ചെന്നൈ: ഇലക്ട്രിക്ക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഒല അവരുടെ തമിഴ്‌നാട്ടിലെ പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായാണ് താല്‍ക്കാലികമായി പ്ലാന്റ് അടച്ചുപൂട്ടുന്നത് എന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം. എന്നാല്‍ സ്‌കൂട്ടറുകള്‍ പ്ലാന്റില്‍ കുമിഞ്ഞുകൂടിയതാണ് കാരണമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യന്‍ വാഹന വിപണിയില്‍ വലിയ വിപ്ലവത്തിന്റെ തുടക്കമായാണ് ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വരവിനെ പലരും വിശേഷിപ്പിച്ചിരുന്നത്. ലക്ഷക്കണക്കിന് ബുക്കിങുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നേടി ഒല ഇവി തരംഗമായിരുന്നു. എന്നാല്‍, നിരത്തില്‍ എത്തിയതോടെ അതുവരെ ഉണ്ടാക്കിയെടുത്ത എല്ലാ ജനപ്രീതിയും തകിടം മറിഞ്ഞു.
സോഫ്റ്റ്വെയര്‍ പ്രശ്നം, തീപിടിത്തം തുടങ്ങി ഒല ഇലക്ട്രിക്കിന്റെ എസ്1 പ്രോ സ്‌കൂട്ടറുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബോഡി വര്‍ക്കിലെ വലിയ പാനല്‍ വിടവുകള്‍, ശബ്ദങ്ങള്‍, ഹെഡ്ലാമ്പ് പ്രശ്നങ്ങള്‍, പൊരുത്തമില്ലാത്ത റൈഡിങ് റേഞ്ച് മുതലായവ ഉപഭോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫോര്‍വേഡ് മോഡില്‍ ആയിരുന്നിട്ടും സ്‌കൂട്ടര്‍ തനിയെ റിവേഴ്‌സ് ഓടിയതും വാര്‍ത്തയായിരുന്നു.
ഇതോടെ വില്‍പന തീര്‍ത്തും കുറയുകയായിരുന്നു. വന്‍ വില്‍പന നടക്കുമെന്ന് പ്രതീക്ഷിച്ച് നിര്‍മിച്ച സ്‌കൂട്ടറുകള്‍ ഇതോടെ പ്ലാന്റില്‍ കെട്ടിക്കിടക്കാന്‍ തുടങ്ങി. ഇത്തരമൊരു അവസ്ഥയിലാണ് അവര്‍ നിര്‍മാണം നിര്‍ത്തിയത്.
തമിഴ്‌നാട്ടിലെ ഹൊസൂരിലാണ് ഒല ഫ്യൂച്ചര്‍ ഫാക്ടറി സ്ഥിതി ചെയ്യുന്നത്. ലോകത്തെ ഏറ്റവും വലിയ ടൂവീലര്‍ ഫാക്ടറി തങ്ങളുടേതാണെന്നാണ് ഒലയുടെ അവകാശവാദം. 500 ഏക്കറില്‍ പ്രതിവര്‍ഷം ഒരു കോടി യൂണിറ്റുകള്‍ പുറത്തിറക്കാന്‍ കഴിയുന്ന ജംബോ ഫാക്ടറിയില്‍ 3000 ലധികം റോബോട്ടുകളും ജോലി ചെയ്യുന്നുണ്ട്.
രണ്ട് സെക്കന്റില്‍ ഒരു സ്‌കൂട്ടര്‍ എന്ന നിലയിലാണ് ഇവിടെ ഉല്‍പാദനം നടക്കുക. 2400 കോടി നിക്ഷേപത്തോടെ ആരംഭിച്ച ഫാക്ടറിയുടെ ആദ്യഘട്ട നിര്‍മാണം 2021 ജൂണിലാണ് പൂര്‍ത്തിയായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.