യുഎഇ മഴ: പാസ്പോ‍ർട്ടും മറ്റ് വിലപ്പെട്ട രേഖകളും നശിച്ചു, മലയാളികള്‍ അടക്കമുളളവർ ആശങ്കയില്‍

യുഎഇ മഴ: പാസ്പോ‍ർട്ടും മറ്റ് വിലപ്പെട്ട രേഖകളും നശിച്ചു, മലയാളികള്‍ അടക്കമുളളവർ ആശങ്കയില്‍

 ഫുജൈറ: രാജ്യത്തെ കിഴക്കന്‍ എമിറേറ്റുകളില്‍ കഴിഞ്ഞ വാരമുണ്ടായ മഴക്കെടുതിയില്‍ നിന്ന് പതിയെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് ഫുജൈറയിലെയും മറ്റ് എമിറേറ്റുകളിയും മലയാളികള്‍ അടക്കമുളള പ്രവാസികള്‍. വീട്ടിലും സ്ഥാപനങ്ങളിലുമടക്കം വെളളം കയറിയതോടെ സർക്കാർ സംവിധാനങ്ങളൊരുക്കിയ താല്ക്കാലിക താമസ സ്ഥലത്തായിരുന്നു പലരും. 

മഴ മാറി മാനം തെളിഞ്ഞതോടെ തിരിച്ചെത്തിയപ്പോഴാണ് പാസ്പോർട്ടും സ്ഥാപനങ്ങളുടെ വിലപ്പെട്ട രേഖകളുമെല്ലാം നഷ്ടപ്പെട്ടുവെന്ന് തിരിച്ചറിയുന്നത്. വിവിധ തൊഴില്‍ സ്ഥാപനങ്ങളില്‍ സൂക്ഷിച്ച തൊഴിലാളികളുടെ പാസ്പോർട്ടുകളും ഉപയോഗശൂന്യമായിട്ടുണ്ട്. നഷ്ടപ്പെട്ടതും നശിച്ചതുമായ ഔദ്യോഗിക രേഖകള്‍ക്ക് പകരം സംവിധാനം അധികൃതർ ഒരുക്കുമെന്ന് പ്രതീക്ഷയിലാണ് ഇവർ. 

യുഎഇയിലേക്ക് സന്ദർശനവിസയിലെത്തിയവരുടെ പാസ്പോർട്ടുകളും നഷ്ടപ്പെടുകയോ ഉപയോഗശൂന്യമാവുകയോ ചെയ്തിട്ടുണ്ട്. ഇതോടെ തിരിച്ചുപോകുന്നതെങ്ങനെയെന്ന ആശങ്കയിലാണ് പലരും. നിശ്ചിത സമയത്ത് തിരിച്ചുപോകാതിരുന്നാല്‍ പിഴ അടയ്ക്കേണ്ടിവരും. ജോലി അന്വേഷിച്ചും മറ്റും ഇവിടെയെത്തിവർക്ക്, തിരിച്ചുപോകേണ്ടി വരുന്ന സാഹചര്യത്തില്‍ ഈ കനത്ത പിഴ നല്‍കേണ്ടി വരുമോയെന്നുളളതും ആശങ്ക കൂട്ടുന്നു.

വ്യാപാരികളില്‍ പലർക്കും വലിയ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. സർക്കാരിന്‍റെ ഭാഗത്തുനിന്നുമെത്തിയ സംഘം നഷ്ടങ്ങള്‍ വിലയിരുത്തിയിട്ടുണ്ടെന്നുളളത് പ്രതീക്ഷ നല്‍കുന്നു. നഷ്ടപ്പെട്ടുപോയ ഔദ്യോഗിക രേഖകളുടെ കാര്യത്തില്‍ ഇന്ത്യന്‍ അധികൃതരുടെ ഭാഗത്തുനിന്നും അനുകൂല നടപടിയുണ്ടാകുമെന്നുളളതാണ് ഇവരുടെ അപേക്ഷ. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ അമന്‍ പുരി ഫുജൈറ കല്‍ബ പ്രദേശങ്ങള്‍ സന്ദർശിച്ചിരുന്നു. ഇന്ത്യാക്കാരുടെ നഷ്ടം കണക്കാക്കുമെന്ന് അദ്ദേഹം പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രതീക്ഷയർപ്പിക്കുകയാണ് മലയാളികളടക്കമുളള ഇന്ത്യന്‍ പ്രവാസികള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.