കെന്റക്കിയില്‍ പേമാരിയില്‍ മരണസംഖ്യ 25; മരിച്ച കുട്ടികളില്‍ നാലു സഹോദരങ്ങള്‍; രക്ഷാപ്രവര്‍ത്തനം തുടരുന്നു

കെന്റക്കിയില്‍ പേമാരിയില്‍ മരണസംഖ്യ 25; മരിച്ച കുട്ടികളില്‍ നാലു സഹോദരങ്ങള്‍; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഫ്രാങ്ക്ഫര്‍ട്ട്: അമേരിക്കയിലെ കെന്റക്കി സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ മരണസംഖ്യ 25 ആയി ഉയര്‍ന്നു. കിഴക്കന്‍ കെന്റക്കിയിലെ അപ്പലാച്ചിയ മേഖലയിലാണ് കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കമുണ്ടായത്. മരിച്ചവരില്‍ ഒന്നര വയസുള്ള കുഞ്ഞ് ഉള്‍പ്പെടെ നാലു കുട്ടികളുമുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. ബോട്ട്, ഹെലികോപ്റ്റര്‍ മാര്‍ഗം നിരവധി പേരെ രക്ഷിച്ചു. നിരവധി വീടുകളും കടകളും വെള്ളത്തിനടിയിലായി.

കാണാതായവരുടെ കണക്ക് കൃത്യമല്ല. ഇവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്. പല മേഖലകളിലും കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. പ്രദേശത്ത് പതിനായിരത്തോളം വീടുകളില്‍ വൈദ്യുതി ലഭ്യമല്ല. പലര്‍ക്കും മതിയായ ഭക്ഷണവും ലഭിക്കുന്നില്ലെന്നാണ് വിവരം.

ബുധനാഴ്ച മുതല്‍ പെയ്ത കനത്ത മഴയാണ് വെള്ളപ്പൊക്കത്തിന് കാരണം. പെറി, നോട്ട്, ലെച്ചര്‍, ക്ലേ കൗണ്ടികളിലാണ് മഴ ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. സമീപ പ്രദേശങ്ങളായ വിര്‍ജീനിയ, വെസ്റ്റ് വിര്‍ജീനിയ എന്നിവിടങ്ങളില്‍ ചിലയിടത്തും നേരിയ തോതില്‍ വെള്ളം ഉയര്‍ന്നിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ തുടര്‍ന്നേക്കും. കഴിഞ്ഞ ആഴ്ചകളില്‍ ശക്തമായ ചൂടായിരുന്നു കെന്റക്കിയില്‍ അനുഭവപ്പെട്ടിരുന്നത്.


നോട്ട് കൗണ്ടിയില്‍ വെള്ളപ്പൊക്കത്തില്‍ മരിച്ച നാല് സഹോദരങ്ങള്‍

നോട്ട് കൗണ്ടിയില്‍ മരിച്ച നാല് കുട്ടികള്‍ സഹോദരങ്ങളാണ്. എട്ട്, ആറ്, നാല് വയസും 18 മാസം പ്രായവുമുള്ള കുട്ടികളാണു മരിച്ചത്. കുടുംബം താമസിച്ചിരുന്ന മൊബൈല്‍ ഹോം വെള്ളപ്പൊക്കത്തില്‍ മുങ്ങുകയായിരുന്നു. കുടുംബാംഗങ്ങള്‍ മരത്തില്‍ ചുറ്റിപ്പിടിച്ചെങ്കിലും വെള്ളത്തിന്റെ ശക്തമായ ഒഴുക്കില്‍ കുട്ടികള്‍ പിടിവിട്ടു പോകുകയായിരുന്നു.

പലയിടത്തും മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡുകള്‍ ഗതാഗത യോഗ്യമല്ലാതായി. 20 വര്‍ഷത്തിനിടെ മേഖലയിലുണ്ടാകുന്ന ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്. കനത്ത മഴയെ തുടര്‍ന്ന് ഒഹിയോ നദി കവിഞ്ഞൊഴുകിയതാണ് വെള്ളപ്പൊക്കത്തിന് കാരണം.

പ്രളയത്തെ വലിയ ദുരന്തമായി പ്രഖ്യാപിച്ച പ്രസിഡന്റ് ജോ ബൈഡന്‍, പ്രാദേശിക രക്ഷാപ്രവര്‍ത്തകര്‍ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ദുരന്തത്തിനിരയായ കുടുംബങ്ങളെ സഹായിക്കാന്‍ കൂടുതല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കനത്ത മഴയെ തുടര്‍ന്ന് താഴ്ന്ന മേഖലകളില്‍ താമസിച്ചിരുന്ന നൂറുകണക്കിന് ആളുകളെ കെന്റക്കി, ടെന്നസി, വെസ്റ്റ് വെര്‍ജീനിയ എന്നിവിടങ്ങളില്‍ നിന്ന് ഈ ദിവസങ്ങളില്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്ന് ഗവര്‍ണര്‍ ആന്‍ഡി ബെഷിയര്‍ പറഞ്ഞു. മൊബൈല്‍ സേവനവും ജലവിതരണവും പലയിടത്തും തടസപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

തെക്കുകിഴക്കന്‍ കെന്റക്കിയിലെ ഹസാര്‍ഡ് നഗരത്തില്‍ തകര്‍ന്ന കെട്ടിടങ്ങളില്‍ ഇരുനിലയുള്ള പള്ളിയും ഉള്‍പ്പെടും. ഡേവിഡ്‌സണ്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചാണ് തകര്‍ന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.