അനുദിന വിശുദ്ധര്‍ - ഓഗസ്റ്റ് 03
ഫ്രാന്‍സിലെ ഗ്രെനോബിളിനു സമീപമുള്ള ലാമുറേയില്‍ 1811 ഫെബ്രുവരി നാലിന് ജനിച്ച പീറ്റര്‍ ജൂലിയന്‍ എമര്‍ഡ് ചെറുപ്പം മുതല്‍ വിശുദ്ധ കുര്‍ബാനയുടെ ഭക്തനായിരുന്നു. വൈദികനാകാന്‍ തീവ്രമായ ആഗ്രഹമുണ്ടായിരുന്നെങ്കിലും അനാരോഗ്യവും പിതാവിന്റെ എതിര്‍പ്പും തടസമായി.
അതൊന്നും വകവയ്ക്കാതെ 'Oblates of Mary Immaculate' സഭയില്‍ ചേര്‍ന്ന എമര്‍ഡിന് നോവിഷ്യേറ്റ് തുടങ്ങി മൂന്നു മാസത്തിനുശേഷം അനാരോഗ്യം മൂലം തിരിച്ചു പോരേണ്ടി വന്നു. 1831 ല്‍ പിതാവു മരിച്ച ശേഷം ഗ്രെനോബിളിലുള്ള മേജര്‍ സെമിനാരിയില്‍ ചേര്‍ന്നു പഠനം തുടര്‍ന്നു.
1834 ജൂലൈ 20 ന് പൗരോഹിത്യം സ്വീകരിച്ചു. ഗ്രെനോബിളില്‍ തന്നെ ഇടവക വൈദികനായി 1839 വരെ കഴിഞ്ഞശേഷം മാതൃഭക്തനായ അദ്ദേഹം മാരിസ്റ്റ് ഫാദേഴ്സിന്റെ സഭയില്‍ ചേര്‍ന്നു.
ആ സഭയില്‍ അംഗമായിരുന്ന പതിനേഴു വര്‍ഷക്കാലം സ്പിരിച്വല്‍ ഫാദര്‍, കോളജ് റെക്ടര്‍, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ദിവ്യകാരുണ്യത്തിന്റെ അസാധാരണ ഭക്തനായിരുന്ന അദ്ദേഹം ശ്രദ്ധേയനായ പ്രഭാഷകനുമായിരുന്നു. എമര്‍ഡിന്റെ വിശുദ്ധ കുര്‍ബാനയോടുള്ള ഭക്തി വളര്‍ന്ന് ഒരു പ്രത്യേക ആരാധനാ ഗ്രൂപ്പിനു തന്നെ അദ്ദേഹം രൂപം കൊടുത്തു.
മാരിസ്റ്റ് സഭയില്‍ അത്തരമൊരു പ്രത്യേക ഗ്രൂപ്പിനു പ്രസക്തിയില്ലെന്നു മനസിലാക്കിയ അദ്ദേഹം മാരിസ്റ്റ് സഭ വിട്ട് 1856 മെയ് 13 ന് പാരീസില്‍ 'ബ്ലസ്ഡ് സാക്രമെന്റ് ഫാദേഴ്സ്' എന്ന പുതിയ സഭ സ്ഥാപിച്ചു. പിന്നീട് മരണം വരെ അതിന്റെ സുപ്പീരിയര്‍ ജനറലായിരുന്നു.
1863 ലാണ് പോപ്പിന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചതെങ്കിലും 1868 ആയപ്പോഴേക്കും ഈ പുതിയ സഭയ്ക്ക് പതിനാറു വൈദികരും, ഫ്രാന്‍സിലും ബല്‍ജിയത്തിലുമായി ഒമ്പത് പുതിയ സന്യാസ ഭവനങ്ങളും 34 മറ്റ് അംഗങ്ങളും ഉണ്ടായിരുന്നു.
1858 ല്‍ മാര്‍ഗുറൈറ്റ് ഗില്ലറ്റിന്റെ സഹകരണത്തോടെ 'Servants of Blessed Sacrament' എന്ന പേരില്‍ സ്ത്രീകള്‍ക്കായി ഒരു ആരാധന സഭയ്ക്കും അദ്ദേഹം തുടക്കം കുറിച്ചു. വിശുദ്ധ കുര്‍ബാനയുടെ ഭക്തി പ്രചരിപ്പിക്കുവാനുള്ള പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഇതിനു പുറമെ വൈദികര്‍ക്കായുള്ള 'Eucharistive League, 'Blessed Sacrament Confratermtiy' എന്നീ സന്യാസ സമൂഹങ്ങളും ആരംഭിച്ചു.
1868 ഓഗസ്റ്റ് ഒന്നിന് പീറ്റര്‍ ജൂലിയന്‍ എമര്‍ഡ് അന്തരിച്ചു. 1925 ജൂലൈ 22 ന് ദൈവദാസനായി. 1962 ഡിസംബര്‍ ഒമ്പതിന് പോപ്പ് ജോണ്‍ ഇരുപത്തിമൂന്നാമന്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. അബിബാസ്
2. സിറിയയിലെ മറാനയും സൈറയും
3. നേപ്പിള്‍സ് ബിഷപ്പായിരുന്ന അസ്‌പ്രേന്‍.
'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.