വദേശിയായ ഇരുപത്തിരണ്ടുകാരന്‍ 30 ശതമാനം ലാഭവിഹിതം നല്‍കുമെന്ന് പറഞ്ഞ് നൂറുകണക്കിനാളുകളില്‍ നിന്ന് തട്ടിയത് ഇരുപത് കോടിയോളം രൂപ.

ക്രിപ്‌റ്റോ തട്ടിപ്പിലൂടെ അള്ളാംകുളം സ്വദേശിയായ യുവാവ് പതിനഞ്ചുമുതല്‍ 20 കോടിവരെ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.മാസങ്ങള്‍ക്കു മുന്‍പാണ് ഇതിന് സമാനമായ മോറിസ് കോയിന്‍ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പിലൂടെ നൂറുകോടി തട്ടിയ മലപ്പുറം സ്വദേശിയായ യുവാവും കൂട്ടാളികളും കണ്ണൂരില്‍ കുടുങ്ങിയത്.

മുപ്പതു ശതമാനം ലാഭവിഹിതം തിരിച്ചു നല്‍കുമെന്ന് പറഞ്ഞാണ് തളിപ്പറമ്പിലെ 22 വയസുകാരനായ യുവാവ് നൂറുകണക്കിനാളുകളില്‍ നിന്നായി ഒരുലക്ഷം മുതല്‍ ഒരുകോടിവരെ നിക്ഷേപമായി വാങ്ങിയത്. ഒരുലക്ഷം നല്‍കിയവര്‍ക്ക് 13ദിവസത്തിനകം 1,30,000 രൂപ ലഭിക്കുമെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് .

നിക്ഷേപകരെ വിശ്വസിപ്പിക്കുന്നതിനായി തളിപറമ്പ് കാക്കത്തോടിന് സമീപമുള്ള ഷോപ്പിംഗ് കോംപ്ളക്സില്‍ ലോത്ത് ബ്രോക്ക് കമ്യൂണിറ്റിയെന്ന പേരില്‍ ഒരു ഡിജിറ്റല്‍ ഓഫീസും യുവാവ് തുടങ്ങിയിരുന്നു. ക്രിപ്‌റ്റോ കറന്‍സി ഇടപാടിലൂടെ ചുരുങ്ങിയ സമയം കൊണ്ടു നിക്ഷേപങ്ങള്‍ക്ക് ലാഭമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം.ആദ്യഘട്ടത്തില്‍ ഇതു കൃത്യമായി പാലിച്ചതിനാല്‍ വിശ്വാസ്യതയും കൂടി. ഇതോടെ കൂടുതല്‍ തുക നിക്ഷേപിക്കാന്‍ ആളുകള്‍ തയ്യാറായി.

മത്സ്യവില്‍പനക്കാര്‍ തൊട്ട് വീട്ടമ്മമാര്‍ വരെ മാന്ത്രിക വിദ്യയിലൂടെ ലാഭം നേടുന്നതിനായി ഇറങ്ങുകയായിരുന്നു. കമ്പനി പൂട്ടുന്ന ദിവസം വരെ ഇവിടെ 40 ലക്ഷം നിക്ഷേപം ലഭിച്ചിരുന്നു. നികുതിയടക്കുന്നതില്‍ താല്‍പര്യക്കുറവുള്ളവരാണ് കൂടുതലും നിക്ഷേപം നല്‍കിയതെന്നതും ശ്രദ്ധേയമാണ്.

വ്യക്തമായ രേഖകളില്ലാത്തതിനാല്‍ പൊലീസില്‍ പരാതി നല്‍കാനും നിക്ഷേപകരില്‍ പലര്‍ക്കും കഴിയുന്നില്ല. അതേസമയം യുവാവ് ഇപ്പോൾ എറണാകുളത്തെ ഒരു ആഡംബര ഹോട്ടലില്‍ കഴിയുന്നുണ്ടെന്നാണ് വിവരം. നിലവില്‍ ആരും പരാതിപ്പെട്ടില്ലെങ്കിലും പൊലീസ് ഇയാളെ നിരീക്ഷിച്ചുവരുന്നുണ്ട്. കൈയിലുള്ള പണം പൊലിപ്പിച്ചെടുക്കാമെന്ന വാഗ്ദാനത്തില്‍ വീണ് ജീവിത സമ്പാദ്യം മുഴുവനും നഷ്ടമായവരുടെ അനുഭവത്തില്‍ നിന്നും ഒന്നും പഠിക്കുന്നില്ലെന്ന പാഠമാണ് തളിപ്പറമ്പിലെ ഈ തട്ടിപ്പ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.