നകാസക് എലിമെന്ററി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ഫ്രാന്‍സിസ് പാപ്പയ്ക്ക്  തദ്ദേശീയര്‍ ഡ്രം സമ്മാനിക്കുന്നു.
ക്യൂബെക്: പശ്ചാത്താപ തീര്‍ത്ഥാടനത്തിനിടെ ആവര്‍ത്തിച്ചുള്ള ഫ്രാന്‍സിസ് പാപ്പയുടെ മാപ്പപേക്ഷയില്‍ ഹൃദയം നിറഞ്ഞ് കാനഡയിലെ തദ്ദേശീയര്‍ പരിശുദ്ധ പിതാവിന് യാത്രയേകി. വത്തിക്കാനിലേക്കു യാത്ര തിരിക്കും മുന്‍പ് തദ്ദേശീയ ജന വിഭാഗത്തിന്റെ പ്രതിനിധി സംഘവുമായി മാര്‍പാപ്പ ഒരു വട്ടം കൂടി കൂടിക്കാഴ്ച നടത്തി.
'നിങ്ങള്‍ എനിക്കു നല്‍കിയ അമൂല്യമായ നിധി ഞാന്‍ എന്റെ ഹൃദയത്തില്‍ എല്ലായ്‌പ്പോഴും സൂക്ഷിക്കും. നിങ്ങളുടെ മനോഹരമായ മുഖങ്ങളും പുഞ്ചിരികളും സന്ദേശങ്ങളും കഥകളും പ്രകൃതി ഭംഗിയും മായാത്ത മുദ്രയായി എന്നിലുണ്ടാകും. ഇവിടുത്തെ നിറങ്ങളും ശബ്ദങ്ങളും തദ്ദേശീയ മനുഷ്യരുടെ വികാരങ്ങളുമൊക്കെ എന്നെ ആഴത്തില്‍ സ്പര്‍ശിച്ചിരിക്കുന്നു'- അവസാന കൂടിക്കാഴ്ച്ചയില്‍ പാപ്പ പറഞ്ഞു. 
വെള്ളിയാഴ്ച്ച പാപ്പായുടെ കാനഡയിലെ പശ്ചാത്താപ തീര്‍ത്ഥാടനത്തിന്റെ അവസാന ദിനമായിരുന്നു. ക്യുബെക്കിനോട് വിടപറഞ്ഞ മാര്‍പാപ്പ നുനാവുട്ട് പ്രവിശ്യയുടെ തലസ്ഥാന നഗരമായ ഇക്കാലൂയിറ്റില്‍ എത്തിച്ചേര്‍ന്നു. ഇവിടെ നകാസക് എലിമെന്ററി സ്‌കൂളില്‍ വച്ചായിരുന്നു തദ്ദേശീയരായ ജനങ്ങളോട് സംസാരിച്ചത്. 
സ്‌കൂള്‍ അങ്കണത്തില്‍ അനേകം കുട്ടികളും യുവജനങ്ങളും വയോധികരും പാപ്പായെ കാണാന്‍ തടിച്ചുകൂടി. മാര്‍പാപ്പ സ്‌കൂള്‍ അങ്കണത്തിലേക്ക് പ്രവേശിച്ചപ്പോള്‍ തദ്ദേശീയരായവര്‍ സ്വാഗതഗാനം ആലപിച്ചു. ശേഷം പാപ്പായ്ക്ക് ഒരു ഡ്രം സമ്മാനിച്ചു.
 
 
നകാസക് എലിമെന്ററി സ്‌കൂളില്‍ യുവജനങ്ങളെയും മുതിര്‍ന്നവരെയും അഭിസംബോധന ചെയ്യുന്ന മാര്‍പാപ്പ
'ദൈവത്തിന്റെ സഹായത്തോടെ എല്ലാവരും സൗഖ്യത്തിന്റെയും അനുരഞ്ജനത്തിന്റെയും പാത പിന്തുടരണം. അത് കഴിഞ്ഞുപോയ ജീവിതത്തിലേക്ക് വെളിച്ചം വീശാനും മുറിവുകളെ ഉണക്കാനും ഒരുമിച്ചു മുന്നോട്ടു നീങ്ങാനും സഹായിക്കും - പാപ്പാ പറഞ്ഞു. ദൈവത്തെ പ്രസാദിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം അവിടുത്തേക്ക് ഇഷ്ടമുള്ളത് പ്രവര്‍ത്തിക്കാന്‍ നമ്മുടെ സ്വാതന്ത്ര്യം ഉപയോഗിക്കുക എന്നതാണ്.
'ഒരു തീര്‍ത്ഥാടകനായും സഹോദരനായും ഒരു നല്ല സുഹൃത്ത് എന്ന നിലയിലുമാണ് ഞാന്‍ കാനഡയിലെത്തിയത്. നിങ്ങളെ കാണാനും കേള്‍ക്കാനും ഈ രാജ്യത്തെ തദ്ദേശവാസികള്‍ എങ്ങനെ ജീവിക്കുന്നു എന്ന് മനസിലാക്കാനും കഴിഞ്ഞതായി മാര്‍പാപ്പ പറഞ്ഞു.
വര്‍ഷങ്ങളായി പ്രാദേശിക കത്തോലിക്കാ കുടുംബത്തിലെ അംഗങ്ങള്‍ നല്‍കുന്ന നല്ലതും ചീത്തയുമായ പ്രവര്‍ത്തനങ്ങളുടെ ഫലം നേരിട്ട് കാണാനാണ് ഞാന്‍ ഇവിടെ എത്തിയത്. അടിച്ചമര്‍ത്തലിനെ പിന്തുണച്ച കുറേ കത്തോലിക്ക വിശ്വാസികള്‍ ചെയ്ത തെറ്റില്‍ എന്റെ ഹൃദയമുരുകിയുള്ള വേദന പ്രകടിപ്പിക്കാനാണ് ഞാന്‍ നിങ്ങളെ കണ്ടത്. ഭാവി തലമുറകള്‍ക്കായി പ്രത്യാശയുടെ വിത്തുകള്‍ വിതയ്ക്കുന്നതിനൊപ്പം തദ്ദേശീയരുടെ മുറിവുണക്കുന്നതിനും അനുരഞ്ജനത്തിനും തന്റെ സന്ദര്‍ശനം സഹായകമാകുമെന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.
ഹൃദയം സമ്പന്നമായാണ് കാനഡയോട് യാത്ര പറയുന്നതെന്ന് മാര്‍പാപ്പ പറഞ്ഞു. ഈ നാട്ടിലെ തദ്ദേശീയരുടെ കഥകള്‍ വലിയ പ്രചോദനം നല്‍കുന്നു. ഞാനും നിങ്ങളുടെ കുടുംബത്തിന്റെ ഭാഗമായതായി തോന്നുന്നു. 
കാനഡയിലെ റസിഡന്റ്ഷ്യല്‍ സ്‌കൂളില്‍ മുന്‍പ് പഠിച്ച പല വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും പാപ്പായോട് സ്വകാര്യമായി അവരുടെ അനുഭവങ്ങള്‍ നേരത്തെ പങ്കുവച്ചിരുന്നു. എല്ലാവരോടും ഒരിക്കല്‍ക്കൂടി പാപ്പാ ക്ഷമാപണം നടത്തി.
 
മാര്‍പാപ്പയുടെ കാനഡയിലേക്കുള്ള ഒരാഴ്ച നീണ്ട യാത്രയുടെ അവസാന ലക്ഷ്യസ്ഥാനമായിരുന്നു ഇക്കാലൂയിറ്റ്. സ്‌കൂളിലെ കൂടിക്കാഴ്ചക്കു ശേഷം ഇക്കാലൂയിറ്റിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പാപ്പാ നീങ്ങി. അവിടെ ഗവര്‍ണര്‍ ജനറല്‍ മേരി സൈമണ്‍ പാപ്പായ്ക്ക് യാത്രയയപ്പ് നല്‍കി. ഏഴു മണിക്കൂറാണ് റോമിലേക്കുള്ള യാത്രാദൈര്‍ഘ്യം. 
തന്റെ സന്ദര്‍ശനത്തിന്റെ ഫലം പരിശുദ്ധ കന്യകാമറിയം, വിശുദ്ധ ആനി, വിശുദ്ധ കാടേരി ടെകക്വിത്ത എന്നിവരെ ഭരമേല്‍പ്പിക്കുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. 
ജൂലൈ 24 മുതല്‍ 29 വരെയായിരുന്നു ഫ്രാന്‍സിസ് പാപ്പായുടെ കാനഡയിലേക്കുള്ള അപ്പോസ്‌തോലിക യാത്ര. പശ്ചാത്താപ തീര്‍ത്ഥാടനം എന്നാണ് പാപ്പാ ഈ യാത്രയെ വിശേഷിപ്പിച്ചത്. കാനഡയിലെ കാത്തോലിക്കാ റസിഡന്റ്ഷ്യല്‍ സ്‌കൂളില്‍ തദ്ദേശീയ വിദ്യാര്‍ത്ഥികള്‍ നേരിട്ട വിവേചനത്തിലും മാനസിക-ശാരീരിക പീഡനങ്ങള്‍ക്കും മാപ്പ് ചോദിക്കുകയും അവരെ അനുരഞ്ജനത്തിലേക്ക് നയിക്കുകയുമായിരുന്നു യാത്രയുടെ ലക്ഷ്യം.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.