ഓസ്‌ട്രേലിയയില്‍ വിനാശം സൃഷ്ടിച്ച് ശക്തമായ കാറ്റും മഴയും

ഓസ്‌ട്രേലിയയില്‍ വിനാശം സൃഷ്ടിച്ച് ശക്തമായ കാറ്റും മഴയും

വിക്ടോറിയ: ഓസ്‌ട്രേലിയയുടെ കിഴക്ക് പടിഞ്ഞാറന്‍ മേഖലകളില്‍ ശക്തമായ കാറ്റും മഴയും വിനാശം സൃഷ്ടിക്കുന്നു. പടിഞ്ഞാറന്‍ ഓസ്ട്രേലിയ, സൗത്ത് ഓസ്ട്രേലിയ, വിക്ടോറിയ, ന്യൂ സൗത്ത് വെയില്‍സ് എന്നിവിടങ്ങളിലാണ് കാറ്റ് ശക്തമായിരിക്കുന്നത്. ആയിരക്കണക്കിന് വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. മരങ്ങള്‍ കടപുഴകി വീണു. വൈദ്യുതി വിതരണ ശൃംഖല താറുമാറായി. അടുത്ത ഞായറാഴ്ച്ച വരെ ഓസ്‌ട്രേലിയയിലുടനീളം ശക്തമായ മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ബ്യൂറോ ഓഫ് മെറ്റീരിയോളജി ജാഗ്രതാ മുന്നറിയിപ്പ് നല്‍കി.

വിക്ടോറിയയില്‍ എമറാള്‍ഡ്, പകെന്‍ഹാം, അപ്പര്‍ യാറ മേഖലയിലാണ് പ്രകൃതിക്ഷോഭം രൂക്ഷം. എമറാള്‍ഡ്, പകെന്‍ഹാം പ്രദേശങ്ങളില്‍ ഏകദേശം 17,000 വീടുകളില്‍ വൈദ്യുതിയില്ല. റോഡുകള്‍ക്ക് കുറുകെ മരങ്ങള്‍ വീണു കിടക്കുന്നതിനാല്‍ ഗതാഗതം തടസമായിരിക്കുകയാണ്. 110 കിലോമീറ്റര്‍ വേഗതയിലാണ് ഇവിടെ കാറ്റ് വീശുന്നത്.

പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ വൈദ്യുതി വിതരണം താറുമാറായി. പെര്‍ത്ത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തങ്ങളെ വരെ വൈദ്യുത പ്രശ്‌നം ബാധിച്ചു. വിമാനങ്ങള്‍ വൈകുന്നതും സര്‍വീസുകള്‍ റദ്ദാക്കേണ്ട സാഹചര്യവും ഉണ്ടായി. വിമാനമിറങ്ങിവന്ന യാത്രക്കാര്‍ തങ്ങളുടെ ലെഗേജ് കണ്ടെത്താന്‍ മൊബൈല്‍ ഫോണിലെ ലൈറ്റുകള്‍ ഉപയോഗിക്കേണ്ട അവസ്ഥയും ഉണ്ടായി.



ഓസ്‌ട്രേലിയയുടെ തെക്ക് പടിഞ്ഞാറന്‍ മേഖലകളില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത വിധം വിനാശങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മണിക്കൂറില്‍ നൂറ് കിലോമീറ്ററിന് മുകളിലാണ് ഇവിടെ കാറ്റ് വീശുന്നത്. ഇന്നലെ ഇത് 125 കിലോമീറ്റര്‍ വരെ രേഖപ്പെടുത്തി. കിഴക്കന്‍ മലനിരകളിലും കാറ്റ് ശക്തമാണ്. ആല്‍പൈന്‍ പ്രദേശങ്ങളില്‍ ഹിമപാതം ഉണ്ടാകുമെന്നു മുന്നറിയിപ്പ് ഉണ്ട്.

സൗത്ത് ഓസ്ട്രേലിയയില്‍ കേപ് വില്ലോബി, നെപ്ട്യൂണ്‍ ഐലന്‍ഡ്, ക്ലീവ്, സെഡൂണ എന്നിവിടങ്ങളിലും ശക്തമായ കാറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. തീരമേഖലകളിലും കാലാവസ്ഥാ മാറ്റം വിനാശം സൃഷ്ടിക്കുകയാണ്. 10 മീറ്ററോളം ഉയരത്തില്‍ തിരമാലകളാല്‍ ആഞ്ഞടിച്ച് വീടുകള്‍ക്കും ബീച്ചുകള്‍ക്കും നാശനഷ്ടം ഉണ്ടാക്കി. തെക്കന്‍ മേഖലകളിലും വരും ദിവസങ്ങളില്‍ വിനാശകരമായ പ്രകൃതിക്ഷോഭങ്ങള്‍ സംഭവിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26