'അമേരിക്ക നിങ്ങള്‍ക്കൊപ്പമുണ്ട്': തായ് വാന്‍ പാര്‍ലമെന്റില്‍ നാന്‍സി പെലോസിയുടെ ഉറപ്പ്

'അമേരിക്ക നിങ്ങള്‍ക്കൊപ്പമുണ്ട്':  തായ് വാന്‍ പാര്‍ലമെന്റില്‍ നാന്‍സി പെലോസിയുടെ ഉറപ്പ്

തായ്‌പേയി: അമേരിക്ക നിങ്ങള്‍ക്കൊപ്പമുണ്ട് എന്ന സന്ദേശം കൈമാറാനാണ് താനും യു.എസ് ജനപ്രതിനിധി സഭാംഗങ്ങളും തായ്‌ വാന്‍ സന്ദര്‍ശിക്കുന്നതെന്ന് തായ് വാന്‍  പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു കൊണ്ട് അമേരിക്കന്‍ ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി.

'ലോകത്തിലെ ഏറ്റവും സ്വതന്ത്ര സമൂഹങ്ങളിലൊന്ന്' എന്നാണ് നാന്‍സി പെലോസി പ്രസംഗത്തില്‍ തായ്‌വാനെ വിശേഷിപ്പിച്ചത്. തായ്‌വാന്‍ പ്രസിഡന്റ് സൈ ഇങ് വെന്നുമായും മനുഷ്യാവകാശ പ്രവര്‍ത്തകരുമായും നാന്‍സി പെലോസി കൂടിക്കാഴ്ച നടത്തി.

തായ്‌വാന്‍ കടലിലെ തല്‍സ്ഥിതി തുടരുന്നതിനെയാണ് യു.എസ് പിന്തുണക്കുന്നത്. ബലപ്രയോഗത്തിലൂടെ തായ്‌വാന് എന്തെങ്കിലും സംഭവിക്കുന്നത് കാണാന്‍ തങ്ങളാഗ്രഹിക്കുന്നില്ല. തായ്‌വാന് സ്വാതന്ത്ര്യവും സുരക്ഷയും വേണമെന്നാണ് യു.എസ് ആഗ്രഹിക്കുന്നത്. അതില്‍ നിന്നും പിന്നോട്ടില്ലെന്നും പെലോസി പറഞ്ഞു.

തായ്വാനൊപ്പം എപ്പോഴും ഉണ്ടാകുമെന്ന് 43 വര്‍ഷം മുമ്പ് തന്നെ യു.എസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കുന്ന സ്വതന്ത്ര ജനാധിപത്യ രാജ്യമാണിത്. തായ് വാന്റെ നിശ്ചയദാര്‍ഢ്യവും ധൈര്യവും നിലവിലെ പ്രതിസന്ധികളെ നേരിടാനും സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കാനും സഹായിക്കുമെന്നും പെലോസി പറഞ്ഞു.

അതിനിടെ, നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ബൈജിങിലെ യു.എസ് സ്ഥാനപതിയെ വിളിച്ചു വരുത്തി ചൈനീസ് ഭരണകൂടം പ്രതിഷേധമറിയിച്ചു. ചെയ്യുന്ന അബദ്ധങ്ങള്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്നും തായ്‌വാന്‍ വിഷയത്തെ തങ്ങള്‍ക്കെതിരായ ആയുധമാക്കി മാറ്റാനുള്ള ഏതൊരു ശ്രമവും അവസാനിപ്പിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. നാന്‍സി പെലോസി തായ്‌വാന്‍ പാര്‍ലമെന്റില്‍ സംസാരിച്ചതിന് പിന്നാലെയാണ് യു.എസ് സ്ഥാനപതിയെ വിളിച്ചു വരുത്തിയത്.

പ്രകോപനം സൃഷ്ടിച്ച് മേഖലയില്‍ ചൈന സൈനികാഭ്യാസം നടത്തുന്നതിനെ തായ്‌വാന്‍ വിമര്‍ശിച്ചു. ചൈനയുടെ നടപടി അനാവശ്യമാണെന്ന് പ്രസിഡന്റ് സൈ ഇങ് വെന്‍ ചൂണ്ടിക്കാട്ടി. നാന്‍സി പെലോസിയുടേത് സൗഹൃദ സന്ദര്‍ശനമാണെന്നും നിരവധി പ്രതിനിധികളെ മുമ്പും തായ്‌വാന്‍ സ്വീകരിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍ രാജ്യത്ത് സന്ദര്‍ശനം നടത്തിയ യു.എസ് പ്രതിനിധി സഭാംഗങ്ങളോട് സൈ ഇങ് വെന്‍ നന്ദി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.