മെക്‌സികോയില്‍ ഖനിയില്‍ കുടുങ്ങി 10 തൊഴിലാളികള്‍; രക്ഷാ ശ്രമങ്ങള്‍ രണ്ടാം ദിവസവും തുടരുന്നു

മെക്‌സികോയില്‍ ഖനിയില്‍ കുടുങ്ങി 10 തൊഴിലാളികള്‍; രക്ഷാ ശ്രമങ്ങള്‍ രണ്ടാം ദിവസവും തുടരുന്നു

സബിനാസ്: വടക്കന്‍ മെക്സിക്കോയില്‍ സബിനാസ് മുനിസിപ്പാലിറ്റിയില്‍ പ്രവര്‍ത്തനത്തിലിരിക്കുന്ന കല്‍ക്കരി ഖനിയില്‍ വെള്ളം കയറി പത്ത് തൊഴിലാളികള്‍ കുടുങ്ങി. അഞ്ചു പേരെ നേരത്തെ പുറത്തെടുത്തിരുന്നു. ഖനി തുരങ്കത്തില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന പത്തുപേരാണ് ഇപ്പോള്‍ കുടുങ്ങിക്കിടക്കുന്നത്. തുരങ്കത്തിലേക്കുള്ള പ്രവേശ കവാടം വെള്ളം നിറഞ്ഞ് അടഞ്ഞു കിടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്ന് രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്ന ദേശീയ സിവില്‍ പ്രൊട്ടക്ഷന്‍ കോര്‍ഡിനേറ്റര്‍ ലോറ വെലാസ്‌ക്വസ് പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറായി ഇവരെ രക്ഷപെടുത്താനുള്ള തീവ്ര ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് തുരങ്കത്തില്‍ വെള്ളം നിറഞ്ഞത്. തുരങ്ക കവാടത്തില്‍ ജോലി ചെയ്യുകയായിരുന്ന അഞ്ചുപേരെ അപ്പോള്‍ തന്നെ രക്ഷപെടുത്താന്‍ സാധിച്ചു. മറ്റുള്ളവര്‍ ഈ സമയം തുരങ്കത്തിനുള്ളില്‍ ആയിരുന്നു. വെള്ളം പമ്പ് ചെയ്തു പുറത്തു കളയുന്നതിനുള്ള ശ്രമം ആരംഭിച്ചെങ്കിലും അത് വേണ്ടത്ര ഫലം കണ്ടില്ല. ആറ് മുങ്ങല്‍ വിദഗ്ധര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വ്യാഴാഴ്ച്ച വൈകി ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട് വരുമ്പോഴും ഇവരെ രക്ഷപെടുത്താനായിരുന്നില്ല. കൂടുതല്‍ ശക്തിയുള്ള പമ്പുകള്‍ എത്തിച്ച് വെള്ളം പമ്പ് ചെയ്തു കളയാനുള്ള ശ്രമത്തിലാണ്.



കോഹുവില, സരഗോസ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ മിഗ്വല്‍ റിക്വല്‍മെ സംഭവ സ്ഥലത്തെത്തി. സ്ഥിതിഗതികള്‍ വിലയിരുത്തി. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു. അപകടപ്പെട്ട ഖനിയെ സംബന്ധിച്ച് നേരത്തെ പരാതികള്‍ ഉണ്ടായിട്ടില്ലെന്നും നിയമപരമായ എല്ലാ നടപടിക്രമങ്ങള്‍ പാലിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്നും മെക്സിക്കന്‍ തൊഴില്‍ മന്ത്രാലയ സെക്രട്ടറി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായ ശേഷം സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പ്രസിഡന്റ് ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ പറഞ്ഞു.



സബീനാസില്‍ മുന്‍പും ഖനന ദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2006ല്‍ പ്രാദേശിക ഖനിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 65 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2011 ല്‍ സബിനാസിലെ മറ്റൊരു ഖനിയില്‍ സ്‌ഫോടനത്തെ തുടര്‍ന്ന് 14 തൊഴിലാളികള്‍ മരിച്ചു. ഒരു ഡസലിനേറെ കല്‍ക്കരി ഖനികളാണ് മെക്‌സികോയുടെ വടക്കന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.