വിദേശത്ത് തീവ്രവാദത്തിന് ആഹ്വാനം; പെര്‍ത്തിലെ മുന്‍ ഗവേഷകന്‍ കുറ്റം സമ്മതിച്ചു

വിദേശത്ത് തീവ്രവാദത്തിന് ആഹ്വാനം; പെര്‍ത്തിലെ മുന്‍ ഗവേഷകന്‍ കുറ്റം സമ്മതിച്ചു

പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ മുന്‍ ഗവേഷകന്‍ വിദേശത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ആഹ്വാനം നല്‍കിയതായി കോടതിയില്‍ കുറ്റം സമ്മതിച്ചു. സംസ്ഥാനത്തെ ഏറ്റവും അപകടകാരികളായ ആളുകളില്‍ ഒരാളായി ഫെഡറല്‍ പോലീസ് കണക്കാക്കുന്ന പെര്‍ത്ത് സ്വദേശി അബ്ദുസലാം അദീന-സാദയാണ് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ ജില്ലാ കോടതിയില്‍ വിചാരണയ്ക്കിടെ കുറ്റം സമ്മതിച്ചത്.

യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയില്‍ ഒരു ദശാബ്ദത്തിലേറെയായി റിസര്‍ച്ച് അസോസിയേറ്റായിരുന്നു അബ്ദുസലാം. വിദേശത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും പ്രേരണ നല്‍കിയ കേസിലാണ് 54 വയസുകാരനായ അബ്ദുസലാം വിചാരണ നേരിടുന്നത്. 2020 ഫെബ്രുവരി മുതല്‍ ഇയാള്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു.

സ്വദേശമായ താജിക്കിസ്ഥാനില്‍ ആക്രമണങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്ന വീഡിയോകള്‍ പങ്കിടുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം അക്കൗണ്ടിനെക്കുറിച്ച് അറിഞ്ഞതോടെയാണ് ഇയാള്‍ 2020 മുതല്‍ പോലീസിന്റെ നിരീക്ഷണ വലയത്തിലായത്. തുടര്‍ന്ന് രണ്ട് മാസത്തിന് ശേഷം, ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് അബ്ദുസലാമിന്റെ വീട്ടില്‍ റെയ്ഡ് നടത്തുകയും നിരവധി ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

ഇതേതുടര്‍ന്ന് അബ്ദുസലാം അറസ്റ്റിലാകുകയും തീവ്രവാദം പ്രോത്സാഹിപ്പിച്ചതിന് നാല് കുറ്റങ്ങള്‍ ചുമത്തുകയും ചെയ്തു. വിചാരണ നേരിടവേയാണ് ഇയാള്‍ കോടതിയില്‍ കുറ്റം സമ്മതിച്ചത്.

തീവ്രവാദ പ്രവര്‍ത്തങ്ങള്‍ക്കു പ്രേരണ നല്‍കിയ സംഭവം നടന്നത് 2019 ജനുവരിക്കും മാര്‍ച്ചിനും ഇടയിലാണ്. ഈ മാസം അവസാനം ശിക്ഷ വിധിക്കുമെന്നാണ് കരുതുന്നത്.

അബ്ദുസലാമിന്റെ അറസ്‌റ്റോടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ഓസ്‌ട്രേലിയ അതീവ ജാഗ്രത പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്നു വിരല്‍ ചൂണ്ടിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.