സ്വകാര്യ നഴ്‌സിംഗ് കോളജുകളില്‍ അഫിലിയേഷന്‍ ലഭിച്ചത് 80 എണ്ണത്തിനു മാത്രം; സീറ്റൂകള്‍ വെട്ടിക്കുറച്ചതോടെ വിദ്യാര്‍ഥികള്‍ ആശങ്കയില്‍

സ്വകാര്യ നഴ്‌സിംഗ് കോളജുകളില്‍ അഫിലിയേഷന്‍ ലഭിച്ചത് 80 എണ്ണത്തിനു മാത്രം; സീറ്റൂകള്‍ വെട്ടിക്കുറച്ചതോടെ വിദ്യാര്‍ഥികള്‍ ആശങ്കയില്‍

തിരുവനന്തപുരം: കേരളത്തില്‍ നഴ്‌സിംഗ് പഠനത്തിന് കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായി കോളജുകളുടെ അഫിലിയേഷനിലെ മെല്ലപ്പോക്ക്. നഴ്‌സിംഗ് കോളജുകള്‍ക്ക് അഫിലിയേഷന്‍ നല്‍കുന്ന കാര്യത്തില്‍ മെല്ലെപ്പോക്കാണെന്ന ആക്ഷേപം ശക്തമാണ്. 125 സ്വകാര്യ നഴ്‌സിംഗ് കോളജുകളില്‍ ഇത്തവണ അഫിലിയേഷന്‍ നല്‍കിയത് വെറും 80 കോളജുകള്‍ക്ക് മാത്രമാണ്.

ആരോഗ്യസര്‍വകലാശാലയും നഴ്സിങ് കൗണ്‍സിലുമാണ് നഴ്‌സിംഗ് കോളജുകള്‍ക്ക് അംഗീകാരം നല്‍കേണ്ടത്. ഇതാണ് കാലതാമസം നേരിടുന്നത്. അനുമതി ലഭിച്ചവയില്‍ പലതിന്റെയും സീറ്റും കുറച്ചു. ഇതോടെ അഡ്മിഷന്‍ എടുക്കാന്‍ കാത്തിരിക്കുന്ന പലര്‍ക്കും സീറ്റ് കിട്ടിയേക്കില്ല. കേരളത്തില്‍ പഠിക്കാന്‍ വേണ്ടി അന്യസംസ്ഥാനങ്ങളെ ഒഴിവാക്കിയ പലര്‍ക്കും തിരിച്ചടിയാകുന്നതാണ് പുതിയ സംഭവവികാസങ്ങള്‍.

എല്ലാ വര്‍ഷവും പ്രവേശന നടപടികള്‍ തുടങ്ങുംമുമ്പ് ആരോഗ്യ സര്‍വകലാശാലാ ജനറല്‍കൗണ്‍സില്‍ നിയോഗിക്കുന്ന സൂക്ഷ്മപരിശോധനാ സമിതിയും നഴ്സിങ് കൗണ്‍സിലും കോളേജുകളിലെ സൗകര്യങ്ങള്‍ പരിശോധിക്കാറുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനാനുമതി നല്‍കുന്നത്. ന്യൂനത കണ്ടാല്‍ അതു പരിഹരിച്ച് അപേക്ഷ നല്‍കുന്ന മുറയ്ക്കാണ് അനുമതി ലഭിക്കുക.

സ്വാശ്രയ കോളേജുകളിലെ പകുതിസീറ്റുകള്‍ സര്‍ക്കാരിന് വിട്ടുനല്‍കിയിട്ടുണ്ട്. എല്‍.ബി.എസ്. ആണ് ആ സീറ്റുകളിലേക്ക് പ്രവേശനം നടത്തുക. അവശേഷിക്കുന്ന 50 ശതമാനം മാനേജ്മെന്റ് സീറ്റുകളിലേക്ക് മാനേജ്മെന്റ് അസോസിയേഷനുകളും.

മാനേജ്മെന്റ് അസോസിയേഷനുകള്‍ ഈ സീറ്റുകളിലേക്ക് അപേക്ഷ സ്വീകരിച്ചുകഴിഞ്ഞു. പ്രവേശനാനുമതി ലഭിച്ചാല്‍മാത്രമേ ഓരോ കോളേജിനും മാനേജ്‌മെന്റ് സീറ്റ് ഉള്‍പ്പെടെ എത്ര സീറ്റുണ്ടെന്ന് വ്യക്തമാവൂ. വിദ്യാര്‍ഥികളുടെ ആശങ്ക പരിഹരിക്കാന്‍ മുഖ്യമന്ത്രി തന്നെ ഇടപെടണമെന്ന് രക്ഷിതാക്കളും വിദ്യാര്‍ഥികളും ആവശ്യപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.