ബഫര്‍ സോണ്‍: അതിര്‍ത്തി നിശ്ചയിക്കാന്‍ സംസ്ഥാനത്തിന് ആകും; സര്‍ക്കാരിന്റെ ഒളിച്ച് കളി പുറത്ത്

ബഫര്‍ സോണ്‍: അതിര്‍ത്തി നിശ്ചയിക്കാന്‍ സംസ്ഥാനത്തിന് ആകും; സര്‍ക്കാരിന്റെ ഒളിച്ച് കളി പുറത്ത്

തിരുവനന്തപുരം: ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒളിച്ചുകളി പുറത്ത്. വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കുമായി അന്തിമ വിജ്ഞാപനമാകാത്ത സാഹചര്യത്തില്‍ ബഫര്‍സോണ്‍ അതിര്‍ത്തി നിശ്ചയിക്കാന്‍ സര്‍ക്കാരിന് കഴിയും. ഇക്കാര്യം മറച്ചുവച്ചാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കം.

1972ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ മാത്രമേ ദേശീയ ഉദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും വിജ്ഞാപനം പൂര്‍ത്തിയാകൂ. എന്നാല്‍ കേരളത്തിലെ 23 സംരക്ഷിത പ്രദേശങ്ങളില്‍ കൊട്ടിയൂര്‍ ഒഴികെ ഒരിടത്തും വന്യജീവി സങ്കേതത്തിനും ദേശീയ ഉദ്യാനത്തിനും ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടില്ല.

വന്യജീവി സംരക്ഷണ നിയമത്തിന്റെ സെക്ഷന്‍ 18 മുതല്‍ 26എ വരെ പൂര്‍ത്തീകരിച്ചാല്‍ മാത്രമേ ഇത്തരം പ്രദേശങ്ങള്‍ നാഷണല്‍ വൈല്‍ഡ്‌ലൈഫ് ബോര്‍ഡിന്റെ പൂര്‍ണ അധീനതയില്‍ വരു എന്ന് നിയമത്തില്‍ പറയുന്നുണ്ട്.

1991ന് മുമ്പ് പ്രഖ്യാപിച്ച വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും സെക്ഷന്‍ 26 ബാധകമല്ല എന്നാണ് സര്‍ക്കാര്‍ വാദം പക്ഷെ നിയമപ്രകാരം സെക്ഷന്‍ 18, 18ബി എന്നിവ പൂര്‍ത്തീകരിച്ച് സെറ്റില്‍മെന്റ് ഓഫീസര്‍മാരെ നിയമിച്ച മേഖലയ്ക്കാണ് ഈ ഒഴിവ് നല്‍കിയത്. മാത്രമല്ല സെക്ഷന്‍ 19 മുതല്‍ 25 വരെ പൂര്‍ത്തീകരിക്കാന്‍ ബാധ്യതയുമുണ്ട്.

ദേശീയ ഉദ്യാനത്തിന്റെയും വന്യജീവി സങ്കേതങ്ങളുടെയും അതിര്‍ത്തി നിശ്ചയിക്കാനും ജനവാസ മേഖലയില്‍ നഷ്ട പരിഹാര നടപടി സ്വീകരിക്കാനും സര്‍ക്കാരിന് ബാധ്യതയുണ്ട്. എന്നാല്‍ ഇതൊന്നും പൂര്‍ത്തിയാക്കാതെയാണ് എല്ലാം നാഷണല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡില്‍ നിക്ഷിപ്തമാണെന്ന വാദവുമായി സംസ്ഥാന സര്‍ക്കാര്‍ കൈയൊഴിയുന്നത്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.