തായ് വാന്റെ മിസൈല്‍ ഗവേഷണ മേധാവി ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍; സംശയ നിഴലില്‍ ചൈന

തായ് വാന്റെ മിസൈല്‍ ഗവേഷണ മേധാവി ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍; സംശയ നിഴലില്‍ ചൈന

തായ്പേയ്: തായ് വാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഗവേഷണ-വികസന വിഭാഗം ഉപമേധാവി ഔ യാങ് ലി ഹ്സിങിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അദ്ദേഹം താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തയ് വാന്റെ മിസൈല്‍ വികസന പദ്ധതിക്ക് നേതൃത്വം നല്‍കുന്നത് ലി ഹ്സിങാണ്.

മരണ കാരണം വ്യക്തമല്ല. സൈന്യത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ചുങ് ഷാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി ഉപമേധാവിയാണ് ഹ്സിങ്. തെക്കന്‍ പ്രവിശ്യയായ പിങ്ടങ്ങില്‍ ബിസിനസ് ട്രിപ്പിന് എത്തിയതായിരുന്നു അദ്ദേഹമെന്നാണ് വിവരം. തയ് വാന്റെ വിവിധ മിസൈല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഇക്കൊല്ലം ആദ്യമാണ് ഹ്സിങ് ചുമതലയേറ്റെടുത്തത്.

കഴിഞ്ഞ ദിവസം യു.എസ്. ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി തയ് വാന്‍ സന്ദര്‍ശിച്ചതിനു ശേഷം ചൈന-തയ് വാന്‍ സംഘര്‍ഷം രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തയ് വാന്‍ ഉന്നതോദ്യോഗസ്ഥന്റെ ദുരൂഹ മരണത്തില്‍ ചൈന സംശയ നിഴലിലാണ്.

തായ് വാന്റെ മിസൈല്‍ നിര്‍മാണം നിലവിലുള്ളതിന്റെ ഇരട്ടിയാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് നേതൃ സ്ഥാനത്തുള്ള ഉദ്യോഗസ്ഥന്റെ മരണം. ചൈനയില്‍ നിന്നുള്ള സൈനിക വെല്ലുവിളി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധം ശക്തമാക്കാനാണ് തയ് വാന്‍ മിസൈല്‍ സംവിധാനം പരിഷ്‌കരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.