അല്‍ ഖ്വയ്ദ തലവന്‍ അയ്മന്‍ സവാഹിരിയെ അമേരിക്ക വധിച്ചു; നീതി നടപ്പായെന്ന് ജോ ബൈഡന്‍

അല്‍ ഖ്വയ്ദ തലവന്‍ അയ്മന്‍ സവാഹിരിയെ അമേരിക്ക  വധിച്ചു; നീതി നടപ്പായെന്ന് ജോ ബൈഡന്‍

വാഷിങ്ടണ്‍: അല്‍ ഖ്വയ്ദ തലവനും 2001 സെപ്റ്റംബര്‍ 11 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിലെ സൂത്രധാരനുമായ അയ്മന്‍ അല്‍ സവാഹിരിയെ അമേരിക്ക വധിച്ചു. പ്രസിഡന്റ് ജോ ബൈഡന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. അഫ്ഗാനിസ്ഥാനില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലൂടെയാണ് സവാഹിരിയെ വധിച്ചത്.

അഫ്ഗാന്‍ തലസ്ഥാനമായ കൂബൂളില്‍ അമേരിക്കന്‍ ചാര സംഘടനയായ സിഐഎയാണ് തീവ്രവാദ വിരുദ്ധ ഓപ്പറേഷന്‍ നടത്തിയതെന്ന് ബൈഡന്‍ അറിയിച്ചു. കാബൂളിലെ വസതിയുടെ ബാല്‍ക്കണിയില്‍ നില്‍ക്കവെ രണ്ട് മിസൈലുകള്‍ അയച്ചാണ് കൊടുംഭീകരനെ കൊലപ്പെടുത്തിയത്.

കുടുംബാംഗങ്ങള്‍ വീട്ടില്‍ ഉണ്ടായിരുന്നുവെങ്കിലും  ആര്‍ക്കും പരിക്കേറ്റിട്ടില്ല. 71 വയസുള്ള ഭീകരവാദി നേതാവിനെ വധിക്കാനുള്ള നീക്കത്തിന് അന്തിമാനുമതി നല്‍കിയത് താനാണെന്നും ഇതോടെ ഭീകരാക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിച്ചെന്നും  പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി.

ഈജിപ്തില്‍ നേത്രരോഗ വിദഗ്ദ്ധനായിരുന്ന സവാഹിരി പിന്നീട് ഭീകരവാദ പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുകയായിരുന്നു. ഇതേ തുടര്‍ന്ന് ഡോക്ടറായിരുന്ന സവാഹിരി ജയിലിലടയ്ക്കപ്പെട്ടു. പിന്നീട് ജയില്‍ മോചിതനായ അയാള്‍ രാജ്യം വിട്ട് അഫ്ഗാനിസ്താനില്‍ എത്തുകയും ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയും ചെയ്തു.

അന്നത്തെ അല്‍ ഖ്വയ്ദ തലവന്‍ ഉസാമ ബിന്‍ ലാദന്റെ വിശ്വസ്തനായി മാറിയ സവാഹിരി ലാദന്‍ കൊല്ലപ്പെട്ടതോടെ സംഘടനയുടെ തലപ്പത്തെത്തി. പാകിസ്ഥാനിലെ അബട്ടാബാദില്‍ ഒളിച്ചു താമസിക്കുന്നതിനിടെയാണ് ബിന്‍ ലാദന്‍ 2011 മെയ് രണ്ടിന് അമേരിക്കന്‍ കമാന്‍ഡോകളുടെ മിന്നലാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

2020 നവംബറില്‍ സവാഹിരി കൊല്ലപ്പെട്ടതായി വാര്‍ത്തകളുണ്ടായെങ്കിലും 2021ല്‍ സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ വാര്‍ഷിക   ദിനത്തില്‍  സവാഹിരിയുടെ ഒരു  മണിക്കൂര്‍ ദൈര്‍ഘ്യമുളള വിഡിയോ പുറത്തു വന്നിരുന്നു. സവാഹിരിയെ വധിച്ചെന്ന ബൈഡന്റെ പ്രഖ്യാപനത്തെ സൗദി അറേബ്യ സ്വാഗതം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.