തൂപ്പുകാരിയില്‍ നിന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അസി. ജനറല്‍ മാനേജര്‍ കസേരയിലേയ്ക്ക്...

തൂപ്പുകാരിയില്‍ നിന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അസി. ജനറല്‍ മാനേജര്‍ കസേരയിലേയ്ക്ക്...

പ്രതീക്ഷ ടൊണ്ടല്‍വാക്കര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈ ശാഖയിലെ അസിസ്റ്റന്റ് ജനറല്‍ മാനേജറാണ്. എന്നാല്‍ 37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആ ബാങ്കില്‍ അവള്‍ ജോലിയ്ക്ക് ചേര്‍ന്നത് ഒരു തൂപ്പുകാരിയായിട്ടാണ്. അവിശ്വസനീയമെങ്കിലും അവള്‍ക്ക് തന്റെ സ്വപ്‌നത്തില്‍ ഉറച്ച വിശ്വാസമുണ്ടായിരുന്നു. അത് നേടിയെടുക്കണമെന്നുള്ള വാശിയും. അതുകൊണ്ടാണ് പത്താം ക്ലാസ് പോലും പാസ്സാവാത്ത, ചെറുപ്പത്തില്‍ തന്നെ വിധവയായ, ജീവിതത്തില്‍ ഏറെ വെല്ലുവിളികള്‍ നേരിട്ട പ്രതീക്ഷ ജീവിതത്തില്‍ നിരാശരായവര്‍ക്ക് പ്രതീക്ഷയും മാതൃകയുമായത്.

1964ല്‍ പൂനെയില്‍ ഒരു പിന്നോക്ക കുടുംബത്തിലായിരുന്നു പ്രതീക്ഷയുടെ ജനനം. പതിനാറാമത്തെ വയസില്‍ വിവാഹം. എസ്ബിഐയില്‍ ബുക്ക് ബൈന്‍ഡറായി ജോലി ചെയ്തിരുന്ന സദാശിവ് കാടുവായിരുന്നു ഭര്‍ത്താവ്. ചെറുപ്പത്തില്‍ തന്നെ വിവാഹം കഴിഞ്ഞതിനാല്‍ പത്താംക്ലാസ് പോലും പൂര്‍ത്തിയാക്കാനായില്ല. വിവാഹ ശേഷം താമസിയാതെ മകന്‍ വിനായക് ജനിച്ചു. കുട്ടിയെ സ്വന്തം മാതാപിതാക്കളെ കാണിക്കാന്‍ അവളും ഭര്‍ത്താവും അവളുടെ വീട്ടിലേയ്ക്ക് പോയി. എന്നാല്‍ മടങ്ങും വഴി അപകടത്തില്‍ പെട്ട് ഭര്‍ത്താവ് മരണപ്പെട്ടു. അങ്ങനെ വെറും 20 ാമത്തെ വയസില്‍ ഭര്‍ത്താവ് മരിച്ചു. പ്രതീക്ഷ വിധവയായി.

ആ സമയത്ത് അവള്‍ ഭര്‍ത്താവിന് ബാക്കി കിട്ടാനുള്ള ശമ്പളത്തുക വാങ്ങാനായി ബാങ്ക് വരെ പോയി. തനിക്കൊരു ജോലി വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ പഠിപ്പില്ലാത്ത തനിക്ക് എന്ത് ജോലി കിട്ടാനാണെന്ന് വിചാരിച്ചെങ്കിലും തന്റെ അവസ്ഥ അവരോട് പറഞ്ഞു. എങ്ങനെയെങ്കിലും ഒരു ജോലി വേണമെന്ന് അപേക്ഷിച്ചുവെന്ന് പ്രതീക്ഷ പറയുന്നു. അങ്ങനെയാണ് ബാങ്കില്‍ തൂപ്പുകാരിയായി പാര്‍ട്ട് ടൈം ജോലി ലഭിക്കുന്നത്.

അവള്‍ രാവിലെ ബാങ്കില്‍ എത്തും. ബാങ്കിന്റെ പരിസരം തൂത്തുവാരുക, ശുചിമുറികള്‍ വൃത്തിയാക്കുക, ഫര്‍ണിച്ചറുകള്‍ പൊടി തട്ടുക അങ്ങനെ എല്ലാം ജോലികളും മുടക്കം കൂടാതെ ചെയ്യും. മാസം 60-65 രൂപയായിരുന്നു ശമ്പളം. ബാക്കിയുള്ള സമയം മറ്റ് ചെറിയ ജോലികള്‍ക്കും പോയിരുന്നു. മുംബൈ പോലുള്ള നഗരത്തില്‍ ജീവിക്കാനും മകനെ നോക്കാനും അവള്‍ക്ക് നല്ലപോലെ അധ്വാനിക്കേണ്ടി വന്നു.

എന്നാല്‍ ബാങ്കില്‍ ജോലി ചെയ്യുന്ന മറ്റുള്ളവരെ കണ്ടപ്പോള്‍ അവള്‍ക്കും അവരില്‍ ഒരാളാകാന്‍ ആഗ്രഹം തോന്നി. ഒരിക്കലും നടക്കാന്‍ സാധ്യതയില്ലെങ്കിലും ഒന്ന് ശ്രമിച്ചുനോക്കാന്‍ തന്നെ അവള്‍ തീരുമാനിച്ചു. അതിന് ആദ്യം പത്താം ക്ലാസ് പാസാകണമായിരുന്നു. എങ്ങനെ പരീക്ഷ പാസാകാമെന്ന് അവിടെയുള്ള മറ്റ് ബാങ്ക് ഉദ്യോഗസ്ഥരോട് അവള്‍ തിരക്കി. അവളുടെ ആത്മവിശ്വാസം കണ്ട് കൂടെയുള്ളവര്‍ അത്ഭുതപ്പെട്ടു. അവര്‍ അവളെ പരീക്ഷാ ഫോമുകള്‍ പൂരിപ്പിക്കാന്‍ സഹായിക്കുകയും പഠിക്കാന്‍ ഒരു മാസത്തെ അവധി അനുവദിക്കുകയും ചെയ്തു.

പുസ്തകങ്ങളും മറ്റും വാങ്ങുക എന്നതായിരുന്നു അവളുടെ ഏറ്റവും വലിയ കടമ്പ. അതിനുള്ള പണം അവളുടെ പക്കല്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ അവളുടെ ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അവളെ സഹായിച്ചു. ഒടുവില്‍ പത്താം ക്ലാസ് പരീക്ഷ 60 ശതമാനം മാര്‍ക്കോടെ പാസായി. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. സഹപ്രവര്‍ത്തകരുടെ സഹായത്തോടെ പഠിച്ച് 12ാം ക്ലാസ് പാസായി.

1993ല്‍ പ്രതീക്ഷ വീണ്ടും വിവാഹിതയായി. ബാങ്കില്‍ തന്നെയുള്ള പ്രമോദ് ടൊണ്ടല്‍വാക്കറായിരുന്നു വരന്‍. തുടര്‍ന്ന് അവള്‍ മുംബൈയിലെ ഒരു നൈറ്റ് കോളേജില്‍ ചേര്‍ന്നു. 1995ല്‍ മനശാസ്ത്രത്തില്‍ ബിരുദം നേടി. ബാങ്കില്‍ ആദ്യം ക്ലാര്‍ക്കായിട്ടായിരുന്നു ആദ്യ പോസ്റ്റ്. പിന്നീട് ട്രെയിനി ഓഫീസറാക്കി. പിന്നെ പടിപടിയായി ഉയര്‍ന്ന് ഇപ്പോള്‍ അസിസ്റ്റന്റ് ജനറല്‍ മാനേജറുമായി.

ഇനി വിരമിക്കാന്‍ രണ്ട് വര്‍ഷം ബാക്കി. അത് കഴിഞ്ഞാല്‍ പ്രകൃതി ചികിത്സയില്‍ ഒരു കരിയര്‍ തുടരാനാണ് പ്രതീക്ഷ ആഗ്രഹിക്കുന്നത്. അതിനായി 2021ല്‍ ഒരു കോഴ്സും പൂര്‍ത്തിയാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.