ഗാസയില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം; മുതിര്‍ന്ന തീവ്രവാദി നേതാവ് ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു

ഗാസയില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം; മുതിര്‍ന്ന തീവ്രവാദി നേതാവ് ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു

ഗാസ: ഗാസ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ പാലസ്തീന്‍ തീവ്രവാദി ഗ്രൂപ്പിന്റെ ഉന്നത കമാന്‍ഡര്‍ ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു. 55 പേര്‍ക്ക് പരിക്കേറ്റു. പാലസ്തീന്‍ ഇസ്ലാമിക് ജിഹാദ് (പിഐജെ) ന്റെ പ്രകോപനപരമായ ആക്രമണത്തിന് പിന്നാലെയാണ് ഓപ്പറേഷന്‍ നടന്നതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി യാര്‍ ലാപിഡ് പറഞ്ഞു.

വെസ്റ്റ് ബാങ്കിലെ പാലസ്തീന്‍ ഇസ്ലാമിക് ജിഹാദിന്റെ തലവനെന്ന് വിശേഷിപ്പിക്കുന്ന ബസ്സെം സാദിയെ തിങ്കളാഴ്ച രാത്രി അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രകോപിതരായ ജിഹാദി സംഘം ഇസ്രായേലിലേക്ക് 100 ലധികം റോക്കറ്റുകള്‍ തൊടുത്തുവിട്ടു. മിക്കവയും ഇസ്രായേലിന്റെ അയണ്‍ ഡോം മിസൈല്‍ പ്രതിരോധ കവചം തടഞ്ഞു. ആക്രമണം അവസാനിക്കുന്നില്ലെന്ന് കണ്ടതോടെ വെള്ളിയാഴ്ച വൈകിട്ട് തീവ്രവാദികളുടെ താവളങ്ങള്‍ ലക്ഷ്യമിട്ട് പ്രത്യാക്രമണം ആരംഭിച്ചെന്ന് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) അറിയിച്ചു.

ഗാസ സിറ്റിയിലെ ബഹുനില പാലസ്തീന്‍ ടവര്‍ ഉള്‍പ്പെടെ പിഐജെ ബന്ധിപ്പിച്ചിട്ടുള്ള മേഖലകളില്‍ ഐഡിഎഫ് പ്രത്യോക്രമണം നടത്തി. പത്ത് പേരുടെ വിവരങ്ങള്‍ മാത്രമേ പുറത്തുവന്നിട്ടുള്ളു എങ്കിലും ഏകദേശം 15 തീവ്രവാദികള്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് ഇസ്രായേല്‍ സൈനിക വക്താവ് പറഞ്ഞു. അതേസമയം ഇസ്രയേലിന് കനത്ത തിരിച്ചടി നല്‍കുമെന്ന് പിഐജെ സെക്രട്ടറി ജനറല്‍ സിയാദ് അല്‍ നഖല ഇറാന്‍ സന്ദര്‍ശനത്തിനിടെ പറഞ്ഞു.

ആക്രമണത്തെ തുടര്‍ന്ന് ഇസ്രയേല്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. പാലസ്തീനിലേക്കുള്ള റോഡുകള്‍ അടച്ചു. ഏതു തരത്തിലുള്ള തീവ്രവാദ ഭീഷണികളെയും ഇല്ലായ്മചെയ്യാനുള്ള സൈനിക ശക്തി തങ്ങള്‍ക്കുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി യാര്‍ ലാപിഡ് ഇന്നലെയും ആവര്‍ത്തിച്ചു.

ഇറാന്റെ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പാണ് പാലസ്തീന്‍ ഇസ്ലാമിക് ജിഹാദ്. സിറിയയിലെ ഡമാസ്‌കസിലാണ് ഇതിന്റെ ആസ്ഥാനം. ഗാസയിലെ ഏറ്റവും ശക്തമായ തീവ്രവാദ ഗ്രൂപ്പുകളിലൊന്നാണിത്. ഇസ്രയേലിനെതിരായ റോക്കറ്റ് ആക്രമണവും വെടിവെപ്പും ഉള്‍പ്പെടെ നിരവധി ആക്രമണങ്ങളില്‍ പിഐജെക്ക് പങ്കുണ്ട്.

2019 ല്‍ പിഐജെ കമാന്‍ഡറെ കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് ഇസ്രായേലുമായുള്ള പിഐജെയുടെ ശത്രുത ആരംഭിക്കുന്നത്. ആ വര്‍ഷം നവംബറില്‍ ഇസ്രായേലും പിഐജെയും അഞ്ച് ദിവസത്തെ സംഘര്‍ഷം നടത്തി. അക്രമത്തില്‍ 34 പാലസ്തീനികള്‍ കൊല്ലപ്പെടുകയും 111 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ട 25 പേര്‍ ഏതെങ്കിലും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടായിരുന്നവരാണെന്ന് ഇസ്രായേല്‍ പിന്നീട് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.