തായ്‌പേയ്: യുഎസ് പ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തിനുള്ള മറുപടിയായി ചൈന ആരംഭിച്ച വ്യോമ, നാവിക സൈനിക പരിശീലനത്തെ തുടര്‍ന്ന് തായ്‌വാനിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസപ്പെട്ടു. തെക്ക്-വടക്ക്-കിഴക്ക് മേഖലയില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദ് ചെയ്തു. സൈനികാഭ്യാസം ഞായറാഴ്ച്ച വരെ തുടരുമെന്നതിനാല്‍ അതിനു ശേഷമെ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയുള്ളെന്ന് വിമാനക്കമ്പി വക്താക്കള്‍ വ്യക്തമാക്കി.
ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക പരിശീലനം എന്ന് വിശേഷിപ്പിച്ചാണ് ചൈനയുടെ സൈനികാഭ്യാസം. വ്യാഴാഴ്ച്ച തായ്‌വാന് സമീപം നിരവധി വിമാനങ്ങള്‍ വിന്യസിക്കുകയും ലൈവ് മിസൈലുകള്‍ പ്രയോഗിക്കുകയും ചെയ്തു. തായ്‌വാന് വെറും 16 കിലോമീറ്റര്‍ അകലെ ആറു കേന്ദ്രങ്ങളില്‍ യുദ്ധവിമാനങ്ങളും മുങ്ങിക്കപ്പലുകളും അടക്കം വന്‍ സന്നാഹങ്ങള്‍ ആണ് പങ്കെടുക്കുന്നത്. അഭ്യാസ പ്രകടനം ഞായറാഴ്ച്ച ഉച്ചവരെ തുടരും. സൈനികാഭ്യാസത്തെ അമേരിക്കയും ജി-7 രാജ്യങ്ങളും ശക്തമായ ഭാഷയില്‍ അപലപിച്ചു.
ഇന്നും നാളെയും സിയോളിനും തായ്പേയ്ക്കും ഇടയിലുള്ള വിമാനങ്ങള്‍ റദ്ദാക്കിയതായി കൊറിയന്‍ എയര്‍ലൈന്‍സ് അറിയിച്ചു. അഭ്യാസങ്ങള്‍ കാരണം ഞായറാഴ്ചയും വിമാനങ്ങള്‍ വൈകിയേക്കും. സിംഗപ്പൂരിനും തായ്പേയ്ക്കും ഇടയിലുള്ള വെള്ളിയാഴ്ചത്തെ വിമാന സര്‍വീസുകളൊക്കെ റദ്ദാക്കിയതായി സിങ്കപ്പൂര്‍ എയര്‍ലൈന്‍സും അറിയിച്ചു. തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം അതാത് ദിവസങ്ങളില്‍ കൈക്കൊള്ളുമെന്നും വിമാനക്കമ്പനി വക്താക്കള്‍ വ്യക്തമാക്കി.
ജപ്പാനിലെ എഎന്‍എ ഹോള്‍ഡിംഗ്സും ജപ്പാന്‍ എയര്‍ലൈന്‍സും തായ്പേയിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് മുടക്കമില്ലെന്ന് വ്യക്തമാക്കി. എന്നാല്‍ ഹോങ്കോങ്ങിലേക്കും തെക്ക്-കിഴക്കന്‍ ഏഷ്യയിലേക്കും ഉള്ള സര്‍വീസുകള്‍ സൈനികാഭ്യാസം കാരണം മറ്റ് വഴിയിലൂടെ തിരിച്ച് വിടുകയാണെന്നും കമ്പനി വക്താക്കള്‍ പറഞ്ഞു. തായ്‌വാന്‍-ഹോങ്കോങ് പാതയിലെ വിമാനങ്ങളും വഴിതിരിച്ചാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. ഇതുമൂലം കൂടുതല്‍ സമയം പറക്കലിന് വേണ്ടി വരുന്നതായി കാത്തേ പസഫിക് എയര്‍വേയ്സ് വ്യക്തമാക്കി.
ചൈനയുടെ വ്യോമാതിര്‍ത്തി അടച്ചുള്ള സൈനികാഭ്യാസം തുടരുന്നതിനാല്‍ ബദല്‍ വ്യോമയാന മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ അയല്‍രാജ്യങ്ങളായ ജപ്പാനുമായും ഫിലിപ്പീന്‍സുമായും തായ്‌വാന്‍ ചര്‍ച്ച ആരംഭിച്ചു. തായ്‌വാനില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. പുതിയ വ്യോമയാന മാര്‍ഗം കണ്ടെത്തിയാല്‍ തന്നെ കൂടുതല്‍ സമയം പറക്കലിന് വേണ്ടി വരുന്നത് വിമാനക്കമ്പനികള്‍ക്ക് ചെലവ് വര്‍ധിപ്പിക്കുന്നതാണ്. ചൈന നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് തായ്‌വാന്‍ കുറ്റപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.