സര്‍ക്കാര്‍ അനാസ്ഥ: പ്രളയ ദുരിതാശ്വാസ തുകയില്‍ ഇനിയും ചെലവിടാതെ 772 കോടി രൂപ

സര്‍ക്കാര്‍ അനാസ്ഥ: പ്രളയ ദുരിതാശ്വാസ തുകയില്‍ ഇനിയും ചെലവിടാതെ  772 കോടി രൂപ

തിരുവനന്തപുരം: 2018 ലെ പ്രളയത്തില്‍ അടക്കം ജനങ്ങളില്‍ നിന്ന് സംഭാവനയായി സ്വീകരിച്ച പണം ചെലവിടാതെ സര്‍ക്കാര്‍. പ്രളയത്തില്‍ വലിയ നാശനഷ്ടം വന്നിട്ടും ഒരൊറ്റ രൂപ പോലും കിട്ടാത്തവര്‍ അനവധി പേരുണ്ടെന്നിരിക്കെയാണ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത. സാലറി ചലഞ്ചിലൂടെയും മറ്റും സമാഹരിച്ച 4912.45 കോടിയില്‍ ഇനിയും ചെലവിടാത്തത് 772.38 കോടി രൂപയാണ്.

കെയര്‍ഹോം പദ്ധതിക്കായി സഹകരണവകുപ്പില്‍ നിന്ന് ലഭിച്ച 52.69 കോടി മാത്രമാണ് മുഴുവന്‍ ചെലവഴിച്ചത്. റീബില്‍ഡ് കേരളയ്ക്കുള്‍പ്പെടെയാണ് ദുരിതാശ്വാസ നിധിയിലേക്ക് 2018 ജൂലായ് 27 മുതല്‍ 2020 മാര്‍ച്ച് മൂന്നുവരെ ധനസഹായം സ്വീകരിച്ചത്.

ദുരന്ത സഹായമടക്കം നല്‍കാനുണ്ടെന്ന ഒട്ടേറെ പരാതികള്‍ നിലനില്‍ക്കുമ്പോഴാണ് ഇത്രയും തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ കിടക്കുന്നത്. 2018, 2019 പ്രളയകാലത്ത് 31,000 കോടിയുടെ നാശനഷ്ടം ഉണ്ടായെന്നാണ് സര്‍ക്കാര്‍ കണക്ക്.

റീബില്‍ഡ് കേരളയ്ക്കായി ലോക ബാങ്കില്‍ നിന്നടക്കം ധനസഹാവും തേടിയിരുന്നു. വാഗ്ദാനം ചെയ്ത 5000 കോടിയില്‍ ലോകബാങ്ക് ആദ്യഗഡുവായ 1780 കോടി നല്‍കി. എന്നാല്‍ ഇത് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ വകമാറ്റിയെന്ന പ്രതിപക്ഷ ആരോപണം നിയമസഭയെ ചൂടുപിടിപ്പിച്ചിരുന്നു.

ഏറ്റെടുത്ത പദ്ധതികളുടെ പ്രോജക്ട് പൂര്‍ത്തീകരണ റിപ്പോര്‍ട്ട് കൈമാറുന്ന മുറയ്ക്ക് രണ്ടാം ഗഡു നല്‍കാമെന്ന് ലോകബാങ്ക് അറിയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പോലും തയാറായതുമില്ല. ഈ തുക ഇനി ലഭിക്കാനും സാധ്യതയില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.