ബെയ്ജിങ്: വിവാദമായ തായ്‌വാന്‍ സന്ദര്‍ശനത്തിന് പിന്നാലെ യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിക്ക് ഉപരോധം ഏര്‍പ്പെടുത്തി ചൈന. നാന്‍സിക്കും കുടുംബാംഗങ്ങള്‍ക്കുമാണ് ഉപരോധം ഉള്ളത്. ചൈനയില്‍ പ്രവേശിക്കുന്നതുള്‍പ്പടെ വിലക്കിയുള്ളതാണ് ഉപരോധമെന്നാണ് സൂചന. അതേസമയം കാലാവസ്ഥാ വ്യതിയാനം, സൈനിക ചര്‍ച്ചകള്‍, അന്താരാഷ്ട്ര കുറ്റകൃത്യങ്ങളെ ചെറുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി നിരവധി സുപ്രധാന മേഖലകളില്‍ അമേരിക്കയുമായുള്ള സഹകരണം നിര്‍ത്താനും ചൈന തീരുമാനമെടുത്തു.
വെള്ളിയാഴ്ച ചൈനയുടെ വിദേശകാര്യ മന്ത്രാലയമാണ് നടപടികള്‍ പ്രഖ്യാപിച്ചത്. യുഎസും ചൈനയും പ്രതിരോധ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള സംഭാഷണം റദ്ദാക്കുമെന്നും അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിനുള്ള സഹകരണം, കാലാവസ്ഥാ വ്യതിയാനം, അന്താരാഷ്ട്ര കുറ്റകൃത്യങ്ങള്‍ അന്വേഷിക്കല്‍ എന്നിവ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്നും അതില്‍ പറയുന്നു.
സമീപ വര്‍ഷങ്ങളില്‍ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് രണ്ട് പ്രധാന ശക്തികളും സൗഹാര്‍ദ്ദപരമായ നയതന്ത്ര ബന്ധം നിലനിര്‍ത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഗ്ലാസ്ഗോയില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ യുഎസുമായി 'അടിയന്തിരമായി' പ്രവര്‍ത്തിക്കുമെന്ന് ചൈന പ്രതിജ്ഞയെടുത്തിരുന്നു.
നാന്‍സി പെലോസി തായ്‌വാനില്‍ നിന്ന് മടങ്ങിയതിന് പിന്നാലെ തായ്‌വാന്‍ മെന്‍ലാന്‍ഡ് ഉള്‍പ്പടെ ചൈനയുടെ അധീനതയിലുള്ള ദ്വീപ് സമൂഹങ്ങളില്‍ മൂന്ന് ദിവസത്തെ സൈനികാഭ്യാസം ആരംഭിച്ചു. ചൈന ഇതുവരെ നടത്തിയിട്ടുള്ളതില്‍ എറ്റവും വലിയ സൈനികാഭ്യാസം അമേരിക്കയ്ക്കുള്ള മറുപടി കൂടിയായിരുന്നു. മാത്രമല്ല ബെയ്ജിങിലുള്ള അമേരിക്കന്‍ അംബാസിഡറെ വിളിച്ചുവരുത്തി ചൈന പ്രതിഷേധം അറിയിക്കുകയും ചെയ്തു.
ചൈനയുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് അവഗണിച്ച് 25 വര്‍ഷത്തിനു ശേഷം രാജ്യത്തെത്തിയ അമേരിക്കന്‍ ഉന്നതതല സംഘത്തിന് തായ്‌വാന്‍ ഹൃദ്യമായ സ്വീകരണമാണ് നല്‍കിയത്. പ്രസിഡന്റ് സായ് ഇങ് വെനുമായുള്ള കൂടിക്കാഴ്ചയില്‍ തായ്‌വാനിലെ ജനാധിപത്യത്തിന് അമേരിക്കയുടെ പിന്തുണ അറിയിക്കാനാണ് താന്‍ എത്തിയതെന്ന് പെലോസി വ്യക്തമാക്കി. ലോകത്തെ ഏറ്റവും സ്വതന്ത്രമായ സമൂഹമാണ് തായ്‌വാനിലേതെന്ന് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവെ അവര്‍ വിശേഷിപ്പിച്ചു. തായ്‌വാനിലെയും മറ്റു രാജ്യങ്ങളിലെയും ജനാധിപത്യം സംരക്ഷിക്കണമെന്നത് അമേരിക്കയുടെ ഉറച്ച നിലപാടാണെന്നും വ്യക്തമാക്കി.
ടിയനന്‍മെന്‍ സ്‌ക്വയര്‍ സംഭവത്തിന്റെ പേരില്‍ തടവിലാക്കപ്പെട്ട ലാങ് വിങ് കീയെയും അടുത്തിടെ ചൈന മോചിപ്പിച്ച തായ്‌വാനിലെ ആക്ടിവിസ്റ്റിനെയും നാന്‍സി പെലോസി സന്ദര്‍ശിച്ചതും ചൈനയെ ചൊടിപ്പിച്ചു. രാജ്യത്തിന്റെ ഭാഗമായ തായ്‌വാനില്‍ അമേരിക്കന്‍ ഉന്നതതല സംഘം നടത്തിയ സന്ദര്‍ശനത്തെ പരമാധികാരത്തോടുള്ള വെല്ലുവിളിയായാണ് ചൈന കാണുന്നത്.
ചൈനയിലെ സമൂഹമാധ്യമങ്ങള്‍ നാന്‍സി പെലോസിയെ അതിനിശിതമായി വിമര്‍ശിച്ചു. സന്ദര്‍ശനം മേഖലയിലെ സമാധാനം തകര്‍ക്കുമെന്ന് ചൈനീസ് വിദേശമന്ത്രാലയം പറഞ്ഞു. തായ്‌വാനുമായി അമേരിക്കയ്ക്ക് നയതന്ത്രബന്ധമില്ലെന്നും പെലോസിയുടേത് സ്വന്തം നിലയിലുള്ള സന്ദര്‍ശനമാണെന്നും അമേരിക്ക ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അതൊന്നും വിശ്വാസത്തിലെടുക്കാന്‍ ചൈന തയാറല്ല.
പെലോസിയുടെ സന്ദര്‍ശനത്തെ തുടര്‍ന്നുണ്ടായ ചൈനയുടെ രോഷത്തിന്റെ ഗൗരവം കുറച്ചുകാണരുതെന്നാണ് റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പ്രതികരിച്ചത് ലോക സൈനിക ശക്തികള്‍ക്കിടയിലെ ധ്രുവീകരണത്തിന്റെ സൂചനയാണ്. ചൈനയെ കുത്തിനോവിക്കാന്‍ വേണ്ടിയുള്ളതായിരുന്നു സന്ദര്‍ശനമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. സന്ദര്‍ശനത്തിനു ശേഷം പെലോസിയും അഞ്ചംഗ കോണ്‍ഗ്രസ് സംഘവും ദക്ഷിണ കൊറിയയിലേക്കു പോയി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.