ഇന്ന് യേശുവിന്റെ രൂപാന്തരീകരണ തിരുനാള്‍

ഇന്ന് യേശുവിന്റെ രൂപാന്തരീകരണ തിരുനാള്‍

അനുദിന വിശുദ്ധര്‍ - ഓഗസ്റ്റ് 06

താബോര്‍ മലയില്‍ വച്ച് ശിഷ്യന്മാരായ പത്രോസിനെയും യോഹന്നാനെയും യാക്കോബിനെയും സാക്ഷികളാക്കി യേശു രൂപാന്തരപ്പെട്ടതിന്റെ ഓര്‍മ്മയാചരണമാണ് രൂപാന്തരീകരണ തിരുനാള്‍. ശ്ലീഹന്‍മാരായ മത്തായിയും ലൂക്കായും മര്‍ക്കോസും ഈ സംഭവത്തെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്.

മോശയും ഏലിയായും താബോര്‍ മലമുകളില്‍ പ്രത്യക്ഷപ്പെട്ട യേശുവിനോട് സംസാരിക്കുന്നതായി ശിഷ്യന്മാര്‍ കണ്ടു. യേശുവിന്റെ പീഡാനുഭവത്തെ കുറിച്ചാണ് അവര്‍ സംസാരിച്ചതെന്നാണ് പറയപ്പെടുന്നത്. യേശു മലമുകളില്‍ വച്ച് സ്വര്‍ഗീയ ശോഭയാല്‍ തിളങ്ങുന്നു. അതു കണ്ട ശിഷ്യന്മാര്‍ ഭയപ്പെടുകയും വിസ്മയ ഭരിതരാവുകയും ചെയ്തു.

പതിനൊന്നാം നൂറ്റാണ്ടിലാണ് ഈ തിരുനാള്‍ പാശ്ചാത്യലോകത്ത് പ്രചാരത്തിലാകുന്നത്. ബെല്‍ഗ്രേഡില്‍ വെച്ച് ഇസ്ലാമിനെതിരായി നേടിയ യുദ്ധ വിജയത്തിന്റെ ഓര്‍മ്മപുതുക്കലെന്ന നിലയില്‍ 1457 ല്‍ റോമന്‍ ദിനസൂചികയില്‍ ഈ തിരുനാള്‍ ചേര്‍ക്കപ്പെട്ടു. ഇതിനു മുന്‍പ് സിറിയന്‍, ബൈസന്റൈന്‍, കോപ്റ്റിക്ക് എന്നീ ആരാധനാ ക്രമങ്ങളില്‍ മാത്രമായിരുന്നു കര്‍ത്താവിന്റെ രൂപാന്തരീകരണ തിരുനാള്‍ ആഘോഷിക്കപ്പെട്ടിരുന്നത്.

കര്‍ത്താവിന്റെ രൂപാന്തരീകരണം, ദൈവമെന്ന നിലയിലുള്ള യേശുവിന്റെ മഹത്വത്തേയും അവന്റെ സ്വര്‍ഗത്തിലേക്കുള്ള ഉയര്‍ത്തപ്പെടലിനെയുമാണ് വെളിപ്പെടുത്തുന്നത്. ദൈവത്തിന്റെ തിരുമുഖം നമുക്ക് ദര്‍ശിക്കുവാന്‍ കഴിയുന്ന സ്വര്‍ഗത്തിന്റെ മഹത്വത്തെ ഈ തിരുനാള്‍ എടുത്ത് കാണിക്കുന്നു.

തന്റെ സഹനങ്ങളേയും മരണത്തേയും കുറിച്ച് പ്രവചിച്ചപ്പോള്‍ അസ്വസ്ഥരായ ശിഷ്യന്‍മാരെ ധൈര്യപ്പെടുത്തുക എന്നതായിരുന്നു അവിടുത്തെ രൂപാന്തരീകരണത്തിന്റെ ലക്ഷ്യം. യേശുവിന്റെ രക്ഷാകര ദൗത്യത്തിനു കുരിശ്, മഹത്വം എന്നീ രണ്ട് വശങ്ങള്‍ ഉണ്ടെന്ന വസ്തുത അപ്പസ്‌തോലന്‍മാര്‍ മനസിലാക്കുകയായിരുന്നു.

യേശുവിനോടൊപ്പം സഹനങ്ങള്‍ അനുഭവിച്ചാല്‍ മാത്രമേ നമുക്കെല്ലാവര്‍ക്കും അവനോടൊപ്പം മഹത്വത്തിലേക്ക് പ്രവേശിക്കുവാന്‍ കഴിയുകയുള്ളൂയെന്ന് അവിടുത്തെ രൂപാന്തരീകരണ തിരുനാള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഹോര്‍മിസ്ദാസ് പാപ്പാ

2. കൊളോണിലെ ജസെലിന്‍

3. സിക്സ്റ്റസ് ദ്വിതീയന്‍ പാപ്പാ, അഗാപിറ്റസ്, ഫെലിച്ചീസിമൂസ്, ജാനുവാരിയൂസ്, മഞ്ഞൂസ്, വിന്‍സെന്റ്, സ്റ്റീഫന്‍.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26