ക്വീന്‍സ് ലന്‍ഡിലുണ്ടായ വെടിവയ്പ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്; സ്ഥലത്ത് അടിയന്തരാവസ്ഥ

ക്വീന്‍സ് ലന്‍ഡിലുണ്ടായ  വെടിവയ്പ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്; സ്ഥലത്ത് അടിയന്തരാവസ്ഥ

ബ്രിസ്ബന്‍: ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ ക്വീന്‍സ് ലന്‍ഡിലുണ്ടായ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതര പരിക്ക്. പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 

കിഴക്കൻ ക്വീന്‍സ് ലന്‍ഡിലെ കോളിന്‍സ്‌വില്ലെയിൽ ജനവാസ മേഖലയിൽ നിന്നു മാറി ഒരു കന്നുകാലി ഫാമിനു സമീപമാണ് ഇന്നു രാവിലെ വെടിവയ്പ്പുണ്ടായത്.

സംഭവത്തില്‍ പരിക്കേറ്റ ഒരാളെ ഗുരുതരാവസ്ഥയില്‍ മക്കെ ബേസ് ആശുപത്രിയില്‍ എത്തിച്ചു. തനിക്കും മറ്റു മൂന്നു പേര്‍ക്കും വെടിയേറ്റതായാണ് പരിക്കേറ്റയാള്‍ പോലീസിനു നല്‍കിയ മൊഴി.
അടിവയറ്റില്‍ വെടിയേറ്റ നിലയില്‍ ഒരു വാഹനത്തിനുള്ളില്‍നിന്നാണ് പരിക്കേറ്റയാളെ പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ ആകാശമാര്‍ഗം ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തി.

പരിക്കേറ്റയാളുടെ കുടുംബാംഗങ്ങളാണ് മരിച്ച മറ്റു മൂന്നു പേരുമെന്നാണ് പോലീസ് നിഗമനം. വെടിയേറ്റെങ്കിലും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് സംഭവസ്ഥലത്തു നിന്ന് കിലോമീറ്ററുകള്‍ അകലെ പരിക്കേറ്റയാളെ കണ്ടെത്തിയത്.

സംഭവത്തിന്റെ യഥാര്‍ത്ഥ കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് ആക്ടിംഗ് സൂപ്രണ്ട് ടോം ആര്‍മിറ്റ് പറഞ്ഞു.
സംഭവത്തെതുടര്‍ന്ന് പബ്ലിക് സേഫ്റ്റി പ്രിസര്‍വേഷന്‍ നിയമപ്രകാരം മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

ആവശ്യഘട്ടത്തില്‍ ആളുകളെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനാണിത്. വെടിവയ്പ്പ് നടത്തിയവര്‍ക്കായി തെരച്ചില്‍ നടത്തുന്ന സാഹഹചര്യത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

കുറ്റവാളികള്‍ക്കായി പ്രദേശമാകെ തെരച്ചില്‍ പുരോഗമിക്കുകയാണ്. ഇവര്‍ക്കു വെടിയേല്‍ക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ആരാണു സംഭവത്തിനു പിന്നിലെന്നും അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

എന്തു തരം തോക്കാണ് ഉപയോഗിച്ചതെന്നോ കൊലയാളി എങ്ങനെയാണ് രക്ഷപ്പെട്ടത് എങ്ങനെയാണെന്നോ വ്യക്തമായിട്ടില്ലെന്നും പോലീസ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.